കർണാടകയിലെ കാർഷിക വായ്പ എഴുതിത്തള്ളൽ; പണം കണ്ടെത്താൻ നെട്ടോട്ടമോടി കുമാരസ്വാമി സർക്കാർ; കന്നട കർഷകരുടെ ദുരന്തകഥ തുടരുന്നു
കർണാടകയിലെ കാർഷിക വായ്പ എഴുതിത്തള്ളൽ; പണം കണ്ടെത്താൻ നെട്ടോട്ടമോടി കുമാരസ്വാമി സർക്കാർ; കന്നട കർഷകരുടെ ദുരന്തകഥ തുടരുന്നു. ഇന്ത്യയിൽ കാർഷിക പ്രതിസന്ധി കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ച സംസ്ഥാനങ്ങളിൽ മുന്നിലാണ് നമ്മുടെ അയൽസംസ്ഥാനമായ കർണാടക. കാര്‍ഷിക വിളകള്‍ക്ക് ന്യായമായ വില ലഭിക്കാത്തതും വരവും ചെലവും തമ്മിലുള്ള വിടവ് നാൾക്കുനാൾ കൂടിവരുന്നതും പ്രാദേശിക ബ്ലേഡ് മാഫിയാ സംഘങ്ങൾ കെണിയൊരുക്കുന്നതും മൂലം സംസ്ഥാനത്തെ വലിയൊരു വിഭാഗം കര്‍ഷകര്‍ കടുത്ത ജീവിത പ്രതിസന്ധി നേരിടുകയാണ്.
വിളവുണ്ടായിട്ടും കാർഷിക വിളകൾക്ക് വില ലഭിക്കാതെ കടക്കെണിയിൽ കുടുങ്ങി ആത്മഹത്യയിൽ അഭയം പ്രാപിക്കുന്ന കർഷകരുടെ എണ്ണവും സംസ്ഥാനത്ത് വർധിക്കുകയാണെന്ന് കണക്കുകൾ കാണിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 3,515 കര്‍ഷകരാണ്. 2008 ഏപ്രില്‍ മുതല്‍ 2012 ഏപ്രില്‍ വരെ സംസ്ഥാനത്ത് 1,125 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. 2013 ഏപ്രില്‍ മുതല്‍ 2017 നവംബര്‍ വരെ 3,515 പേരും ജീവനൊടുക്കി.
ഈ മാസം മാത്രം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 20 കര്‍ഷകര്‍ ജീവിതമൊടുക്കിയതായാണ് റിപ്പോർട്ടുകൾ അനുസരിച്ചുള്ള അനൗദ്യോഗിക കണക്ക്. മാണ്ഡ്യ, ദാവന്‍ഗരെ എന്നിവിടങ്ങളിലായി രണ്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്തതാണ് ഒടുവിലത്തെ സംഭവം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യയുണ്ടായത് മാണ്ഡ്യയിലാണ്. കരിമ്പു കൃഷിയുടെ കേന്ദ്രമായ മാണ്ഡ്യ ഇന്ന് കർഷക ആത്മഹത്യകളുടെ പേരിലാണ് അറിയപ്പെടുന്നത്.
വരള്‍ച്ചയും കൃഷിനാശവും മൂലമുണ്ടായ കടക്കെണിയാണ് ആത്മഹത്യകള്‍ പെരുകാന്‍ കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കരിമ്പ്, നെല്‍ കര്‍ഷകരാണ് ആത്മഹത്യ ചെയ്യുന്നതില്‍ കൂടുതലും. 30 ശതമാനംവരെ കൊള്ളപ്പലിശയ്ക്ക് പണം കടംകൊടുക്കുന്ന പ്രാദേശിക ബ്ലേഡു സംഘങ്ങളുടെ പിടിയിലാണ് മിക്ക കർഷകരും. കൊള്ളപ്പലിശക്ക് വായ്പ നല്‍കി കര്‍ഷകരെ ചൂഷണം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 1,332 കേസുകളിലായി 585 പേരെ അറസ്റ്റ് ചെയ്യുകയുണ്ടായി.
കട ബാധ്യതയെ തുടര്‍ന്ന് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് കര്‍ണാടക. ജെ ഡി എസ്- കോണ്‍ഗ്രസ് മുന്നണി അധികാരത്തിലെത്തി 15 ദിവസത്തിനുള്ളില്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്നായിരുന്നു തെരഞ്ഞെടുപ്പ് വേളയില്‍ മുഖ്യമന്ത്രി കുമാരസ്വാമി നൽകിയ വാഗ്ദാനം. എന്നാൽ ഈ പണം കണ്ടെത്താനായുള്ള നെട്ടോട്ടത്തിലാണ് സർക്കാർ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംസ്ഥാനത്തിന്റെ നിലവിലുള്ള സാമ്പത്തിക സാഹചര്യത്തില്‍ കാര്‍ഷിക വായ്പകള്‍ പൂര്‍ണമായും എഴുതിത്തള്ളുക പ്രായോഗികമല്ലെന്നും സൂചനയുണ്ട്.
പൊതുമേഖലാ, സഹകരണ ബാങ്കുകള്‍ വഴി നല്‍കിയിട്ടുള്ള കാര്‍ഷിക വായ്പകള്‍ പൂര്‍ണമായും എഴുതിത്തള്ളണമെങ്കില്‍ സര്‍ക്കാറിന് 53,000 കോടി രൂപ കണ്ടെത്തണം. ഇതില്‍ 80 ശതമാനം പൊതുമേഖലാ ബാങ്കുകളും 20 ശതമാനം സഹകരണ ബാങ്കുകളും നൽകിയ വായ്പകളാണ്. കടം എഴുതിത്തള്ളുമ്പോൾ സംസ്ഥാനത്തിന് ഉണ്ടാകുന്ന ഭീമമായ സാമ്പത്തിക ബാധ്യതയുടെ 50 ശതമാനം കേന്ദ്രം വഹിക്കണമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി ആവശ്യപ്പെട്ടിരുന്നുവെങ്കിലും കേന്ദ്രം കേട്ടഭാവം കാണിച്ചില്ല. വായ്പ എഴുതിത്തള്ളുന്ന കാര്യത്തില്‍ തീരുമാനം നീളുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷമായ ബിജെപിയും വിവിധ കർഷക സംഘടനകളും വൻ പ്രക്ഷോഭങ്ങൾക്ക് ഒരുങ്ങുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
Also Read: ഭക്ഷണത്തിന് സുഗന്ധവും നാവിന് രുചിയും പകരുന്ന ആഫ്രിക്കൻ മല്ലി വീട്ടിൽ നട്ടുവളർത്താം
Image: pixabay.com