അമേരിക്കൻ ക്ഷീര കർഷകരുടെ വയറ്റത്തടിച്ച് വാൾമാർട്ടിന്റെ പാൽ ഉല്പാദനം
അമേരിക്കൻ ക്ഷീര കർഷകരുടെ വയറ്റത്തടിച്ച് വാൾമാർട്ട് ന്യൂയോർക്ക് ഉൾപ്പെടെയുള്ള വിപണികളിൽ വിതരണത്തിനായി സ്വന്തമായി പാൽ ഉല്പാദനം തുടങ്ങിയത് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു.
ന്യൂയോർക്കിലേയും മറ്റിടങ്ങളിലേയും ഉപഭോഗത്തിലുണ്ടായ ഇടിവ്, ഉൽപാദനച്ചെലവിലെ വർധന, വിലക്കുറവ് എന്നിവ കാരണം വലഞ്ഞിരിക്കുന്ന കർഷകർക്ക് ഇരുട്ടടിയാകും വാൾമാർട്ടിനെപ്പോലുള്ള ഭീമന്മാരുടെ പാൽ ഉല്പാദനം എന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇത്തരം വൻകിട ബോക്സ് സ്റ്റോറുകളിൽ നിന്ന് മത്സരം നേരിടുകയാണ് ക്ഷീര കർഷകർ. വാൾമാർട്ട് തങ്ങളുടെ വിതരണ ശൃംഖലയ്ക്ക് ആധിപത്യം നേടിക്കൊടുക്കാൻ ശ്രമിച്ചു തുടങ്ങിയതോടെ എട്ട് സംസ്ഥാനങ്ങളിലെ 100 ൽ പരം കർഷകരുമായുള്ള കരാർ ടെക്സാസ് ആസ്ഥാനമായ ഡീൻ ഫുഡ്സ് ഒറ്റയറിക്ക് റദ്ദാക്കി. ഇന്ത്യാനാ, ഒഹായോ, പെൻസിൽവാനിയ, ന്യൂയോർക്ക്, കെന്റക്കി, ടെന്നസി, നോർത്ത് കരോലിന, സൗത്ത് കരോലിന എന്നിവിടങ്ങളിലെ കർഷകർക്ക് കഴിഞ്ഞ മാസമാണ് റദ്ദാക്കൽ നോട്ടീസ് ലഭിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കരാറുകൾ മേയ് 31 ന് അവസാനിക്കും.
ഏറ്റവുമധികം കുടുംബങ്ങൾ പാൽ ഉല്പാദനത്തെ ആശ്രയിച്ചു ജീവിക്കുന്ന പെൻസിൽവാനിയയാണ് ഇതിന്റെ ആഘാതം ഏറ്റവും അനുഭവിക്കാൻ പോകുന്നത്. വാൾമാർട്ടിന്റെ കടന്നു വരവ് നിരവധി ന്യൂയോർക്ക് ഡയറി ഫാമുകളെ നേരിട്ട് ബാധിക്കുന്ന സാഹചര്യത്തിൽ ക്ഷീര വ്യവസായത്തിന്റെ കറുത്ത ദിവസങ്ങളാണ് വരാനിരിക്കുന്നതെന്നാണ് കർഷകർ മുതൽ വ്യവസായ നിരീക്ഷകർ വരെയുള്ളവർ പ്രവചിക്കുന്നത്.
“ഫാമുകൾ കൂടുതൽ വലുതായിക്കൊണ്ടിരിക്കുകയും അവർ കുടിയേറ്റക്കാരെ നിയമിച്ചു കൊണ്ടിരിക്കുകയും ചെയ്യുകയാണെങ്കിൽ അവർക്ക് ആവശ്യമുള്ള അത്രയും പാൽ ഉണ്ടാക്കാം. ഞങ്ങളെ പോലുള്ളവർ അവർക്ക് വേണ്ടി ജോലി ചെയ്യേണ്ടി വരികയും ചെയ്യും,” ക്ഷീര കർഷകരിലെ ഏഴാം തലമുറക്കാരിയായ റിയാൻ എർവിർൻ-ഓവൻസ് പറയുന്നു. അമേരിക്കൻ ക്ഷീര കർഷകർ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം മറ്റു പോഷക പാനീയങ്ങളിലേക്ക് ഉപഭോക്താക്കൾ ചുവടുമാറ്റിയതാണ്.
സ്വന്തമായി പാൽ ബോട്ട്ലിങ് പ്ലാന്റ് തുറക്കാനുള്ള വാൽമാർട്ടിന്റെ തീരുമാനം ക്ഷീര കർഷകരെ പിരിച്ചു വിടാനുള്ള തീരുമാനത്തിൽ പ്രധാന പങ്കു വഹിച്ചതായി ഡീൻ ഫുഡ്സ് വക്താവ് റെയ്സ് സ്മിത്ത് സ്ഥിരീകരിക്കുന്നു. സ്വന്തം പശുക്കളെ ഉപയോഗിച്ച് ഉല്പാദനം നടത്തുന്ന പുതിയ വാൽമാർട്ട് പ്ലാൻറ് അമേരിക്കയിലെ വാർഷിക പാൽ ഉത്പാദനത്തിന്റെ 3 ശതമാനം ഉത്പാദിപ്പിക്കാൻ കഴിയുന്നതാണെന്ന് ഫിലാൻഡൽഫിയയിലെ പാൽ വ്യവസായ വിശകലന വിദഗ്ധനായ മാറ്റ് ഗൗൾഡ് ചൂണ്ടിക്കാട്ടി.
Courtesy: New York Port
Also Read: മലയോര മേഖലയിൽ ഇത് റംബുട്ടാൻ വസന്തകാലം; മികച്ച വില ലഭിക്കുമെന്ന പ്രതീക്ഷയിൽ കർഷകർ
Image: New York Port