പച്ചക്കറി കൃഷി ചെയ്യാൻ വീട്ടിൽ സ്ഥലമില്ലെങ്കിലെന്താ, വാഴത്തണ്ടിൽ കൃഷി ചെയ്യാം [Video]
പച്ചക്കറി കൃഷി ചെയ്യാൻ വീട്ടിൽ സ്ഥലമില്ലെങ്കിലെന്താ, വാഴത്തണ്ടിൽ കൃഷി ചെയ്യാം. ആഴത്തില്‍ വേരു പിടിക്കാത്ത പച്ചക്കറികളും മറ്റു ചെടികളും കൃഷി ചെയ്യാൻ അനുയോജ്യമായ രീതിയാണ് വാഴത്തണ്ടിലെ കൃഷി. വീടുകളില്‍ കൃഷി ചെയ്യാന്‍ സ്ഥലമില്ലാതെ വിഷമിക്കുന്നവർക്കും ഏറെ അനുയോജ്യമാണ് ഈ കൃഷിരീതി.
മിക്കവാറും വീടുകളിൽ വെറുതെ കളയുന്ന വാഴത്തണ്ടുകൾ ഉപയോഗിച്ച് ചെയ്യാവുന്ന ലളിതമായ ഈ രീതി ചെറിയ കാലയളവിൽ വിളവെടുക്കാവുന്ന പച്ചക്കറികൾ കൃഷി ചെയ്യാൻ മികച്ചതാണെന്ന് അനുഭവസ്ഥർ പറയുന്നു. വാഴത്തണ്ട് മണ്ണിൽ അഴുകിച്ചേരാൻ കൂടുതല്‍ സമയമെടുക്കും എന്നതു കൂടാതെ അഴുകുമ്പോൾ അത് ചെടികള്‍ക്ക് വളമായും മാറുന്നു.
ഈ രീതിയിൽ അനാവശ്യ കളകളും മറ്റും വിളകള്‍ക്കിടയില്‍ കടന്നുകൂടുന്നത് താരതമ്യേന കുറവായിരിക്കും. കൃഷി ചെയ്യാൻ തെരഞ്ഞെടുക്കുന്ന വിളകൾക്ക് അനുസൃതമായി വാഴത്തണ്ടില്‍ നിശ്ചിത അകലത്തില്‍ സുഷിരങ്ങള്‍ ഉണ്ടാക്കുന്നതാണ് ആദ്യപടി. വാഴത്തണ്ടിന്റെ പകുതിയോളം ആഴത്തില്‍ മാത്രമേ ഇതിനായി സുഷിരങ്ങള്‍ നിര്‍മിക്കാവൂ. ശരിയായ വായുസഞ്ചാരത്തിനും തൈകള്‍ ഇടതിങ്ങി വളരുന്നത് ഒഴിവാക്കുന്നതിനുമായി സുഷിരങ്ങള്‍ തമ്മില്‍ 30 മുതല്‍ 40 സെന്റീമീറ്റര്‍ അകലം പാലിക്കുന്നത് നല്ലതാണ്.
ഈ സുഷിരങ്ങളില്‍ മണ്ണും വളവും ചേര്‍ന്ന മിശ്രിതം ചേര്‍ത്ത് വിത്തുകള്‍ പാകാം. വാഴത്തണ്ടില്‍ ധാരാളം ജലാംശം ഉള്ളതുകൊണ്ടുതന്നെ വെള്ളത്തിന്റെ അളവ് കുറവുമതി എന്നതും ഈ കൃഷി രീതിയുടെ സവിശേഷതയാണ്. ജലലഭ്യത കുറവുള്ള സ്ഥലങ്ങളിലെ കൃഷിക്കാര്‍ക്ക് ഈ രീതി ഏറെ പ്രയോജനപ്പെടും വീട്ടില്‍ തന്നെ ലഭ്യമായ സ്ഥലം ഉപയോഗിച്ച് ലളിതമായി കൃഷി ചെയ്യാൻ കഴിയുന്നതിനാൽ മട്ടുപ്പാവ് കൃഷിയ്ക്കും വാഴത്തണ്ടുകൾ ഉപയോഗിക്കാം.
Image: YouTube