നെൽക്കൃഷി കൈവിട്ടപ്പോൾ ശുദ്ധജല മത്സ്യകൃഷിയില്‍ വിജയം കൊയ്ത് രാജകുമാരിയിൽ നിന്നുള്ള യുവകർഷകൻ
നെൽക്കൃഷി കൈവിട്ടപ്പോൾ ശുദ്ധജല മത്സ്യകൃഷിയില്‍ വിജയം കൊയ്ത് രാജകുമാരിയിൽ നിന്നുള്ള യുവകർഷകൻ. രാജകുമാരി തോപ്പില്‍ ബിനുവാണ് നെല്‍കൃഷി പരാജയപ്പെട്ടപ്പോള്‍ പാടത്ത് മത്സ്യഫെഡിന്‍റെ സഹായത്തോടെ മത്സ്യകൃഷി നടത്തി മികച്ച ആദായം നേടുന്നത്. ഇത്തവണത്തെ ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ മികച്ച മത്സ്യ കര്‍ഷകനുള്ള ജില്ലാതല അവാര്‍ഡും ബിനുവിനാണ്.
ഹൈറേഞ്ചില്‍ നെല്‍കൃഷിയ്ക്ക് കഷ്ടകാലം തുടങ്ങിയതോടെ നെൽക്കൃഷി ചെയ്തിരുന്ന നിരവധി കർഷകർ പാടത്തെ വെള്ളമിറക്കി കരകണ്ടങ്ങളാക്കിയിരുന്നു. എന്നാല്‍ പാടശേഖരങ്ങളുടെ നിലനില്‍പ്പ് പ്രധാനമാണെന്ന തിരിച്ചറിവാണ് ഈ യുവകര്‍ഷകനെ ജലലഭ്യത നിലനിര്‍ത്തി പാടത്ത് ബണ്ട് നിര്‍മ്മിച്ച് മത്സ്യകൃഷിയിലേക്ക് അടുപ്പിച്ചത്. നാല് വര്‍ഷം മുമ്പ് ചെറിയ രീതിയില്‍ ആരംഭിച്ച കൃഷി ഇന്ന് ഒരേക്കറോളം സ്ഥലത്തേക്ക് വളർന്നു കഴിഞ്ഞു.
ഫിഷറീസ് വകുപ്പിന്‍റെ സഹായത്തോടെയാണ് ബിനുവിന്റെ കൃഷി. ഫിഷറീസ് വകുപ്പ് നല്‍കിയ കട്ടിള, റൂഹ്, ഗ്രാസ്കാര്‍പ്പ്, സിലോപ്പി, ഗോള്‍ഡ്ഫിഷ്, കരിമീന്‍ എന്നിവയുടെ മികച്ചയിനം മത്സ്യകുഞ്ഞുങ്ങളെയാണ് പ്രധാനമായും വളർത്തുന്നതെന്ന് ബിനു പറയുന്നു. ഒരു ബണ്ടിൽനിന്നും ശരാശരി 500 കിലോ മത്സ്യം ലഭിക്കാറുണ്ട്.
തണ്ണീര്‍തട സംരക്ഷണത്തിന്‍റെ പ്രാധാന്യം മുന്നോട്ടു വക്കുന്ന ബിനുവിനാണ് ഇത്തവണത്തെ മികച്ച മത്സ്യ കര്‍ഷകനുള്ള ജില്ലാതല അവാര്‍ഡും ലഭിച്ചത്. ശുദ്ധജല മത്സ്യ കൃഷിയിലൂടെ തണ്ണീര്‍തട സംരക്ഷണം കൂടി നടപ്പിലാക്കാൻ കഴിയുമെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ ബിനു പറയുന്നു. രാജകുമാരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കൂടിയായ ഭാര്യ ടിസി ബിനുവിന്റെ കൃഷിയിടത്തിലെ പുത്തൻ പരീക്ഷണങ്ങൾക്ക് പൂർണ പിന്തുണയുമായി ഒപ്പമുണ്ട്.