മാനിഫെസ്റ്റോകളില്‍ ആടിയുലഞ്ഞ് കാര്‍ഷികരംഗം; പരാതികളും പ്രതിഷേധവും രേഖപ്പെടുത്തുന്ന തെരഞ്ഞെടുപ്പ്
- NSSO പുറത്തുവിട്ട കണക്കുകള്‍ പ്രകാരം തൊഴിലില്ലായ്മ കഴിഞ്ഞ 45 വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ (6.1%); 2011-12 കാലയളവില്‍ ഇത് 2.2%
- CMIE കണക്കുകള്‍ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ 7.1 ശതമാനമായി ഉയര്‍ന്നു; 2018-ല്‍ ഇത് 5.9 ശതമാനമായിരുന്നു
- അസിം പ്രേംജി യൂണിവേഴ്സിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2016 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ 50 ലക്ഷത്തിലേറെപ്പേരുടെ തൊഴില്‍ നഷ്ടപ്പെട്ടു
- പ്രത്യേക കാര്‍ഷിക ബജറ്റ്; കോണ്‍ഗ്രസ്, ഡി എം കെ മാനിഫെസ്റ്റോയില്‍
- ഫിഷറീസ് മന്ത്രാലയം; കോണ്‍ഗ്രസ് വാഗ്ദാനം
- കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കും, കാര്‍ഷിക മേഖലയില്‍ 5 വര്‍ഷത്തിനുള്ളില്‍ 25 ലക്ഷം കോടിയുടെ നിക്ഷേപം; ബി ജെ പി വാഗ്ദാനം
പതിനേഴാമത് പൊതു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ് രാജ്യം. 543 ലോകസഭാമണ്ഡലങ്ങളില്‍ നിന്ന് ജനപ്രതിനിധികളെ കണ്ടെത്തുന്ന ഈ പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് സര്‍ക്കാരിന് ഭരണതുടര്‍ച്ച നല്‍കുകയോ മറ്റൊരു സര്‍ക്കാര്‍ രൂപീകരണത്തിന് കളമൊരുക്കുകയോ ചെയ്യുന്ന കേവല സംവിധാനമല്ല, ലോകജനസംഖ്യയുടെ 17 ശതമാനത്തോളം പേരുടെ ഭാവിയെ നിര്‍ണ്ണയിക്കുന്നതില്‍ അതിയായ പങ്കുവഹിക്കുന്ന ഏറ്റവും വലിയ ജനാധിപത്യ മാമാങ്കമാണ് ഇന്ത്യന്‍ ദേശീയ തെരഞ്ഞെടുപ്പ്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിലെ ജനവിധി അറിയുന്നത് മെയ് 23 നാണ്.
ഈ ജനകീയ കോടതിയില്‍ വിധി തേടുന്ന രാഷ്ട്രീയ പാര്‍ട്ടികളും പ്രതിനിധികളും ജനങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്ന പ്രകടനപത്രിക (മാനിഫെസ്റ്റോ) ഒരു വിശേഷപത്രമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കേന്ദ്രസര്‍ക്കാരിന്റെ ഭരണവും മാനിഫെസ്റ്റോയും നിലവിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളും ഒരു പോലെ പ്രാധാന്യമര്‍ഹിക്കുന്ന ഘടകങ്ങളാണ്. തങ്ങളെ സേവിക്കുന്നതില്‍ പരാജയപ്പെട്ട ജനപ്രതിനിധികളേയും പാര്‍ട്ടികളേയും ശിക്ഷിക്കുന്ന കാര്യത്തില്‍ വളരെ പക്വമായ സമീപനം സ്വീകരിക്കുന്നവരാണ് ഇന്ത്യയിലെ വോട്ടര്‍മാര്‍. വെള്ളം, വൈദ്യുതി, റോഡ്, തൊഴിലവസരങ്ങള്‍, മറ്റു മെച്ചപ്പെട്ട സാഹചര്യങ്ങള്‍ എന്നിവയാണ് ബഹുഭൂരിപക്ഷം ഇന്ത്യന്‍ വോട്ടര്‍മാരും മുന്നോട്ടുവെയ്ക്കുന്ന ആവശ്യങ്ങള്‍. വോട്ടര്‍മാര്‍ സ്വപ്നവ്യാപാരികള്ക്കും അവരുടെ വാഗ്ദാനങ്ങള്‍ക്കും വലിയ പ്രാധാന്യം കല്പിച്ച ചരിത്രമില്ല, ആരോടും പ്രത്യേകിച്ച് കൂറുമില്ല. അതു തന്നെയാണ് ഇന്ത്യന്‍ ജനാധിപത്യത്തെ വ്യത്യസ്ഥമാക്കുന്നതും ഈ തെരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കുന്നത്.
അഞ്ച് വര്‍ഷമായി ഭരണം നിര്‍വ്വഹിച്ച് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ബി ജെ പി, മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ്, രാജ്യമെമ്പാടും കര്‍ഷകസമരങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യത്തങ്ങോളമിങ്ങോളം പ്രതിഷേധറാലികള്‍ സംഘടിപ്പിച്ച സി പി ഐ (എം), ദളിത്-ബഹുജന-ന്യൂനപക്ഷ മുന്നേറ്റം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന സമാജ് വാദി പാര്‍ട്ടി (എസ് പി)-ബഹുജന്‍ സമാജ് പാര്‍ട്ടി (ബി എസ് പി), പ്രാദേശിക ബോധത്തെ ഊട്ടിയുറപ്പിക്കാന്‍ ശ്രമിക്കുന്ന ദ്രാവിഡ മുന്നേറ്റ കഴകം (ഡി എം കെ), തെലുങ്ക് ദേശം പാര്‍ട്ടി (ടി ഡി പി), തൃണമൂല്‍ കോണ്‍ഗ്രസ് (ടി എം സി, പശ്ചിമ ബംഗാള്‍) തുടങ്ങിയ ഒട്ടുമിക്ക പാര്‍ട്ടികളും മുന്നോട്ടുവെയ്ക്കുന്ന മാനിഫെസ്റ്റോയിലും നിലപാടുകളിലും കര്‍ഷകരുടേയും ചെറുകിട വ്യാപാരികളുടേയും ഉന്നമനം ശ്രദ്ധയേറിയ മുദ്രാവാക്യങ്ങളാണ്. കാരണം മറ്റൊന്നുമല്ല, ഗ്രാമീണ ഇന്ത്യയിലെ 60 ശതമാനത്തിലേറെ വരുന്ന ജനസംഖ്യയുടെ നിത്യജീവിതത്തിലും വരുമാനഘടനയിലും കൃഷിയും അനുബന്ധമേഖലകളും ഇടപെടുന്നുണ്ട് എന്നാണ് വാസ്തവം. ഇന്ത്യന്‍ സമ്പദ്ഘടനയുടെ നട്ടെല്ലായി കാര്‍ഷികമേഖലയെ വിശേഷിപ്പിക്കുന്നതിന്റെ പ്രധാനകാരണവും അതാണ്. എന്നിരുന്നാലും മൊത്തം ആഭ്യന്തര ഉത്പാദനത്തിലേക്ക് (ജി ഡി പി) പരമാവധി 17.4 ശതമാനം മാത്രം സമാഹരിക്കാന്‍ മാത്രം ശേഷിയാണ് കാര്‍ഷിക മേഖലയ്ക്കുള്ളത്.
നരേന്ദ്രമോഡി സര്‍ക്കാര്‍ കാര്ഷികമേഖലക്കുവേണ്ടി എന്തൊക്കെ ചെയ്തു? കാര്‍ഷികമേഖലയെ എത്രത്തോളം സമഗ്രമായി ഉള്‍ക്കാള്ളാന്‍ ഈ മാനിഫെസ്റ്റോകള്‍? കര്‍ഷകരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതില്‍ ഈ രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം എത്രകണ്ട് വിജയിച്ചു? എന്നീ വിഷയത്തിലെല്ലാം ആഴത്തിലുള്ള വിലയിരുത്തലുകള്‍ നടത്തേണ്ടത് അനിവാര്യമാണ്.
അതിന് മുന്‍പ്, ഒട്ടനവധി രാഷ്ട്രീയസംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഹേതുവായ നിലവിലെ തൊഴില്‍ പ്രതിസന്ധികളിലേക്ക് ഒരു എത്തിനോട്ടംകൂടി ആവശ്യമാണ്.
Also Read: തിരിച്ചടയ്ക്കാത്ത കർഷക വായ്പകളും എഴുതിത്തള്ളിയ കർഷക സ്വപ്നങ്ങളും; ഒരു ചരിത്ര രേഖ
തൊഴിലില്ലായ്മ പ്രതിസന്ധി
ബാംഗ്ലൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അസിം പ്രേംജി സര്‍വ്വകലാശാല പുറത്തിറക്കിയ റിപ്പോര്‍ട്ടാണ് ഈയിടെ ഏറെ ചര്‍ച്ചകള്‍ക്ക് കളമൊരുക്കിയത്. 2016 മുതല്‍ 2019 വരെയുള്ള കാലയളവില്‍ രാജ്യത്ത് 50 ലക്ഷം ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട് കണ്ടെത്തിയത്. സംഘടിതമേഖലകളില്‍ നിന്ന് ലഭിച്ച കണക്കുകളെ ആസ്പദമാക്കി വിലയിരുത്തലുകള്‍ നടത്തിയ റിപ്പോര്‍ട്ട് കണ്ടെത്തുന്ന മറ്റൊരു വസ്തുത 2016 ന് ശേഷം രാജ്യത്തെ തൊഴില്‍ അവസരങ്ങളിലും വലിയ തോതിലുള്ള കുറവ് സംഭവിച്ചു എന്നതാണ്. കേന്ദ്രസര്‍ക്കാരിനെതിരെ ഏറെ പ്രതിഷേധം ഉണ്ടാക്കിയ നോട്ടു നിരോധനവും പുതുക്കിയ ടാക്സ് വ്യവസ്ഥയും (GST) നിലവില്‍ വന്നതാ ഈ കാലയളവിലാണ്. സാമ്പത്തികവിദഗ്ദര്‍ നടത്തിയ സാധ്യതാപ്രവചനങ്ങളെ ഊട്ടിയുറപ്പിക്കുന്ന കണക്കുകളാണ് അസിം പ്രേംജി യൂണിവേഴ്സിറ്റി റിപ്പോര്‍ട്ടും അവതരിപ്പിക്കുന്നു. കാര്ഷകരേയും അസംഘടിതമേഖലയിലെ തൊഴിലാളികളേയും സാമ്പത്തികപ്രതിസന്ധികള്‍ എങ്ങനെ ബാധിച്ചു എന്നതിന്റെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ല, അത്തരക്കാര്‍ക്കിടയിലെ പ്രതിസന്ധികള്‍ അതി രൂക്ഷമാണ് എന്ന് വിശദീകരിക്കുന്ന വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്.
സര്‍ക്കാര്‍ സ്ഥാനപമായ നാഷ്ണല്‍ സംപിള്‍ സര്‍വേ ഓഫീസ് (NSSO) പ്രസിദ്ധീകരിച്ച കണക്കുകള്‍ രാജ്യത്താകമാനം പടരുന്ന തൊഴിലില്ലായ്മയെക്കുറിച്ചുള്ള ചിത്രം ഇതിനകം വ്യക്തമായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ തൊഴിലില്ലായ്മ കഴിഞ്ഞ 45 വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 6.1 ശതമാനം കടന്നു എന്നാണ് NSSO സൂചിപ്പിക്കുന്നത്, 2011-12 വര്‍ഷത്തില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2.2 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് നാല് ശതമാനത്തിലേറെ വര്‍ദ്ധിച്ചത് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ തുടര്‍ന്നാണ് എന്ന വിമര്‍ശനമാണ് എല്ലാ കോണുകളില്‍ നിന്നും ഉയരുന്നത്. പ്രസ്തുത വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്ന റിപ്പോര്‍ട്ടാണ് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (CMIE) പുറത്തുവിട്ടത്. CMIE റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ 7.1 ശതമാനമായി ഉയര്‍ന്നു, 2018ല്‍ ഇത് 5.9 ശതമാനമായിരുന്നു. നോട്ടുനിരോധനവും ജി എസ് ടി യും തൊഴില്‍ മേഖലകളെ എത്രത്തോളം ബാധിച്ചു എന്ന് ഈ കണക്കുകളെ ആധാരമാക്കി വിലയിരുത്താം.
Also Read: നോട്ടുനിരോധനം: പൊറുതിമുട്ടിയ കര്‍ഷകര്‍ പ്രക്ഷോഭവുമായി തെരുവിലേക്ക്
ഭരണപരിചയത്തെ മുറുകെപ്പിടിച്ച് ബി ജെ പി
- 2022 വര്‍ഷത്തോടെ കര്‍ഷരുടെ വരുമാനം ഇരട്ടിയാക്കും
- കാര്‍ഷികമേഖലയില്‍ 25 ലക്ഷം കോടിയുടെ നിക്ഷേപം
- രണ്ട് ഹെക്ടറില്‍ താഴെ കൃഷിഭൂമിയുള്ള കര്‍ഷകര്‍ക്ക് ധനസഹായം
- വിള ഇന്‍ഷൂറന്‍സ്
- 60 വയസ്സ് തികയുന്ന ഇടത്തരക്കാരായ കര്‍ഷകര്‍ക്ക് പെന്ഷന്
- പണികള്‍ നടന്നുകൊണ്ടിരിക്കുന്ന 68 ജലസേചന പദ്ധതികള്‍ ഡിസംബറിന് മുമ്പ് പൂര്‍ത്തിയാക്കും
- കാര്‍ഷികോത്പന്നങ്ങള്‍ സംരക്ഷിക്കാനുള്ള സംഭരണികള്‍
- രാജ്യത്തങ്ങോളം ഗോശാലകള്‍, ജൈവകൃഷി വ്യാപനം
ഇവയാണ് ബി ജെ പി മാനിഫെസ്റ്റോയിലെ പ്രധാന വാഗ്ദാനങ്ങള്‍. വിള ഇന്‍ഷൂറന്‍സും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കലും ബി ജെ പി യുടെ 2014 തെരഞ്ഞെടുപ്പിലെ മുദ്രാവാക്യങ്ങളുടെ തുടര്‍ച്ചയാണ്.
രാജ്യത്തെ സാമ്പത്തികരംഗത്തേയും കാര്‍ഷികമേഖലയേയും അടിമുടി ഉടച്ചുവാര്‍ക്കും എന്ന പ്രതിജ്ഞയോടെയാണ് ബി ജെ പി നേതൃത്വം കൊടുക്കുന്ന എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തിലേറിയത്. രാജസ്ഥാന്, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ ഭരണത്തോടൊപ്പം ഹിന്ദി ഹൃദയഭൂമിയില്‍ ശക്തമായ വേരോട്ടവും തെലുങ്ക് ദേശം പാര്‍ട്ടി, പി ഡി പി എന്നീ ഘടകകക്ഷികളുടെ പിന്തുണയും മോഡി നരേന്ദ്രമോഡി സര്‍ക്കാരിനൊപ്പമായിരുന്നു. ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളും തുടര്‍ന്നുണ്ടായ തെരഞ്ഞെടുപ്പുകളില്‍ ബി ജെ പിക്ക് കൈവന്നുചേര്ന്നു.
കര്‍ഷകരെ കടക്കെണിയില്‍ നിന്ന് രക്ഷിക്കും, കര്‍ഷകരുടെ വരുമാനം 2022 വര്‍ഷത്തോടെ ഇരട്ടിയാക്കും, യു പി എ സര്‍ക്കാരിന്റെ പരാജയത്തിന്റെ ഉദാഹരണമായ ദേശീയ തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കും, ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തും എന്നിങ്ങനെ നിരവധി വാഗ്ദാനങ്ങള്‍ ബി ജെ പി നല്കി. എന്നാല്‍, അധികാരത്തിലേറിയ സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍ മാത്രം പരിശോധിക്കുമ്പോള്‍ കാര്‍ഷികമേഖലയില്‍ പുരോഗതി സംഭവിച്ചില്ലെന്ന് മാത്രമല്ല, പ്രതിസന്ധികള്‍ പതിന്മടങ്ങ് രൂക്ഷമാകുകയും ചെയ്തു, കൂട്ടത്തില്‍ കര്‍ഷക ആത്മാഹത്യകളും പെരുകി. ആ പ്രതിസന്ധി കര്‍ഷകര്‍ പ്രതിഷേധറാലികളായി തെരുവിലും മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന് തെരഞ്ഞെടുപ്പിലൂടെ രേഖപ്പെടുത്തുകയും ചെയ്തതോടെ പരമ്പരാഗത ശക്തികേന്ദ്രമായ ഹിന്ദി ഹൃദയഭൂമി ബി ജെ പിക്ക് നഷ്ടമായി. പ്രതിഷേധങ്ങളുടെ പ്രതിഫലനം ഈ തെരഞ്ഞെടുപ്പിലും സംഭവിച്ചാല്‍ 100-ലേറെ സീറ്റുകള്‍ ബി ജെ പി ക്ക് നഷ്ടമാകുകയും മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനും മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അതിലൂടെ നേട്ടം കൊയ്യുകയും ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ബി ജെ പി സര്‍ക്കാര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ നോട്ടുനിരോധനവും ജി എസ് ടി യും ഫലത്തിലുണ്ടാക്കിയ വെല്ലുവിളികളെ തുടര്‍ന്നും നേരിടേണ്ടിവരുമെന്നുറപ്പാണ്.
കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കല്‍ എന്ന ആശയത്തിലേക്ക് മോഡി സര്‍ക്കാര്‍ വരുന്നത് 2016 ലെ കേന്ദ്രബജറ്റിലൂടെയാണ്. യു പി എ സര്‍ക്കാര്‍ നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഫണ്ട് നിക്ഷേപിക്കില്ല എന്ന മുന്‍ തീരുമാനം മാറ്റുകയും അത് ഗ്രാമീണ വികസനത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയുമാണ് എന്ന് കേന്ദ്രധനകാര്യവകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്ലി ബജറ്റ് പ്രസംഗത്തിനിടെ പ്രസ്താവിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ ആദ്യ രണ്ട് വര്‍ഷങ്ങളില്‍ തൊഴിലുറപ്പ് പദ്ധതി മരവിപ്പിച്ചത് അബദ്ധമായിപ്പോയി വ്യക്തമാക്കുന്നതായിരുന്നു ആ തീരുമാനം. പക്ഷേ പദ്ധതിയില്‍ ഫണ്ട് കൃത്യമായി നിക്ഷേപിക്കുന്നതിലും സര്‍ക്കാര്‍ വീഴ്ചവരുത്തുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്. 2018 വര്‍ഷം ഒടുവിലത്തെ കണക്ക് പരിശോധിക്കുമ്പോള്‍ കര്‍ഷകരുടെ വരുമാനത്തില്‍ 4.2 ശതമാനത്തിന്റെ വളര്‍ച്ചായണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതില്‍ ഫിഷറീസ്, അനിമല്‍ ഹസ്ബന്ററി എന്നിവ കുറച്ചാല്‍ 2.5 ശതമനാനത്തിലേക്ക് ഒതുങ്ങുന്ന വരുമാനവളര്‍ച്ച വിലക്കയറ്റവുമായി തട്ടിക്കിഴിച്ചാല്‍ വെറും 0.8 ശതമാനമായി ചുരുങ്ങുന്നത് കാണാനാകും. ഈ തോതിലാണ് കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതെങ്കില്‍ ഏകദേശം 87 വര്‍ഷത്തിന് ശേഷം 2105-ലായിരിക്കും നരേന്ദ്രമോഡി സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന ‘വരുമാനം ഇരട്ടിക്കല്‍’ സംഭവിക്കുക.
വിള ഇന്‍ഷൂറന്‍സായ ‘ഫസല്‍ ബീമാ യോജന’യുമായി ബന്ധപ്പെട്ട് ധാരാളം പ്രതിഷേധങ്ങളാണ് നിലവില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. പ്രീമിയം തുകയിലെ കുറവ്, സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികളുടെ കുത്തക എന്നിവ സുപ്രധാന വിഷയങ്ങളാണ്. കൂട്ടത്തില്‍ കാര്‍ഷിക കടം എഴുതി തള്ളല്‍ പോലുള്ള നടപടികളിലേക്ക് മോഡി സര്‍ക്കാര്‍ കടക്കാതിരുന്നതും ബി ജെ പിക്ക് ഈ തെരഞ്ഞെടുപ്പില്‍ വെല്ലുവിളികളാണ്.
Also Read: കാര്‍ഷിക സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച നോട്ടുനിരോധനം
നഷ്ടപ്പെട്ട ജനപ്രീതി തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ്
- കാര്‍ഷിക ബജറ്റ് ആരംഭിക്കും
- ഫിഷറീസ് മന്ത്രാലയം സ്ഥാപിക്കും; ദേശീയ മത്സ്യതൊഴിലാളി കമ്മീഷന്
- എല്ലാ സംസ്ഥാനങ്ങളിലും കാര്‍ഷിക വായ്പകള്‍ എഴുതി തള്ളും; കടം തിരിച്ചടക്കാനാകാത്ത കര്ഷകര്ക്കെതിരെയുടെ നിയമനടപടികള്‍ അവസാനിപ്പിക്കും
- ജലസ്രോതസ്സുകളുടെ നവീകരണം പാഴ്ഭൂമികളെ കൃഷിഭൂമികളാക്കി മാറ്റും, കൂട്ടത്തില്‍ ഒരു കോടി തൊഴില്‍ അവസരങ്ങള്‍
- ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ തൊഴില്‍ ദിനങ്ങള്‍ 150 ആക്കി പരിഷ്കരിക്കും
- കാര്‍ഷികമേഖലയുടെ വികസനത്തിനും ആസൂത്രണത്തിനും കര്‍ഷകരേയും വിദഗ്ദരേയും ഉള്‍പ്പെടുത്തി ദേശീയ കമ്മിഷന് (National Commission on Agriculture Development and Planning); അതിലൂടെ താങ്ങുവില നിശ്ചയിക്കല്‍ നടത്തും
- വിള ഇന്‍ഷൂറന്‍സ് പദ്ധതി പരിഷ്കരിക്കും
- വനിതാ കര്‍ഷകര്‍ക്ക് നിയമ-ധനസഹായം
- കാര്‍ഷികോത്പന്ന സംഭരണ ശൃംഖല
- കാര്‍ഷികമേഖലയില്‍ ഗവേഷണ സാഹചര്യങ്ങള്‍
ജനശ്രദ്ധ പിടിച്ചുപറ്റുന്ന വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാര്‍ഷികമേഖലയുടെ വികസനം, തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക, മിനിമം വരുമാനം എന്നിങ്ങനെയുള്ള പദ്ധതികള്‍ക്ക് ഊന്നല്‍ നല്കി കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത് ഗ്രാമീണവോട്ടുകളുടെ സമാഹരണമാണ്. അധികാരത്തിലേറിയ സംസ്ഥാനങ്ങളില്‍ കാര്‍ഷിക കടം എഴുതിതള്ളല്‍, ആദിവാസി ഭൂമി തിരിച്ചു നല്കല് എന്നിങ്ങനെ പാലിക്കപ്പെട്ട വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസിനെ ജനങ്ങളുടെ ഗുഡ് ബുക്കില്‍ കയറാന്‍ സഹായിച്ചിട്ടുണ്ട്. രണ്ടാം യു പി എ യുടെ പരാജയത്തോടെ ലോകസഭയില്‍ 44 സീറ്റുകളില്‍ ഒതുങ്ങിപ്പോയ കോണ്‍ഗ്രസിന് ഇത് അഗ്നിപരീക്ഷയാണ്. ചരിത്രത്തിലെ ചില ഏടുകള്‍ അടര്‍ത്തിയെടുത്ത് അതുപോലെ വീണ്ടും പ്രയോഗിക്കുന്ന പ്രചാരണപദ്ധതികളാണ് കോണ്‍ഗ്രസിന്റേത്. കര്‍ണ്ണാടക, മധ്യപ്രദേശ്, രാജസ്ഥാന്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നേടിയ അസംബ്ലി വിജയത്തോടൊപ്പം ഹിന്ദി ഹൃദയഭൂമി ബി ജെ പി യില്‍ നിന്ന് പിടിച്ചെടുത്ത ആത്മവിശ്വാസവുമാണ് കോണ്‍ഗ്രസിന്റെ ശക്തി. ഒപ്പം തന്നെ, കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന ബി ജെ പി വിരുദ്ധ പ്രതിപക്ഷ മുന്നണിയില്‍ ഡി എം കെ, സി പി ഐ (എം), തെലുങ്ക് ദേശം പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ജനാതാദള്‍ സോഷ്യലിസ്റ്റ് തുടങ്ങി ചെറുതും വലുതുമായ പ്രാദേശിക പാര്‍ട്ടികളും ചേര്‍ന്നതോടെ കോണ്ഗ്രസിനേറെ പ്രതീക്ഷ നല്കുന്ന തെരഞ്ഞെടുപ്പുകൂടിയാണ് ഇത്. വളരെയേറെ അനുകൂലമായ രാഷ്ട്രീയസാഹചര്യങ്ങളുണ്ടെങ്കിലും കോണ്‍ഗ്രസിന് ഘടകകക്ഷികളുടെ സഹായത്തോടെ മാത്രമേ സര്‍ക്കാര്‍ രൂപീകരിക്കാനാകൂ എന്നാണ് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവെച്ച് 150 ലേറെ സീറ്റ് കരസ്ഥമാക്കാനായില്ലെങ്കില് കോണ്‍ഗ്രസിന്റെ സര്‍ക്കാര്‍ സ്വപനങ്ങള്‍ തകര്‍ന്നടിയും. ഇനി കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന മുന്നണിക്ക് സര്‍ക്കാര്‍ രൂപികരിക്കാനായാലും തകര്‍ന്നുപോയെ സാമ്പത്തികരംഗത്തെ തിരിച്ചെടുക്കലും കാര്‍ഷികമേഖല നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കലും വളരെ പ്രയാസമേറിയ ദൗത്യമാണ്.
Also Read: കര്‍ഷകസമൂഹത്തെ നിലനില്‍പ്പിന്റെ പോരാട്ടത്തിലേക്ക് തള്ളിവിട്ട നോട്ടുനിരോധനം
പ്രക്ഷോഭങ്ങളിലൂടെ പ്രതിഛായ നേടിയെടുത്ത സി പി ഐ (എം), മഹാഗത്ബന്ധനും പ്രാദേശിക രാഷ്ട്രീയവും
ഈ തെരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധനേടുന്നത് സി പി ഐ എമ്മും മറ്റ് ഇടതുപാര്‍ട്ടികളും മുന്നോട്ടുവെക്കുന്ന ചില രാഷ്ട്രീയ സമവാക്യങ്ങളാണ്. മോഡി സര്‍ക്കാരിനെതിരെ ജനരോഷം ഉയര്‍ത്തിവിടാന്‍ തക്കരീതിയില്‍ മധ്യേന്ത്യയിലും ഉത്തരേന്ത്യയിലും പതിനായിരങ്ങളെ സംഘടിപ്പിച്ച് പ്രതിഷേധറാലി സംഘടിപ്പിച്ചു എന്നത് സി പി ഐ എമ്മിന്റെ നേട്ടമാണ്.
കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഭക്ഷ്യ സുരക്ഷ നടപ്പിലാക്കുക, മിനിമം താങ്ങുവില നടപ്പിലാക്കാനുള്ള നിയമസംവിധാനം, സഹകരണമേഖലയുടെ സംരക്ഷണം, കുടുംബശ്രീ പോലുള്ള സ്വയംതൊഴില്‍ സംഘങ്ങള്‍, ഗ്രാമീണ കാര്‍ഷിക തൊഴില്‍ സംരംഭങ്ങള്‍, കര്‍ഷകര്‍ക്ക് സബ്സിഡി, കാര്‍ഷിക മേഖലയില്‍ സര്‍ക്കാര്‍ നിക്ഷേപങ്ങള്‍ എന്നിങ്ങനെയുള്ള സോഷ്യലിസ്റ്റ്, കര്‍ഷകസൗഹൃദ പദ്ധതികളാണ് സി പി ഐ (എം) മുന്നോട്ടുവെയ്ക്കുന്നത്. പ്രാദേശികമായി ഐക്യപ്പെട്ട സമാജ് വാദി, ബഹുജന്‍ സമാജ് പാര്‍ട്ടി, ആര് എല്‍ ഡി എന്നീ രാഷ്ട്രീയപ്പാര്‍ട്ടികളേയും കോണ്‍ഗ്രസിനേയും ഒരുമിച്ച് നിറുത്താനുള്ള ശ്രമത്തോടൊപ്പം ഈ പാര്‍ട്ടികളുടെ പദ്ധതി രൂപീകരണത്തിലും സി പി ഐ എമ്മിന്റെ സ്വാധീനം വ്യക്തമാണ്. കര്‍ഷകരുടെ ആവശ്യങ്ങള്‍ പ്രതിഷേധ റാലികളിലൂടെ അവതരിപ്പിക്കുകയും അവ മുഖ്യധാരാ പാര്‍ട്ടികളുടെ മാനിഫെസ്റ്റോകളില്‍ ഇടം പിടിച്ചതുമാണ് ഇതിനുദാഹരണം. സമാജ് വാദി പാര്‍ട്ടിയുടെ മാനിഫെസ്റ്റോയില്‍ കേരളത്തിലെ സ്ത്രീശാക്തീകരണ പദ്ധതിയായ കുടുംബശ്രീ ഉദാഹരണമാക്കിയുള്ള പ്രസ്താവനയുണ്ട്. കോണ്‍ഗ്രസിനോട് ഐക്യപ്പെടുന്ന കാര്‍ഷിക ബജറ്റ്, തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കല്‍ എന്നിവ ഡി എം കെ യുടെ ബജറ്റില്‍ ഉള്‍പ്പെടുന്നു. കര്‍ഷക സമരത്തിന് ദേശീയ ശ്രദ്ധനേടിക്കൊടുക്കുന്നതില് തമിഴ് കര്‍ഷക സംഘടനകളുടെ പങ്ക് ചെറുതായിരുന്നില്ല. തമിഴ്നാട്ടിലെ കര്‍ഷക പ്രതിഷേധങ്ങളെ അനുകൂല വോട്ടുകളാക്കി മാറ്റുന്നതില്‍ ഡി എം കെ വിജയിച്ചാല്‍, ഒപ്പം തമിഴ്നാട്ടിലെ വിശാല മുന്നണി കൂടുതല്‍ വോട്ടുകള്‍ കരസ്ഥാമാക്കിയാല് അണ്ണാ ഡി എം കെ ബി ജെ പി യുടെ ശക്തി ക്ഷയിച്ച ഒരു ഘടകകക്ഷിയായി മാത്രമായി ഒതുങ്ങിപ്പോകും.
വളരെയേറെ ഇച്ഛാശക്തിയോടെ കൈകാര്യം ചെയ്യേണ്ട മേഖലയാണ് ഇന്ത്യന്‍ കാര്‍ഷികരംഗം. എന്നാല്‍, വ്യാവസായികളും വന്‍ നിക്ഷേപകരും സംരക്ഷിക്കപ്പെടുകയും കര്‍ഷകര്‍ രാജ്യത്താകമാനം കടക്കെണിയിലകപ്പെട്ട് ആത്മഹത്യ ചെയ്യുന്ന പ്രവണതയാണ് 90-കളുടെ ആദ്യഘട്ടത്തില്‍ നടപ്പിലാക്കിയ സാമ്പത്തികപരിഷ്കരണം മുതല്‍ നിലനില്‍ക്കുന്നത്. രാജ്യത്തെ ബഹുഭൂരിപക്ഷം ആളുകളുടേയും ജീവിതോപാധി മാത്രമല്ല കൃഷി, അത് നൂറ്റിമുപ്പത് കോടി ജനതയുടെ ഭക്ഷ്യ സുരക്ഷയുടെ അടിത്തറകൂടിയാണ്. വാഗ്ദാനപത്രികളിലെ വാക്കുകളില്‍ കുടുങ്ങാതെ പദ്ധതികള്‍ പ്രാബല്യത്തില്‍ വരുന്ന സാമൂഹിക നീതിക്കായുള്ള അനന്തരമായ കാത്തിരിപ്പില്‍ നിന്ന് കര്‍ഷകസമൂഹത്തെ മോചിപ്പിക്കാനുള്ള പ്രതിജ്ഞ എടുക്കുക എന്ന തീരുമാനത്തിലേക്ക് രാഷ്ട്രീയപാര്‍ട്ടികള്‍ പ്രവേശിച്ചാല്‍ ഭാവിയില്‍ വരാനിരിക്കുന്ന വലിയ ദുരന്തത്തില്‍ നിന്ന് നമുക്ക് രക്ഷപ്പെടാം.
Also Read: കേന്ദ്രബജറ്റ് 2018; വീക്ഷണമില്ലായ്മയില്‍ നിന്ന് വാചാടോപത്തിലേക്ക് ഒരു ബജറ്റ് ദൂരം