പിവിസി പൈപ്പിൽ കുരുമുളക് കൃഷി ചെയ്യാം; പരിചരണവും വിളവെടുപ്പും എളുപ്പമാക്കാം
പിവിസി പൈപ്പിൽ കുരുമുളക് കൃഷി ചെയ്യാം; പരിചരണവും വിളവെടുപ്പും എളുപ്പമാക്കാം. കുരുമുളകു കർഷകരുടെ പ്രധാന തലവേദനയാണ് കുരുമുളകിന് താങ്ങായി ഉപയോഗിക്കുന്ന മരങ്ങൾ ഒടിഞ്ഞു വീഴുന്നത്. കൂടാതെ തൊഴിലാളി ക്ഷാമം രൂക്ഷമായതോടെ ഉയരമുള്ള മരങ്ങളിൽ വിളവെടുക്കുകയെന്നതും വെല്ലുവിളിയായി. ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ പിവിസി പൈപ്പിലെ കുരുമുളക് കൃഷി സഹായിക്കുന്നതായി കർഷകർ പറയുന്നു.
ദീർഘകാല വിളവെടുപ്പിന് ഏറെ അനുയോജ്യമായ ഈ രീതിയിൽ ഒരേക്കർ സ്ഥലത്ത് ആയിരം ചെടികൾ വരെ നടാനാവും. രണ്ടിഞ്ച് വ്യാസവും നാലു മീറ്റർ ഉയരവുമുള്ള പിവിസി പൈപ്പാണ് താങ്ങുകാലായി ഉപയോഗിക്കേണ്ടത്. ഇതിനുള്ളിൽ ഇരുമ്പു കമ്പി ഇറക്കിയതിനു ശേഷം കോൺക്രീറ്റ് മിശ്രിതം നിറയ്ക്കുക. അതിനു ശേഷം പിവിസി പൈപ്പിനു പുറമെയായി കുരുമുളകു വള്ളികൾക്ക് വേരു പിടിച്ചു പടരാൻ ചകിരിക്കയർ ചുറ്റണം.
തുടർന്ന് ഈ പൈപ്പ് ഒരു മീറ്റർ അകലത്തിൽ അര മീറ്റർ താഴ്ച്ചയിൽ കുഴിച്ചിടുക. ഉൽപാദനക്ഷമത കൂടിയ കരിമുണ്ട, പന്നിയൂർ, കൈരളി, പന്നിവാലൻ തുടങ്ങിയ ഇനങ്ങളാണ് ഈ രീതിയിൽ കൃഷി ചെയ്യാൻ മികച്ചത്. ചെടികളുടെ ചുവട്ടിൽ ഈർപ്പം നിലനിർത്താനും കളകളെ ഒഴിവാക്കാനും തൈകൾ നട്ടതിനു ശേഷം ചുവട്ടിൽ പ്ലാസ്റ്റിക് ആവരണം ഇടുന്നതും ഫലപ്രദമാണ്. ഡ്രിപ് ഇറിഗേഷൻ മാതൃകയാണ് പിവിസി രീതിയിലുള്ള കുരുമുളക് കൃഷിയ്ക്ക് അനുയോജ്യം. നാലു വർഷത്തിനുള്ളിൽ ചെടി പൂർണ വളർച്ചയെത്തുകയും തൊഴിലാളി സഹായമില്ലാതെതന്നെ വിളവെടുപ്പ് തുടങ്ങുകയും ചെയ്യാം.
Also Read: വളര്‍ത്തു പക്ഷികളുടെ ജീവനെടുക്കുന്ന സാൽമൊണെല്ലോസിസ് രോഗത്തിനെതിരെ മുൻകരുതെലെടുക്കാം