മോദി സർക്കാരിന്റെ നാലു വർഷങ്ങൾ; വിളവിൽ കുതിച്ചും വിപണിയിൽ തളർന്നും കാർഷിക രംഗം

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.

മോദി സർക്കാരിന്റെ നാലു വർഷങ്ങൾ; വിളവിൽ കുതിച്ചും വിപണിയിൽ തളർന്നും കാർഷിക രംഗം കടന്നുപോയത് നിർണായമായ ഘട്ടങ്ങളിലൂടെ. രാജ്യത്തെ ജനസംഖ്യയുടെ പകുതിയിലധികം പേർക്കും തൊഴിൽ നൽകുന്ന കാർഷിക മേഖല “പെരുപ്പമുണ്ടാക്കുന്ന പ്രതിസന്ധി” യിലൂടെ കടന്നുപോകുകയാണെന്ന് വിദഗ്ദർ. സാധാരണ മൺസൂൺ ലഭിച്ചതോടെ മികച്ച വിളവുണ്ടായെങ്കിലും മതിയായ വില കിട്ടാത്തതാണ് രാജ്യത്തുടനീളം കർഷകരെ പ്രതിസന്ധിയിലാക്കിയത്.

ഇതോടെ കടക്കെണിയിലായ കർഷകർ ആത്മഹത്യയിലോ കൃഷി ഉപേക്ഷിക്കുന്നതിലോ അഭയം കണ്ടെത്തി. രാജ്യത്തിന്റെ മറ്റു മേഖലകളെ അപേക്ഷിച്ച് കാർഷികരംഗത്തിന്റെ വളർച്ചാ നിർക്കും ഇപ്പോഴും ഇഴഞ്ഞു നീങ്ങുന്നതാണ് മറ്റൊരു പ്രശ്നം. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രിസഭ അധികാരമേറ്റത്തിനു ശേഷമുള്ള ആദ്യത്തെ രണ്ടു വർഷങ്ങൾ വരൾച്ചയുടേതായിരുന്നു. അതിനാൽ 2014-15 ൽ വെറും 0.2% മായിരുന്നു കാർഷിക രംഗത്തിന്റെ വളർച്ചാ നിരക്ക്. 2015-16 അത് 0.6% മായി.

എന്നാൽ 2016-17 വർഷത്തെ തകർപ്പൻ മൺസൂൺ നിരക്ക് ഒറ്റയടിക്ക് 6.3% മാക്കി ഉയർത്തി. പക്ഷേ, 2017-18 ൽ ഇത് 3% ത്തിലേക്ക് ഇടിയുകയും ചെയ്തു. അങ്ങനെ നോക്കുമ്പോൾ എൻഡിഎ ഭരണകാലത്തെ ശരാശരി കാർഷിക വളർച്ചാ നിർക്ക് 2.4% ആണെന്ന് കാണാം. ഗ്രാമീണ സാമ്പത്തിക മേഖലയാകട്ടെ തൊഴിൽ ലഭ്യതക്കുറവും കുറഞ്ഞ കൂലിയും മൂലം വളർച്ചാ മുരടിപ്പ് നേരിട്ട നാലു വർഷങ്ങൾ കൂടിയാണ് കടന്നുപോകുന്നത്. തൊഴിലില്ലായ്മ മൂലം വലഞ്ഞ് ഇന്ത്യയുടെ വിദൂര ഗ്രാമങ്ങളിൽ നിന്ന് തൊഴിലാളികൾ കൂട്ടത്തോടെ പലായനം ചെയ്യുന്നതിനും ഈ നാലു വർഷങ്ങൾ സാക്ഷിയായി.

നല്ല വിളവു ലഭിച്ചിട്ടും മതിയായ വില ലഭിക്കാത്തത് കർഷകരെ പ്രതിസന്ധിയിലാക്കുകയും അവർ ബിജെപി അധികാരത്തിലിരിക്കുന്ന മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ പ്രക്ഷോഭത്തിനിറങ്ങുകയും ചെയ്തു. നിരന്തരമായ പ്രക്ഷോഭങ്ങളെ തുടർന്ന് ഈ സംസ്ഥാനങ്ങളും ഉത്തർപ്രദേശശും കാർഷിക വായ്പകൾ എഴുത്തിത്തള്ളാൻ നിർബന്ധിതരായി. ബജറ്റിൽ താങ്ങുവില ഉറപ്പു നൽകിയും വിലയിടിവ് പിടിച്ചു നിർത്താനും കർഷകരുടെ നഷ്ടം നികത്താനുമുള്ള സംവിധാനങ്ങൾ പ്രഖ്യാപിച്ചും കേന്ദ്ര സർക്കാരും രംഗത്തെത്തി. എങ്കിലും ഇവ കർഷകരുടെ പ്രശ്നങ്ങൾ പൂർണമായും പരിഹരിച്ചുവെന്ന് പറയാനാകില്ലെന്ന് ഇപ്പോഴും തുടരുന്ന കർഷക പ്രക്ഷോഭങ്ങൾ വ്യക്തമാക്കുന്നു.

ഖാരിഫ്, റാബി വിളകൾ എന്നിവയിൽ വ്യാപകമായി ഉൽപാദനത്തിലും ഭൂമി വിതരണത്തിലും കുറവുണ്ടായി. “ഉൽപ്പാദന മിച്ചമല്ല വിലയിടിവിന് കാരണമെന്ന്,” സാമ്പത്തിക കാര്യ ഉപദേശകനായ അരവിന്ദ് സുബ്രഹ്മണ്യൻ അഭിപ്രായപ്പെട്ടെങ്കിലും മിക്ക വിളകളിലും ഉൽപാദനത്തിലെ വർദ്ധനവ് വില കുറയാൻ ഇടയാക്കി. കൂടാതെ വിത കുറഞ്ഞത് കർഷകത്തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമാക്കുകയും ഗ്രാമീണ വേതനം കുറയ്ക്കുകയും ചെയ്തു.

മികച്ച മൺസൂണും കൂടിയ ഉൽപാദനവും കൂടാതെ താങ്ങുവില വർധന ഇഴഞ്ഞു നീങ്ങുന്നതും ആഗോളതലത്തിലുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ വിപണി മാന്ദ്യവും കാർഷിക മേഖലയെ അലട്ടുന്നു. ഇതിനു പുറമെ നോട്ടു നിരോധനവും, ജിഎസ്ടിയും ഏൽപ്പിച്ച ഞെട്ടലും മുറിവുകളും വഹിച്ചാണ് കാർഷിക മേഖല മോരി സർക്കാരിന്റെ അഞ്ചാം വർഷത്തിലേക്ക് കടക്കുന്നത്.

2015-16നും 2018-19 നും ഇടയ്ക്ക് കാർഷിക കയറ്റുമതി ശരാശരി 3.1 ശതമാനം കുറഞ്ഞു. 2010-11 നും 2014-15 നും ഇടയ്ക്ക് ഈ ശരാശരി 19.5 ശതമാനമായിരുന്ന സ്ഥാനത്താണിത്. മെയ് 28, 29 തിയതികളിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ഇന്ത്യൻ തീരത്തെത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇതോടൊപ്പം ജൂണിൽ ഖാരിഫ് സീസൺ തുടങ്ങാൻ ഒരുങ്ങുകയാണ് കർഷകർ.

തങ്ങളുടെ പ്രശ്നങ്ങൾ യാഥാർഥ്യ ബോധത്തോടെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കേൾക്കുമെന്നും സർക്കാരുകളുടെ വിപണിയെ ഉണർത്താനുള്ള ഇടപെടലുകളും പദ്ധതികളും ഈ വർഷമെങ്കിലും ഫലം കാണുമെന്നുമുള്ള പ്രതീക്ഷയിലാണവർ. അങ്ങനെ സംഭവിച്ചില്ലെങ്കിൽ തങ്ങളുടെ വിളവിന് ആദായ വില ലഭ്യമാക്കാൻ എന്തു ചെയ്തുവെന്ന ചോദ്യമാണ് 2019 ൽ പാർലമെന്റിലെ രണ്ടാമൂഴത്തിനായി വോട്ടു ചോദിച്ചു വരുന്ന പ്രധാനമന്ത്രിയ്ക്കും മറ്റ് രാഷ്ട്രീയക്കാർക്കും നേരിടേണ്ടി വരിക.

Also Read: കാർഷിക രംഗത്തിന് ആശങ്കകളും പ്രതീക്ഷകളും നൽകി കാലവർഷം എത്തുന്നു; ഇനി പെരുമഴക്കാലം

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.