കാരച്ചെമ്മീൻ, കാളാഞ്ചി, പച്ചഞണ്ട് കൃഷിയിൽ വൻ സാധ്യതകളുമായി മള്‍ട്ടി സ്പീഷീസ് അക്വാകള്‍ചര്‍ സെന്റര്‍ വല്ലാർപാടത്ത്
കാരച്ചെമ്മീൻ, കാളാഞ്ചി, പച്ചഞണ്ട് കൃഷിയിൽ വൻ സാധ്യതകളുമായി മള്‍ട്ടി സ്പീഷീസ് അക്വാകള്‍ചര്‍ സെന്റര്‍ വല്ലാർപാടത്ത്, സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി(എം. പി. ഇ. ഡി. എ) വല്ലാര്‍പാടത്ത് മള്‍ട്ടി സ്പീഷീസ് അക്വാകള്‍ചര്‍ സെന്റര്‍ തുടങ്ങുന്നതോടെ രാജ്യത്തെ മത്സ്യോത്പാദനത്തില്‍ വിപ്ലവകരമായ കുതിച്ചു ചാട്ടത്തിന് വഴി തുറക്കുന്നു. വല്ലാര്‍പാടത്ത് എം. പി. ഇ. ഡി. എയുടെ കീഴിലുള്ള എട്ടര ഏക്കറിലാണ് പദ്ധതി ഒരുങ്ങുന്നത്.
കാരച്ചെമ്മീന്‍, വറ്റ, കാളാഞ്ചി, മോത, ഗിഫ്റ്റ് തിലാപ്പിയ, പച്ചഞണ്ട് എന്നിവയുടെ ഗുണനിലവാരമുള്ള കുഞ്ഞുങ്ങളെയാണ് ആദ്യപടിയായി ഇവിടെ നിന്നും നല്‍കിത്തുടങ്ങുന്നത്. പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന 20 മില്യണ്‍ ശേഷിയുള്ള കാരച്ചെമ്മീന്‍ വിത്തുല്‍പാദന കേന്ദ്രമാണ് പദ്ധതിയിലെ പ്രധാന ആകര്‍ഷണം. ഒരു കാലത്ത് ഇന്ത്യയിലെ ചെമ്മീന്‍ കൃഷിയുടെ മുഖ്യ ആകര്‍ഷണമായിരുന്ന കാരച്ചെമ്മീന്‍ കൃഷിയുടെ പുനര്‍ജീവനവും ഇതിലൂടെ ലക്ഷ്യമിടുന്നതായി എം. പി. ഇ. ഡി. എ ചെയര്‍മാന്‍ ഡോ. എ ജയതിലക് വ്യക്തമാക്കി.
അന്താരാഷ്ട്ര വിപണിയിൽ നല്ല വില ലഭിക്കുന്ന കാരച്ചെമ്മീന്‍ കൃഷിയ്ക്ക് ഏറ്റവും വെല്ലുവിളി ആരോഗ്യമുള്ള ചെമ്മീന്‍ കുഞ്ഞുങ്ങളുടെ അഭാവവും, വനാമി ചെമ്മീനുമായുള്ള മത്സരവുമാണ്. കൂടാതെ ചെമ്മീൻ കുഞ്ഞുങ്ങൾക്ക് ബാധിക്കുന്ന വിവിധ രോഗങ്ങളും കൃഷിക്കാരെ അലട്ടുന്നു. അതിനാല്‍ എം. പി. ഇ. ഡി. എയുടെ ഈ സംരഭം സമാനമായ രീതിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് വഴിയൊരുക്കുമെന്നും ഡോ. ജയതിലക് വ്യക്തമാക്കി.
രോഗരഹിതമായ കാരച്ചെമ്മീന്‍ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാനാവശ്യമായ ലാബുകളും വളര്‍ത്തല്‍ കേന്ദ്രങ്ങളും ജലശുദ്ധീകരണ സംവിധാനങ്ങളും വല്ലാര്‍പാടത്ത് തയ്യാറായിക്കഴിഞ്ഞു. കടലില്‍ നിന്നും ലഭിക്കുന്ന തള്ള ചെമ്മീനുകളില്‍ നിന്നും രോഗരഹിതമായവയെ വേര്‍തിരിക്കുന്നതിനുള്ള ക്വാറന്റൈന്‍ സെന്ററും ഉടന്‍ പ്രവർത്തനസജ്ജമാകും. ഇന്ത്യയിലെ തീരദേശ മേഖലകളിലും ഉള്‍നാടന്‍ ജലസംഭരണികളിലും വാണിജ്യപ്രാധാന്യമുള്ള വിവിധതരം മത്സ്യഇനങ്ങളുടെ കൃഷി വ്യാപിപ്പിക്കുക എന്ന ലക്ഷ്യവും സെന്ററിന് പിന്നിലുണ്ട്.
Also Read: കാർഷിക യന്ത്രങ്ങൾക്ക് ധനസഹായം; കാർഷിക വകുപ്പ് അപേക്ഷ ക്ഷണിച്ചു
Image: pixabay.com