കേരളത്തിലെ കശുവണ്ടി കർഷകർക്ക് ഇരുട്ടടിയായി കേന്ദ്രത്തിന്റെ കശുമാവ് കൃഷി പദ്ധതി വരുന്നു; പട്ടികയിൽ നിന്ന് കേരളം പുറത്ത്

കേരളത്തിലെ കശുവണ്ടി കർഷകർക്ക് ഇരുട്ടടിയായി കേന്ദ്രത്തിന്റെ കശുമാവ് കൃഷി പദ്ധതി വരുന്നു; പട്ടികയിൽ നിന്ന് കേരളം പുറത്ത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 1.2 ലക്ഷം ഹെക്ടറില്‍ കശുമാവ് കൃഷി വ്യാപിപ്പിക്കാനാണ് കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ നീക്കമെന്നാണ് റിപ്പോർട്ടുകൾ. കൃഷി മന്ത്രാലയത്തിന്റെ കീഴിലുള്ള ഡയറക്‌ട്രേറ്റ് ഓഫ് കാഷ്യൂനട്ട് ആന്റ് കൊക്കോ ഡവലപ്‌മെന്റിനാണ് പദ്ധതിയുടെ ചുക്കാൻ.

ഈ സാമ്പത്തിക വര്‍ഷം 60,000 ഹെക്ടറില്‍ പുതുതായി കശുമാവ് കൃഷി ആരംഭിക്കും. ത്രിപുര, മേഘാലയ, നാഗാലാന്റ്, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഒഡീഷ, മഹാരാഷ്ട്ര എന്നീ 13 സംസ്ഥാനങ്ങളെയാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്. രാജ്യത്തെ കശുവണ്ടി ഉൽപ്പാദനത്തിൽ മുന്നിൽ നിൽക്കുന്ന കേരളം പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

പദ്ധതിയുടെ ഭാഗമായി കര്‍ണാടകയിലെ ബിദാര്‍, ഷിമോഗ, മാണ്ഡ്യ ജില്ലകളില്‍ ഇതിനകം തന്നെ കശുമാവ് കൃഷി ആരംഭിച്ചുകഴിഞ്ഞു. ഇതിനായി മേല്‍ത്തരം ഉല്‍പ്പാദനശേഷിയുള്ള കശുമാവിനങ്ങളെ കര്‍ണാടകയിലെ പുതൂരിലുള്ള ഡയറക്‌ട്രേറ്റ് ഓഫ് കാഷ്യൂ റിസര്‍ച്ച് വികസിപ്പിച്ചതായാണ് റിപ്പോർട്ട്. നട്ട് ആദ്യ വർഷംതന്നെ ഫലം തരുന്ന എച്ച്130 എന്ന കശുമാവാണ് ഈ കൃഷിയിടങ്ങളിൽ നടുന്നത്.

കൃഷിരീതികളിലെ ആധുനികവല്‍ക്കരണം പരമാവധി ഉപയോഗപ്പെടുത്തി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനാണ് അധികൃതരുടെ ശ്രമം. ഒരു ഏക്കറില്‍ 500ഓളം കശുമാവിന്‍ തൈകള്‍ നടുന്ന യുഎച്ച്ഡി (അള്‍ട്രാ ഹൈ ഡെന്‍സിറ്റി പ്ലാന്റേഷന്‍) സാങ്കേതികവിദ്യ ഉപയോഗിച്ചാല്‍ ഉല്‍പ്പാദനം ഇരട്ടിയാക്കാനാകും. സാധാരണ കശുമാവ് തോട്ടങ്ങളില്‍ ഒരു ഏക്കറില്‍ 80 തൈകളാണ് നടുന്നത്. നന്നായി പരിപാലിച്ചാൽ മൂന്ന് വര്‍ഷത്തിനുശേഷം മൂന്ന് കിലോ വിളവുവരെ തരാൻ ശേഷിയുള്ളവയാണ് എച്ച്130 തൈകൾ.

Also Read: കാരച്ചെമ്മീൻ, കാളാഞ്ചി, പച്ചഞണ്ട് കൃഷിയിൽ വൻ സാധ്യതകളുമായി മള്‍ട്ടി സ്പീഷീസ് അക്വാകള്‍ചര്‍ സെന്റര്‍ വല്ലാർപാടത്ത്

Image: pixabay.com