ചരക്കുകളുടെ വിലയിടിയുന്നു; കാലാവസ്ഥാ പ്രവചനത്തില്‍ കണ്ണുംനട്ട് വ്യാപാരരംഗം
ന്യൂഡല്‍ഹി: അതാതു വര്‍ഷങ്ങിലെ കാലവര്‍ഷവും മഴയുടെ അളവും രാജ്യത്തെ കാര്‍ഷിക വ്യാപാരമേഖലയില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിപ്പിക്കാറുണ്ട്. എന്നാല്‍, രാജ്യത്തെ വ്യാപാരരംഗം ഇത്തവണ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ സുപ്രധാന കാലവര്‍ഷ പ്രവചനത്തെ അതീവ പ്രതീക്ഷയോടെ വ്യാപാരച്ചരക്കുകളുടെ വിലതാഴ്ത്തിയാണ് നേരിടുന്നത്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ ജനറല്‍ കെ ജെ രമേഷ് ഇക്കഴിഞ്ഞ 18ന് നടത്തിയ വാര്‍ത്താസമ്മേളത്തിലാണ് ഈ വര്‍ഷം സ്വാഭാവികമായ കാലവര്‍ഷമുണ്ടാകുമെന്ന് പ്രവചനം നടത്തിയത്. സ്വാഭാവികമായ കാലവര്‍ഷം മെച്ചപ്പെട്ട വിളവ് തരുമെന്ന് പ്രതീക്ഷയെ തുടര്‍ന്നാണ് നിലവിലെ വിലയിടിവ് സംഭവിക്കുന്നത്. ചെറുപയറിന്റെ വിലയിലാണ് ആദ്യമായി കുറവ് സംഭവിച്ചത്, പിന്നീടത് മല്ലി, മഞ്ഞള്‍, ജീരകം, ആവണക്ക്, സോയാ പയറ് തുടങ്ങി ഒട്ടുമിക്ക കാര്‍ഷിക വ്യാപാരചരക്കുകളുടേയും വിലയില്‍ ഇടിവുണ്ടാകുന്ന പ്രവണതയിലേക്കെത്തിച്ചു. ജീരകം, ആവണക്ക് എന്നിവയുടെ വില യഥാക്രമം 3.66, 3.86 ശതമാനം വീതം താഴ്ന്നതിന് പുറമേ 4 ശതമാനം വീതം വിലയിടിവ് മല്ലി, മഞ്ഞള്‍ എന്നിവയ്ക്കും സംഭവിച്ചു. കൂട്ടത്തില്‍, സോയാപ്പയറിന്റെ വിലയില്‍ 2.88 ശതമാനവും ചെറുപയറിന്റെ വിലയില്‍ വിലയില്‍ 2.26 ശതമാനവും ചോളത്തിന്റെ വിലയില്‍ 2.09 ശതമാനം വിലയിടിവുമാണ് നാഷ്ണല്‍ കമ്മോഡിറ്റി ആന്റ് ഡെറിവേറ്റീവ് എക്സ്ചേഞ്ച് (NCDEX) പട്ടികയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വരുന്ന ജൂണില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന കാലാവസ്ഥാ പ്രവചനം സുപ്രധാനമായിരിക്കുമെന്ന് റെലിഗേര്‍ കമ്മോഡിറ്റി ചില്ലറവ്യാപാരഗവേണത്തിന്റെ വൈസ് പ്രസിഡന്റായ അജിതേഷ് മുള്ളിക് പറഞ്ഞു.