ചെന്നൈ, സേലം എട്ടുവരിപ്പാതയ്ക്കെതിരെ കർഷക പ്രക്ഷോഭം ആളിപ്പടരുന്നു; കുലുക്കമില്ലാതെ തമിഴ്നാട് സർക്കാർ
Representative Image
ചെന്നൈ, സേലം എട്ടുവരിപ്പാതയ്ക്കെതിരെ കർഷക പ്രക്ഷോഭം ആളിപ്പടരുന്നു; കുലുക്കമില്ലാതെ തമിഴ്നാട് സർക്കാർ.
തൂത്തുക്കുടി വെടിവെപ്പിനു തൊട്ടുപിന്നാലെ മറ്റൊരു ജനകീയ പ്രക്ഷോഭംകൂടി തമിഴ്നാട്ടിൽ കത്തിപ്പടരുകയാണ്. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ സ്വപ്ന പദ്ധതിയായ ചെന്നൈ, സേലം എട്ടുവരിപ്പാത കൃഷി ചെയ്യുന്ന ഏക്കർ കണക്കിന് കൃഷി ഭൂമിയിലൂടെയാണ് കടന്നുപോകുന്നത്. പദ്ധതിയുടെ പേരില്‍, തങ്ങളോട് ആലോചിക്കാതെ കൃഷി ഭൂമി പദ്ധതിയ്ക്കായി ഏറ്റെടുക്കാന്‍ തീരുമാനിച്ച തമിഴ്‌നാട് സര്‍ക്കാരിനെതിരെ സന്ധിയില്ലാ സമരത്തിലാണ് ഈ മേഖലയിലെ കര്‍ഷകര്‍.
മേഖലയിൽ സർക്കാരും പോലീസും ചേർന്ന് അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പിലാക്കിയതായി കര്‍ഷകര്‍ പറയുന്നു. പദ്ധതിയെ ചോദ്യം ചെയ്യുന്ന ആരേയും പോലീസ് ബലമായി പിടിച്ചുകൊണ്ടുപോകുന്നതായും സമരക്കാർ ആരോപിക്കുന്നു. സാമൂഹിക പ്രവർത്തകരായ പിയൂഷ് മനുഷ്, വളർമതി, സിനിമാതാരമായ മൻസൂർ അലി ഖാൻ എന്നിവരെ സമരത്തെ അനുകൂലിച്ച് സംസാരിച്ചതിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജൂൺ 20 ന് തിരുവണ്ണാമലയിൽ അഖിലേന്ത്യാ കിസാൻ സഭ കർഷകർക്കായി സംഘടിപ്പിച്ച ഒരു മീറ്റിംഗ് പോലീസ് അലങ്കോലപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.
തൂത്തുക്കുടിയിലെ വേദാന്ത കോപ്പര്‍ പ്ലാന്റിനെതിരെ സമരം ചെയ്തവരെ അടിച്ചൊതുക്കാൻ പോലീസ് പ്രയോഗിച്ച അതേ സമീപനമാണ് ഇവിടേയുമെന്ന് സമരക്കാർ പറയുന്നു. സേലം ജില്ലയിലെ ഹെക്ടറുകളോളം വരുന്ന പച്ചപ്പ് നിറഞ്ഞ കൃഷി ഭൂമിയാണ് പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുന്നത്. അതും വിപണി വിലേയേക്കാൾ വളരെക്കുറവു മാത്രം നൽകിയാണെന്നും കർഷകർ ആരോപിക്കുന്നു. തങ്ങളുടെ സമ്മതമില്ലാതെ സ്ഥാപിച്ചിട്ടുള്ള സര്‍വേ കല്ലുകള്‍ പിഴുതെറിയുമെന്നാണ് സമരക്കാരുടെ നിലപാട്.
പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജൂണ്‍ 26 ന് എല്ലാ കര്‍ഷകരും വീടിനും കൃഷിസ്ഥലത്തിനും മുന്നില്‍ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ കരിങ്കൊടി ഉയര്‍ത്തും. കർഷകരുടെ പരാതികൾക്കു നേരെ എന്നിട്ടും തമിഴ്നാട് സര്‍ക്കാര്‍ മുഖം തിരിച്ചാൽ ജൂലൈ 6 ന് ഹൈവേ പദ്ധതിക്ക് അനുമതി നല്‍കിക്കൊണ്ടുള്ള ഓര്‍ഡര്‍ കത്തിച്ചുകൊണ്ടുള്ള വൻ പ്രതിഷേധത്തിനാണ് കർഷക സംഘടനകള്‍ ഒരുങ്ങുന്നത്.
“തൂത്തുക്കുടിയില്‍ പ്രതിഷേധിച്ച 13 പേരെ വെടിവെച്ച് കൊലപ്പെടുത്തിയതിനു ശേഷം എ.ഐ.എ.ഡി.എം.കെ സര്‍ക്കാര്‍ എക്സ്പ്രസ് ഹൈവേക്കെതിരെയുള്ള പ്രക്ഷോഭങ്ങളെ ലക്ഷ്യം വച്ചിരിക്കുകയാണ്. മീറ്റിങ്ങുകളില്‍ പങ്കെടുക്കുന്നത് തടയാനായി ഗ്രാമങ്ങളില്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. കര്‍ഷകരെ അറസ്റ്റു ചെയ്തു നീക്കാന്‍ അവര്‍ക്കു സാധിച്ചെങ്കിലും, മീറ്റിംഗ് ഞങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ചു,” അഖിലേന്ത്യാ കിസാന്‍ സഭ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണന്‍ പറയുന്നു.
10,000 കോടി ചെലവുവരുന്ന എക്സ്പ്രസ്സ് ഹൈവേ പദ്ധതി യാഥാർഥ്യമായാൽ 6400 മരങ്ങള്‍ മുറിക്കേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍ ഒരു ലക്ഷത്തിലധികം മരങ്ങള്‍ നഷ്ടപ്പെടുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. പദ്ധതിയുടെ പ്രോജക്ട് സാധ്യതാ റിപ്പോർട്ടാകട്ടെ കോപ്പിയടിച്ചതും അപ്രസക്തവുമായ വിവരങ്ങൾകൊണ്ട് പേജുകൾ നിറയ്ക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും വിമർശനം ഉയരുന്നു.
277 കിലോമീറ്റര്‍ നീളം വരുന്ന എട്ടുവരി എക്‌സപ്രസ് പാതയ്ക്കായി 2560 ഹെക്ടര്‍ കൃഷിഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. സേലത്തുള്ള സതേൺ അയൺ ആൻഡ് സ്റ്റീൽ കമ്പനി ലിമിറ്റഡ് (SISCOL) ന്റെ കഞ്ചമലൈ, കവിത്തുമലൈ, വേദിയപ്പൻമലൈ എന്നിവിടങ്ങളിലുള്ള ഇരുമ്പയിര് ഖനികളുടെ വികസനത്തിലാണ് സർക്കാരിന്റെ കണ്ണ്.
ചെന്നൈ, സേലം യാത്രാസമയം നിലവിലുള്ള 6 മണിക്കൂറിൽനിന്ന് നേര്‍പകുതിയാക്കി കുറക്കുമെന്ന സ്ഥിരം പല്ലവിയിൽ ഉറച്ചു നിൽക്കുകയാണ് സർക്കാർ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ നടപ്പിലാകുന്ന അഭിമാന പദ്ധതിയാണ് എക്‌സ്പ്രസ് ഹൈവേയെന്നും യുദ്ധകാലാടിസ്ഥാനത്തിലാണ് പദ്ധതിക്കു വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതെന്നും എഐഎഡിഎംകെ വക്താവ് എ ശങ്കര്‍ വ്യക്തമാക്കുന്നു.
Image: unsplash.com