കൂൺ കൃഷിയിലേക്ക് തിരിഞ്ഞാലോ? പുതിയ ആകാശവും പുതിയ ഭൂമിയും ഉറപ്പ്

കൂൺ കൃഷിയിലേക്ക് തിരിഞ്ഞാലോ? പുതിയ ആകാശവും പുതിയ ഭൂമിയും ഉറപ്പാണെന്നാണ് പരീക്ഷിച്ചറിഞ്ഞ കർഷകർ പറയുന്നത്. ജോലിക്കാരെ ആശ്രയിക്കാതെ വീട്ടുവളപ്പിലും ടെറസിലുമെല്ലാം സ്വയം കൃഷി ചെയ്യാമെന്നതാണ് കൂൺ കൃഷിയുടെ ഏറ്റവും വലിയ മെച്ചം.

സംസ്ഥാനത്ത് കൂൺ ക്ഷാമം നേരിട്ടതോടെ തമിഴ്നാട്ടിൽ നിന്നും കേരളത്തിലെത്തുന്ന കൂൺ നിലവിൽ കിലോഗ്രാമിന് 350 രൂപ വരെ വിലയ്ക്കാണ് വിൽപ്പന. കീടനാശിനിയും വളവും ഉപയോഗിക്കാതെ കൃഷി ചെയ്യാം എന്നതിനാൽ ജൈവ ഉൽപന്നമെന്ന നിലയിൽ കൂണിന് വൻ ഡിമാൻഡാണ്.

ആയിരം ചതുരശ്ര അടി സ്ഥലത്തു നല്ല രീതിയിൽ ചെയ്യുന്ന കൃഷിയിൽ നിന്നു ദിവസം 10 കിലോഗ്രാം കൂൺ ഉണ്ടാക്കാം. ഒരു മാസം ശരാശരി 3500 രൂപ നേടിത്തരാൻ ഇതുമതി. വീട്ടുവളപ്പിലും ടെറസിലുമെല്ലാം നേരിട്ടു സൂര്യപ്രകാശം ഏൽക്കാത്ത ഇടങ്ങളിലാണ് കൂൺ കൃഷിയ്ക്ക് അനുയോജ്യം.

വിത്ത് പാകി രണ്ടു മാസത്തിനുള്ളിൽ വിളവെടുപ്പ് ആരംഭിക്കാം. വൈക്കോലോ അറക്കപ്പൊടിയോ ഉപയോഗിച്ചു നിർമിക്കുന്ന ബെഡിലാണ് കൂൺ വിത്തുകൾ പാകേണ്ടത്. മൂന്നിഞ്ച് കനത്തിൽ വൈക്കോലോ അറക്കപ്പൊടിയോ നിറച്ചതിനു ശേഷം കൂൺ വിത്ത് വിതറാം. വൈക്കോൽ നിറച്ചു കൂൺ വിത്ത് ഇടകലർത്തിയാണു പാകേണ്ടത്.

പാകിയതിനു ശേഷം ബാഗുകൾ മുകൾ ഭാഗം നൈലോൺ ചരട് ഉപയോഗിച്ചു കെട്ടിയതിനു ശേഷം ഉറികളാക്കി ഷെഡിൽ തൂക്കിയിടണം. കൂൺ മുളയ്ക്കാൻ ഈർപ്പമുള്ള അന്തരീക്ഷം ആവശ്യമാണ്. അതിനാൽ ബെഡിൽ ഇടവിട്ടു സുഷിരങ്ങളുണ്ടാക്കി നനച്ചു കൊടുക്കണം. എഴുപതു ദിവസത്തിനു ശേഷം വിളവെടുപ്പ് ആരംഭിക്കാം. എല്ലാ ദിവസവും വിളവെടുക്കാവുന്ന കൃഷിയാണ് കൂൺ കൃഷി.

Also Read: സംസ്ഥാനത്തെ കൃഷിയിടങ്ങൾ ഇനി യന്ത്രവത്കരണത്തിലേക്ക്; കൃഷി മിഷൻ വരുന്നു

Image: pixabay.com