അവരുടെ ഇലന്തപ്പഴം നമ്മുടെ ചൈനീസ് ആപ്പിൾ; പോഷകങ്ങളുടെ കലവറയായ ചൈനീസ് ആപ്പിളിനെക്കുറിച്ച് അറിയാം
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|
അവരുടെ ഇലന്തപ്പഴം നമ്മുടെ ചൈനീസ് ആപ്പിൾ; പോഷകങ്ങളുടെ കലവറയായ ചൈനീസ് ആപ്പിളിനെക്കുറിച്ച് അറിയാം. തമിഴിൽ ഇലന്തപ്പഴമെന്നും ഹിന്ദിയിൽ ബെർ എന്നും ഇംഗ്ലിഷിൽ ഇന്ത്യൻ പ്ലം, ചൈനീസ് ആപ്പിൾ എന്നുമെല്ലാം പല പേരുകളിൽ അറിയപ്പെടുന്ന പഴമാണ് വൈൽഡ് ബെർ.
കാഴ്ചയിൽ ചെറിപ്പഴങ്ങളോട് സാദൃശ്യമുള്ള ചൈനീസ് ആപ്പിൾ വിറ്റമിൻ സി, കാൽസ്യം, അയൺ, ഫോസ്ഫറസ്, വിറ്റമിൻ ബി എന്നിവയാൽ സമ്പന്നമാണ്. ഒന്നര മീറ്റർ മുതൽ 12 മീറ്റർവരെ ഉയരത്തിൽ വളരുന്ന ചൈനീസ് ആപ്പിൾ മരങ്ങൾ നല്ല തണുപ്പുള്ള പ്രദേശങ്ങളിലും കൂടുതൽ മഴയുള്ള പ്രദേശങ്ങളിലും നന്നായി വളരും. കൂടാതെ വരൾച്ചയെ അതിജീവിക്കാനും ഈ മരങ്ങൾക്ക് കഴിയും.
ഗ്രാഫ്റ്റ് ചെയ്ത തൈകളാണ് കേരളത്തിലെ മിതശീതോഷ്ണ കാലാവസ്ഥയിൽ നടാൻ അനുയോജ്യം. നട്ട് രണ്ടു വർഷത്തിനുള്ളിൽ ഇളം മഞ്ഞ കലർന്ന പച്ച നിറമുള്ള പൂക്കളുണ്ടായിത്തുടങ്ങും. വിത്താണ് നടുന്നതെങ്കിൽ കായ്ക്കാൻ കൂടുതൽ സമയമെടുക്കാറുണ്ട്.
2 x 2 x 2 അടി വലുപ്പത്തിൽ കുഴിയെടുത്ത് ചാണകവും വേപ്പിൻ പിണ്ണാക്കും എല്ലുപൊടിയും ചേർത്ത് ഒരാഴ്ച കഴിഞ്ഞ് 20 ഗ്രാം വാം ചേർത്ത് തൈകൾ നടാം. ക്ഷാര സ്വഭാവമുള്ള മണ്ണിലാണു ചെടി നന്നായി വളരുന്നത്.
അമ്ല ക്ഷാര നില (പിഎച്ച്) 9.2 ആണ് യോജ്യം. നല്ല സൂര്യപ്രകാശം ലഭിക്കുന്നിടത്ത് നന്നായി വെള്ളവും വളവും നൽകി വേണം ചെടികൾ വളർത്താൻ.
എല്ലാ മാസവും അൽപ്പം കുമ്മായം നൽകണം. രണ്ടാഴ്ച ഇടവിട്ട് വൈകുന്നേരങ്ങളിൽ ചെടി നനച്ചശേഷം സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി തളിക്കണം. 50 ലീറ്റർ ശേഷിയുള്ള പ്ലാസ്റ്റിക് പാത്രങ്ങളിൽ മണ്ണ്, മണൽ, ചാണകം, ചകിരിച്ചോറ്, കുമ്മായം എന്നിവ നിറച്ചശേഷം ജൈവവളം ചേർത്ത് ഒരാഴ്ചയ്ക്കുശേഷം വാം നൽകിയും നടാം. തൈകൾക്കു താങ്ങു കൊടുക്കാൻ മറക്കരുത്.
പഴത്തിന് ഇളം മഞ്ഞ നിറമായാൻ വിളവെടുപ്പിനുള്ള സമയമായി. കായ്കൾ വിളവെടുത്തശേഷം ശിഖരങ്ങൾ മുറിച്ചുമാറ്റി വളവും ചേർത്തു നനയ്ക്കണം. കായ്കൾ പച്ചയായും ഉണക്കിയും കഴിക്കാവുന്നതാണ്. കൂടാതെ അച്ചാർ, ജാം, വൈൻ എന്നിവയുണ്ടാക്കാനും ചൈനീസ് ആപ്പിൾ ധാരാളമായി ഉപയോഗിക്കുന്നു. പഴം ഉണക്കി കുരു കളഞ്ഞ്, പുളി, ഉണക്കമുളക്, ശർക്കര, ഉപ്പ് എന്നിവ ചേർത്തും കഴിക്കുകയോ ഇലന്തവട പോലുള്ള വിഭവങ്ങൾ ഉണ്ടാക്കുകയോ ചെയ്യാറുണ്ട്.
Also Read: തലയ്ക്കൽ കായ്ക്കണമെങ്കിൽ കടയ്ക്കൽ തടം കോരണം; വരുന്നൂ, തെങ്ങിന് തടമെടുക്കാൻ യന്തിരൻ
Image: pixabay.com
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|