കർഷകർക്ക് മഴക്കാല വിളപരിപാലന നിർദേശങ്ങളുമായി കാര്‍ഷിക സര്‍വകലാശാല; പട്ടാളപ്പുഴുവിനെ കരുതിയിരിക്കുക
കർഷകർക്ക് മഴക്കാല വിളപരിപാലന നിർദേശങ്ങളുമായി കാര്‍ഷിക സര്‍വകലാശാല. മഴക്കാലമെത്തിയതോടെ പട്ടാളപ്പുഴുവിന്റെ ആക്രമണം രൂക്ഷമാകാനുള്ള സാധ്യതയേറി. പുഞ്ചപ്പാടങ്ങളാണ് ഈ പുഴുവിന്റെ ആക്രമണത്തിന് ഇരയാകാറുള്ളത്. കൂട്ടത്തോടെ ആക്രമിക്കുന്നതിനാലാണ് ഇവക്ക് പട്ടാളപ്പുഴു എന്ന പേര് ലഭിച്ചത്. രാത്രികാലങ്ങളിലാണ് ഇവയുടെ ആക്രമണം കൂടുതലായും കാണുന്നത്.
പകല്‍ സമയത്ത് പാടത്തെ മണ്കട്ടകളുടേയും മറ്റും ഇടയില്‍ ഒളിഞ്ഞിരിക്കുന്ന ഇവ നെല്‍ച്ചെടികളെ വെറും കുറ്റികളാക്കി മാറ്റുന്നതിനാൽ കർഷകരുടെ പേറിസ്വപ്നമാണ്. വെള്ളം കയറ്റാവുന്ന പാടങ്ങളില്‍ രണ്ട് ദിവസം വെള്ളം കയറ്റി നിർത്തുകയാണ് ഇവയെ തുരത്താനുള്ള ആദ്യപടി. വരമ്പത്തും, സ്വയം കിളിര്‍ത്തു വരുന്ന നെല്ലിലും കളകളിലും കാണുന്ന പുഴുക്കളെ നശിപ്പിക്കാനായി രണ്ട് മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കണം.
നല്ല വെയിലുള്ള സമയത്ത് ഒരു ലിറ്റര്‍ ഡൈപലിന് 510 ഗ്രാം ശര്‍ക്കര എന്നതോതിൽ കലർത്തി തളിക്കണം. അടിയന്തരഘട്ടങ്ങളില്‍ എക്കാലക്സ് രണ്ട് മില്ലി /ഡൈക്ലോര്‍വോസ് ഒരു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേർത്തും തളിക്കാം. നെല്ചെടികളിലാണെങ്കില് ഫ്ളുബെന്ഡിയമൈഡ് (ഫെയിം) അര മില്ലി 10 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി വൈകുന്നേരങ്ങളില്‍ തളിക്കണം.
രാത്രി സമയത്ത് 7 മുതല്‍ 8.30 വരെ പാടശേഖരങ്ങളുടെ വരമ്പത്ത് പന്തം കൊളുത്തി സ്ഥാപിച്ചും ഇവയുടെ ശലഭങ്ങളെ ആകര്‍ഷിച്ച് നശിപ്പിക്കാവുന്നതാണ്. കീടനാശിനി തളിക്കാത്ത പാടങ്ങളില്‍ താറാവിന് കൂട്ടങ്ങളെ വിട്ടും പുഴുക്കളെ ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയും. പാടത്ത് വിതച്ച പച്ചില വളച്ചെടികള്‍ ഉഴുതു ചേർത്ത് നടുന്നതിന് രണ്ടാഴ്ച്ച ഇടവേള നല്‍കുകയും ചെയ്യുക.
ഏക്കറിന് 240 കിലോഗ്രാം കുമ്മായവും രണ്ടു ടണ്‍ ജൈവവളവും ചേര്‍ക്കണം. അവസാന ഉഴവിന് മുമ്പ് വെള്ളം വാര്‍ത്ത് കളഞ്ഞ് അടിവളമായി ശുപാര്‍ശ ചെയ്തിട്ടുള്ള തോതില്‍ രാസവളങ്ങളും ചേര്‍ക്കേണ്ടതുണ്ട്. നാടന്‍ ഇനങ്ങള്‍ക്ക് ഏക്കറൊന്നിന് യൂറിയ, റോക്ക് ഫോസ്ഫേറ്റ്, പൊട്ടാഷ് എന്നിവ യഥാക്രമം 18:45:10 കിലോഗ്രാം വീതവും ഉല്പാദന ശേഷി കൂടിയ ഹ്രസ്വകാലയിനങ്ങള്‍ക്ക് യഥാക്രമം 30:75:12 കിലോഗ്രാം വീതവും ഉല്പാദനശേഷി കൂടിയ മദ്ധ്യകാല ഇനങ്ങള്‍ക്ക് 40:90:16 കിലോഗ്രാം വീതവുമാണ് നൽകേണ്ടത്.
മഴക്കാലത്ത് നടീൽ നടക്കുന്ന മറ്റൊരു വിളയാണ് കുരുമുളക്. കുരുമുളക് വള്ളികൾ നടുമ്പോൾ താങ്ങുമരത്തില്‍ നിന്നും 15 സെ.മീ അകലത്തില്‍ വടക്കുവശത്തായി അര മീറ്റര്‍ നീളത്തിലും വീതിയിലും ആഴത്തിലുമുള്ള കുഴിയെടുക്കാൻ ശ്രദ്ധിക്കണം. കുഴി ഒന്നിന് അഞ്ച് കിലോഗ്രാം എന്ന തോതില്‍ കമ്പോസ്റ്റോ, ചാണകപ്പൊടിയോ മേല്‍മണ്ണുമായി കലര്‍ത്തി കുഴി നിറക്കണം. വേര് പിടിപ്പിച്ച രണ്ടോ, മൂന്നോ വള്ളികള്‍ ഓരോ കുഴിയിലും നടാം. ഓരോ ചെടിയുടെ ചുവട്ടിലും കൂനയാക്കി മണ്ണുറപ്പിക്കുന്നതു വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ സഹായിക്കും.
Also Read: കർഷകർക്കായി പ്ലാവിന്റെ മികച്ച ഒട്ടുതൈകൾ അവതരിപ്പിച്ച് പട്ടാമ്പി കാര്‍ഷിക ഗവേഷണ കേന്ദ്രം
Image: pixabay.com