മലയോര മേഖലയിൽ നിന്ന് കമുകു കൃഷി പടിയിറങ്ങുമ്പോൾ ബാക്കിയാകുന്നത്
മലയോര മേഖലയിൽ നിന്ന് കമുകു കൃഷി പടിയിറങ്ങുമ്പോൾ ബാക്കിയാകുന്നത് ഇനിയെന്ത് ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായ കമുക് കർഷകരാണ്. തൊഴിലാളി ക്ഷാമമാണ് ഒരു കാലത്ത് ഹൈറേഞ്ചിലെ ഏറ്റവും ആദായകരമായിരുന്ന കമുകിനെ ഇന്നത്തെ ദയനീയാവസ്ഥയിൽ എത്തിച്ചതെന്ന് കർഷകർ പറയുന്നു. വിളവെടുപ്പിനുപോലും തൊഴിലാളികള്‍ ഇല്ലാത്ത അവസ്ഥയാണ് മിക്ക കൃഷിയിടങ്ങളിലും.
ഒരു കാലത്ത് നിറ സാന്നിധ്യമായിരുന്ന കമുക് തോട്ടങ്ങളും വേഗത്തിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. പരിപാലനവും നടത്തിപ്പ്ചെലവും കുറവ് മതിയെന്നതായിരുന്നു കർഷകരെ കമുകിലേക്ക് ആകർഷിച്ച പ്രധാന ഘടകങ്ങൾ. ഒപ്പം വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാൻ കഴിയുന്ന ഉപോല്പന്നങ്ങളും കമുക് കർഷകർക്ക് നൽകി.
അടയ്ക്കയും പഴുക്കായുമാണ് വിളകളെങ്കിലും മരമെന്ന നിലയില്‍ മലയോര മേഖല ജനജീവിതത്തിന്റെ അവിഭാജ്യഘടകമായിരുന്നു കമുക്. വീടുകള്‍ക്ക് മേല്‍ക്കൂര നിര്‍മിക്കാനും തൂണുകളായും പാവല്‍, പടവലം, പയര്‍ തുടങ്ങിയ പച്ചക്കറികൾക്ക് പന്തലൊരുക്കാനും കമുക് വ്യാപകമായി ഉപയോഗിച്ചിരുന്നു. കര്‍ഷകന്റെ തൊപ്പി മുതൽ ഉണക്കമീന്‍ സൂക്ഷിക്കാനും ഉറി നിര്‍മ്മിക്കാനും കുട്ടികള്‍ക്ക് കളിപ്പാട്ടമായും കമുകിന്റെ പാള ഉപയോഗിക്കുമായിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ടണ്‍ കണക്കിന് അടയ്ക്കയും പഴുക്കയും കയറ്റി അയച്ചിരുന്നതും മലയോര മേഖലയിൽ നിന്നാണ്. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കമുക് കയറാന്‍ തൊഴിലാളികളെ കിട്ടാനില്ലാത്തത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ രംഗത്തേയ്ക്ക് പുതുതായി തൊഴിലാളികള്‍ കടന്നുവരാത്തത് പ്രശ്നം ഗുരുതരമാക്കിയതായും കർഷകർ പറയുന്നു. ഉൽപ്പാദനം കുത്തനെ ഇടിഞ്ഞതോടെ അടയ്ക്കയ്ക്കും പഴുക്കയ്ക്കും വില ഉയരുകയും ചെയ്തു.
കമുകു കയറ്റ തൊഴിലാളികള്‍ ഇല്ലാതായതോടെ കൃത്യസമയത്തുള്ള കൃഷി പരിപാലനവും വിളവെടുപ്പും മുടങ്ങി. കൃഷി പരിപാലനം നിലച്ചത് കമുകുകള്‍ക്ക് കീടശല്യവും രോഗബാധയും രൂക്ഷമാകാനും ഇടയാക്കി. കമുകിന്റെ കൂമ്പുകള്‍ കരിഞ്ഞുണങ്ങുകയും മണ്ട ദ്രവിച്ചുണങ്ങി നശിക്കുവാനും തുടങ്ങിയതോടെ വിളവ് ഇല്ലാതാകുകയും കമുകിന്റെ ഉപയോഗം താങ്ങുകാലുകളായി മാത്രമായി. ആദായം ഇല്ലാതായതോടെ കർഷകർ കമുകുകള്‍ കൂട്ടത്തോടെ വെട്ടിമാറ്റാനും തുടങ്ങി. നാളുകളെണ്ണി കാത്തിരിക്കുകയാണ് മലയോരമേഖലയിൽ അവശേഷിക്കുന്ന കമുകുകൾ.
Also Read: കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ രുചിയും ആദായവും കൂൺ കൃഷിയിലൂടെ