ഏലം ഉൽപ്പാദനത്തിൽ വൻ ഇടിവുണ്ടാകുമെന്ന് സൂചന; വിപണിയിൽ വില ഉയർന്നു തുടങ്ങി
ഏലം ഉൽപ്പാദനത്തിൽ വൻ ഇടിവുണ്ടാകുമെന്ന് സൂചന; വിപണിയിൽ വില ഉയർന്നു തുടങ്ങി. ശക്തമായ കാറ്റും മഴയും, ഒപ്പം ഇരുട്ടടിയായെത്തിയ അഴുകൽ രോഗവുമാണ് ഉൽപാദനത്തിൽ വൻ ഇടിവുണ്ടാകാൻ കാരണം. കൂടാതെ
ഇ ലേലം പൂർണമായി ഓൺലൈൻ ആക്കുമെന്ന റിപ്പോർട്ടുകളും വിപണിയിൽ ഏലക്കയുടെ വില ഉയരാൻ കാരണമായതായി വ്യാപാരികൾ പറയുന്നു.
ഈ സീസണിലെ ഉൽപാദനത്തിൽ 40 ശതമാനം വരെ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സൂചന. ഈ വർഷം നേരേത്ത മഴ ലഭിച്ചതിനാൽ ഉൽപാദനത്തിൽ വൻ വർധന ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് കാലവർഷം പതിവിലും ശക്തിപ്രാപിച്ചത്. ഇ ലേലത്തിലെ പണമിടപാടുകൾ പൂർണമായി ഓൺലൈൻ ആക്കുന്നതിന്റെ ഭാഗമായി എസ്‌ക്രോ സെറ്റിൽമെന്റ് മാതൃക നടപ്പാക്കാനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്.
കർഷകന് നൽകുന്ന പണവും ലേലം നടത്തുന്നയാളുടെ കമീഷനും പൂർണമായും സ്പൈസസ് ബോർഡ് സെറ്റിൽമെന്റ് അക്കൗണ്ട് വഴി നൽകുന്നതാണ് പദ്ധതി. ഇത് നടപ്പാക്കിയാൽ ഇ-ലേലം, ഓരോ ലോട്ടുകളും വാങ്ങുന്നവർ, കുടിശ്ശിക, ലേലം നടത്തുന്നവർക്കുള്ള കമീഷൻ തുടങ്ങിയ നടപടിക്രമങ്ങളെല്ലാം സ്പൈസസ് ബോർഡിന് ഓൺലൈനായി നിരീക്ഷിക്കാൻ കഴിയും.
ഇത് ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന് കർഷകരെ രക്ഷിക്കുകയും കർഷകരുടെ ഉൽപന്നങ്ങൾക്ക് ന്യായമായ വില ഉടൻ അക്കൗണ്ടിൽ ലഭ്യമാകുകയും ചെയ്യും. ഇതോടെ കീടനാശിനികളുടെയും വളത്തിന്റെയും വിലവര്‍ദ്ധനവു മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കർഷകർ നേരിയ ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ഒരു കിലോഗ്രാം ഏലക്കാ ഉല്‍പ്പാദിപ്പിക്കുന്നതിന് ശരാശരി എഴുനൂറ്റി അമ്പത് രൂപ ചെലവാകുന്നതായും കർഷകർ പറയുന്നു.
Also Read: സംസ്ഥാനത്ത് 500 കൂടുമത്സ്യ കൃഷി യൂണിറ്റുകൾ തുടങ്ങാൻ 15 കോടി രൂപയുടെ പദ്ധതിയുമായി സിഎംഎഫ്ആർഐ
Image: pixabay.com