കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ രുചിയും ആദായവും കൂൺ കൃഷിയിലൂടെ

കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ രുചിയും ആദായവും കൂൺ കൃഷിയിലൂടെ. ഉയർന്ന പോഷകഗുണവും ഔഷധമൂല്യവുമുള്ള കൂൺ കൃഷി ചെയ്യാൻ പ്രത്യേക പരിചരണമോ വളപ്രയോഗങ്ങളോ ആവശ്യമില്ല. വെളിച്ചം കടക്കാത്ത രീതിയിൽ കൂണ്‍ വിത്തിന് മുളക്കാനുള്ള സ്വാഭാവിക പരിസ്ഥിതി ഒരുക്കിയാൽ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നല്ല വരുമാനം നേടിത്തരും കൂണ്‍ കൃഷി.

മണ്ണിനു പകരം വൈക്കോല്‍, അറക്കപ്പൊടി എന്നിവ ഉപയോഗിച്ചും ലഭ്യമായ സ്ഥലത്ത് കൂൺ കൃഷി ചെയ്യാം. മികച്ച കൂണ്‍ വിത്ത് തെരഞ്ഞെടുക്കുകയാണ് കൂൺ കൃഷിയുടെ പ്രധാന വെല്ലുവിളി. അണുബാധയില്ലാത്ത, തഴച്ചുവളരുന്ന നല്ല വെളുത്ത കട്ടിയുളള കൂണിന്റെ വിത്തുകളാണ് തെരഞ്ഞെടുക്കേണ്ടത്. ചിപ്പി കൂണ്‍, പാല്‍ കൂണ്‍ എന്നിവയാണ് കേരളത്തില്‍ ഏറെ പ്രചാരമുള്ള കൂൺ ഇനങ്ങൾ.

കൃഷി തുടങ്ങുന്നതിന് മുമ്പ് കട്ടിയുളള മഞ്ഞ നിറത്തില്‍ ഉണങ്ങിയ വൈക്കോല്‍, റബര്‍, മരപ്പൊടി എന്നിവ പുതിയതും അണുമുക്തവുമാക്കിയതുമായ വെള്ളത്തില്‍ കലർത്തി 7 മുതൽ 12 വരെ മണിക്കൂര്‍ വരെ മുക്കിവച്ച് അര മണിക്കൂർ തിളപ്പിക്കണം. കൂടാതെ ബാവിസ്ടിന്‍ ഫോര്‍മാലിന്‍ മിശ്രിതം 75ppm + 500ppm എന്ന തോതില്‍ എടുത്ത് വൈക്കോൽ, മരപ്പൊടി എന്നിവ 18 മണിക്കൂറെങ്കിലും മുക്കിവയ്ക്കണം.

കൃഷി ചെയ്യുന്ന മാധ്യമം ഏതായാലും ഈര്‍പ്പം ഇല്ലാത്തതായിരിക്കാൻ ശ്രദ്ധിക്കണം. വിത്ത് വിതക്കുന്നത് പോളിത്തീന്‍ കവറുകളിലായിരിക്കണം. 2 ഇഞ്ച് കനത്തില്‍ കുറയാതെ വൈക്കോല്‍ ഈർപ്പമില്ലാത്ത ബഡ്ഡായി തയ്യാറാക്കിയതിനു ശേഷം കൂണ്‍ വിത്തുകള്‍ തരിതരിയായി വിതറുകയാണ് അടുത്തപടി.

മുഴുവൻ വിത്തും വിതറിയതിനു ശേഷം കവറിന്റെ തുറന്നഭാഗം മൂടികെട്ടി, വൃത്തിയുളള ആണി കൊണ്ട് 10 മുതൽ 20 വരെ സുഷിരങ്ങള്‍ ഇടണം. അതിനുശേഷം കവറുകൾ നല്ല വായുസഞ്ചാരവും ആര്‍ദ്രതയുളള മുറികളില്‍ തൂക്കിയിടാം. തറയില്‍ ചരലോ മണലോ നിരത്തി കൂണ്‍ മുറി ഒരുക്കാം. ദിവസേന മുറി വൃത്തിയാക്കാൻ മറക്കരുത്.

പൂർണ വളര്‍ച്ചയെത്തിയ കൂണുകളുടെ വിളവെടുപ്പ് കഴിഞ്ഞാല്‍ അവശിഷ്ടങ്ങള്‍ മാറ്റി വൃത്തിയാക്കി ബ്‌ളീച്ചിംഗ് പൗഡര്‍ ലായനി തളിച്ച് മുറി വൃത്തിയാക്കണം. ഈച്ച, വണ്ട് എന്നിവ കൂണ്‍ മുറിയില്‍ കടക്കാതിരിക്കാൻ ജനൽ, വാതില്‍, മറ്റ് തുറന്നു കിടക്കുന്ന ഇടങ്ങൾ എന്നിവ വല കൊണ്ട് അടക്കണം. മുറിക്കകത്ത് ആഴ്ചയില്‍ 2 തവണയെങ്കിലും വേപ്പെണ്ണ സോപ്പ് മിശ്രിതവും തളിക്കണം.

കൂൺ പാകമായാൽ 20 മുതൽ 50 ദിവസങ്ങള്‍ക്കകം വിളവെടുപ്പ് നടത്താം. അങ്ങനെ 55 – 75 ദിവസങ്ങളില്‍ 3 തവണ വരെ വിളവെടുപ്പ് നടത്താവുന്നതാണ്. പാല്‍ കൂണ്‍ ജൂണ്‍, ഡിസംബര്‍ കാലത്തും ചിപ്പി കൂണ്‍ ജനവരി, മെയ് കാലത്തുമാണ് വളർത്താൻ അനുയോജ്യം. പ്‌ളൂറോട്ടസ് ഫ്‌ളോറിഡ, ചാരനിറമുള്ള പ്‌ളൂറോട്ടസ് ഇയോസ എന്നിവയാണ് ചിപ്പി കൂണിന്റെ പ്രധാന ഇനങ്ങൾ. കലോസിബ, ജംബൊസ എന്നിവയാണ് പാല്‍ കൂണിന്റെ പ്രധാന ഇനങ്ങള്‍.

Also Read: ജൈവ കൃഷിയിൽ പുതിയ വിജയ ചരിത്രമെഴുതി വേങ്ങേരിക്കാർ; ഇത് കാർഷിക കൂട്ടായ്മയുടെ വിജയം

Image: pixabay.com