ഇറക്കുമതി തിരിച്ചടിക്കുന്നു; കേരകർഷകരെ ആശങ്കയിലാഴ്ത്തി വെളിച്ചെണ്ണ വില താഴേക്ക്
ഇറക്കുമതി വർധിച്ചതോടെ കേരകർഷകരെ ആശങ്കയിലാഴ്ത്തി വെളിച്ചെണ്ണ വില താഴേക്ക്. കഴിഞ്ഞ കുറച്ചു മാസ മാസങ്ങളായി ഉണർവിന്റെ ലക്ഷണങ്ങൾ കാണിച്ചിരുന്ന പച്ചത്തേങ്ങ, വെളിച്ചെണ്ണ വില ഇടിയുകയാണെന്നാണ് റിപ്പോർട്ടുകൾ. തേങ്ങ ഉല്പാദനത്തിൽ മുന്നിൽ നിൽക്കുന്ന കേരളത്തിലെ കേരകര്‍ഷകരെയാണ് ഇത് ഏറെ ബാധിക്കുക.
കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് വെളിച്ചെണ്ണയ്ക്ക് കിലോക്ക് 30 രൂപയുടെ ഇടിവാണ് സംഭവിച്ചത്. കിലോയ്ക്ക് 223 രൂപ വിലയുണ്ടായിരുന്ന വെളിച്ചെണ്ണയ്ക്ക് 193 രൂപവരെ താഴ്ന്നു. ചിലയിടത്ത് ഇത് 168 വരെയായിട്ടുണ്ട്. പച്ചത്തേങ്ങ കിലോക്ക് 45 വരെയുണ്ടായിരുന്നത് 32 മുതൽ 34 രൂപ വരെയായി. കൊപ്രയുടെ വിലയാകട്ടെ 140 ല്‍ നിന്ന് 120 രൂപയായി കുറഞ്ഞിട്ടുണ്ട്.
Also Read: അട്ടപ്പാടിയില്‍ ഉയരട്ടെ കമ്പളത്തിന്റെ തുടിതാളം
തമിഴ്നാട്ടില്‍ ഉത്പാദനം വര്‍ധിച്ചതും ഇന്‍ഡോനീഷ്യയില്‍നിന്ന് നിയന്ത്രണമില്ലാതെ ഇറക്കുമതി ആരംഭിച്ചതുമാണ് കേരത്തിലെ കർഷകർക്ക് തിരിച്ചടിയായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. കേരളത്തിലേതിനെക്കാള്‍ 40 മുതല്‍ 60 രൂപ വരെ വിലക്കുറവിലാണ് ഇന്‍ഡോനീഷ്യയില്‍ വരുന്ന കൊപ്ര വിൽക്കുന്നത്. നാളികേര പൗഡറടക്കമുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കായി പ്രമുഖ കമ്പനികളെല്ലാം ഇതോടെ ഇറക്കുമതി കൊപ്രയെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്.
ആഗോള വിപണിയില്‍ വെളിച്ചെണ്ണ ഉപയോഗം കുറഞ്ഞതും വില കുറഞ്ഞ മായം കലര്‍ന്ന വെളിച്ചെണ്ണയുടെ പ്രചാരവും, ഒപ്പം കേരഫെഡ് പച്ചത്തേങ്ങ സംഭരണം ഒരു വര്‍ഷമായി തടസപ്പെട്ടതും കേരകര്‍ഷകരുടേയും മില്ലുടമകളുടേയും നിലനിൽപ്പിനുതന്നെ ഭീഷണിയുയർത്തുകയാണെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.