Saturday, April 5, 2025
കാര്‍ഷിക വാര്‍ത്തകള്‍

ആഞ്ഞിലിച്ചക്ക സംരക്ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്ന് കൃഷി മന്ത്രി; സമൂഹ മാധ്യമങ്ങളിലൂടെ വമ്പൻ തിരിച്ചുവരവിന് ഒരുങ്ങി കേരളത്തിന്റെ ആഞ്ഞിലിച്ചക്ക

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.

ആഞ്ഞിലിച്ചക്ക സംരക്ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്ന് കൃഷി മന്ത്രി; സമൂഹ മാധ്യമങ്ങളിലൂടെ വമ്പൻ തിരിച്ചുവരവിന് ഒരുങ്ങി കേരളത്തിന്റെ ആഞ്ഞിലിച്ചക്ക. ആഞ്ഞിലിച്ചക്കയുടെ സംരക്ഷണത്തിനായി സമൂഹ മാധ്യമങ്ങൾ ശബ്ദമുയർത്തിയതിന്റെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍.

കേരളത്തിന്‍റെ തനതു ഫലങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നുള്ളതുകൊണ്ടാണ് കൃഷിവകുപ്പ് ചക്കയെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചത്. ജനങ്ങള്‍ക്ക്‌ നമ്മുടെ നാട്ടു പഴങ്ങളുടെ ഗുണത്തെകുറിച്ചും രുചിയെകുറിച്ചും വിപണിയെ കുറിച്ചും അറിവുണ്ടാകണം. അതിനാണ് കേരളത്തിന്‍റെ തനതു ഫലങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്.

ചക്കയെ കൂടാതെ ആഞ്ഞിലിച്ചക്ക, ആത്തച്ചക്ക, വൈറ്റ് ചെറി, കാരപ്പഴം തുടങ്ങിയ പഴങ്ങളുടെ സംരക്ഷണത്തിനും ഇവയെ പ്രോത്സാഹിപ്പിക്കാനും കൃഷിവകുപ്പ് പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നുണ്ട്. ഇത്തരം നാടന്‍ രുചികളെ പ്രോല്‍സാഹിപ്പിക്കുന്നതിലൂടെ നമ്മുക്ക് ഭക്ഷ്യസുരക്ഷ കൈവരിക്കാന്‍ പറ്റുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നേരത്തെ ആഞ്ഞിലിച്ചക്കയെ അവഗണിക്കുന്നതിനെതിരെ നിരവധി പേർ സമൂഹ മാധ്യമങ്ങളിൽ പ്രതികരിച്ചിരുന്നു.
നാടനും വിദേശിയുമായ വിവധ പഴവര്‍ഗങ്ങളുടെ വരവോടെയാണ് ഒരു കാലത്ത് മലയാളിയുടെ മധുരം പകർന്നിരുന്ന ആഞ്ഞിലിച്ചക്ക മറവിയിലേക്ക് നീങ്ങിയത്.

എന്നാൽ അടുത്തിടെ വിവിധ സമൂഹ മാധ്യമ കൂട്ടായ്മകളും മറ്റും ആഞ്ഞിലിച്ചക്കയെക്കുറിച്ചുള്ള ചർച്ചകൾ സജീവമാക്കുകയായിരുന്നു. ജൂണ്‍. ജുലായ് മാസങ്ങളില്‍ സുലഭമായി നാട്ടില്‍ സൗജന്യമായി കിട്ടുന്ന ഏക പഴവര്‍ഗമാണ് ആഞ്ഞിലിച്ചക്ക. മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനുളള ഔഷധഗുണങ്ങളും ആഞ്ഞിലി ചക്കയ്ക്കുണ്ടെന്ന് ആയുര്‍വേദ വിദഗ്ധര്‍ പറയുന്നു. ഏതായാലും സമൂഹ മാധ്യമങ്ങളിലൂടെ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുകയാണ് ആഞ്ഞിലിച്ചക്ക.

Also Read: രാജ്യാന്തര വിപണിയിൽ ബ്രസീലിയൻ, ശ്രീലങ്കൻ കുരുമുളകിനു മുന്നിൽ പിടിച്ചു നിൽക്കാനാകാതെ ഇന്ത്യൻ കുരുമുളക്

Image: dekochi.com

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.