കാർഷിക രംഗത്തിന് ആശങ്കകളും പ്രതീക്ഷകളും നൽകി കാലവർഷം എത്തുന്നു; ഇനി പെരുമഴക്കാലം
കാർഷിക രംഗത്തിന് ആശങ്കകളും പ്രതീക്ഷകളും നൽകി കാലവർഷം എത്തുന്നു; ഇനി പെരുമഴക്കാലം. ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനമനുസരിച്ച് മെയ് 29 നാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ ഇന്ത്യൻ തീരത്തെത്തുക. എന്നാൽ കാർമേഘക്കൂട്ടങ്ങളുടെ വരവറിയിച്ച് ഇതിനകനം തന്നെ സംസ്ഥാനത്തിന്റെ പലഭാഗത്തും സാമാന്യം നന്നായി മഴ ലഭിക്കുന്നുണ്ട്.
സാധാരണ തോതിന്റെ 97% ത്തോളം മഴ ലഭിക്കുന്ന “സാധാരണ” മൺസൂണാണ് ഇത്തവണ പ്രവചിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം 95% മഴ ലഭിച്ചിരുന്നെങ്കിലും ക്രമം തെറ്റി പെയ്ത മഴ പല സ്ഥലത്തും കൃഷിനാശത്തിന് കാരണമായിരുന്നു. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങൾ, മധ്യപ്രദേശ്, വിദർഭ എന്നിവിടങ്ങളിൽ മഴ പിശുക്കു കാട്ടിയപ്പോൾ പടിഞ്ഞാറൻ രാജസ്ഥാൻ, സൗരാഷ്ട്ര, കച്ച്, തമിഴ്നാട്, റായലസീമ എന്നിവിടങ്ങളിൽ പ്രതീക്ഷച്ചതിലും കൂടുതലും പെയ്ത് നിറയുകയും ചെയ്തു.
ഇന്ത്യയിൽ ഒരു വർഷം പെയ്തിറങ്ങുന്ന മഴവെള്ളത്തിന്റെ 70 മുതൽ 75 ശതമാനവും തരുന്നത് തെക്കുപടിഞ്ഞാറൻ മൺസൂണാണ്. അതിനാൽ രാജ്യത്തിന്റെ കാർഷിക മേഖലയെ ഏറ്റവുമധികം ബാധിക്കുന്ന പ്രതിഭാസവും ഇതുതന്നെ. രാജ്യത്ത് ഖാരിഫ് വിളകളുടെ സീസൺ ആരംഭിക്കുന്നത് തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ വരവോടെയാണ്. കൂടാതെ ഭൂഗർഭ ജലസമ്പത്തിന് ഈ മഴക്കാലം അനിവാര്യമായതിനാൽ റാബി വിളകളെ സംബന്ധിച്ചും തെക്കുപടിഞ്ഞാറൻ മൺസൂൺ പ്രധാനമാണ്.
പ്രതീക്ഷ നൽകുന്ന ഈ വർഷത്തെ മൺസൂൺ പ്രവചനങ്ങൾ അനുസരിച്ച് 2018-19 സാമ്പത്തിക വർഷം 283.7 മില്യൺ ടൺ ഭക്ഷ്യധാന്യങ്ങൾ ഉൽപ്പാദിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇതിൽ 140.2 മില്യൺ ടൺ ഖാരിഫ് വിളകളിൽ നിന്നും, 142.5 മില്യൺ ടൺ റാബി വിളകളിൽ നിന്നുമാണ്. അരി, ജൊവർ, ബജറ, ചോളം, റാഗി, മില്ലറ്റ്, ടർ, ഉഴുന്ന്, നിലക്കടല, കാസ്റ്റർ സീഡ്, സോയാബീൻ, പരുത്തി, കൊത്തമര, മഞ്ഞൾ, സൂര്യകാന്തി, കരിമ്പ് എന്നിവയാണ് ഇന്ത്യയിലെ പ്രധാന ഖാരിഫ് വിളകൾ.
സാധാരണ മൺസൂൺ, ഉയർന്ന ഉൽപ്പാദനം, കുത്തനെ ഉയരുന്ന സ്റ്റോക്ക് എന്നിവ വിപണി വിലയെ ബാധിക്കാൻ സാധ്യതയുണ്ടെങ്കിലും ആഭ്യന്തര വിപണിലെ ഉണർവ്, ഇറക്കുമതിയിലെ ഇടിവ്, ഇറക്കുമതി തീരുവ കൂട്ടിയത് തുടങ്ങിയവ ഉൽപ്പന്നങ്ങളുടെ വില നിലവാരം കുത്തനെ ഇടിയാതെ പിടിച്ചു നിർത്തുമെന്ന പ്രതീക്ഷയിലാണ് വിപണി. വിലയെ ബാധിക്കുന്ന മറ്റൊരു പ്രധാന ഘടകം സർക്കാർ നിശ്ചയിക്കുന്ന താങ്ങുവില (എംഎസ്പി) ആയിരിക്കും. കൂടാതെ അന്താരാഷ്ട്ര വിപണിലും പ്രാദേശിക വിപണിയിലെ കുത്തനെ ഉയരുന്ന ഇന്ധന വിലയും കർഷരേയും വ്യാപാരികളേയും ആശങ്കയിലാഴ്ത്തുന്നു.
Also Read: തോട്ടറ ബ്രാന്‍ഡ് അരി ജൂണ്‍ ആദ്യ വാരം വിപണിയിൽ; തരിശിട്ട കൃഷിയിടങ്ങൾക്ക് പുനർജന്മം
Image: unsplash.com