അട്ടപ്പാടിയില്‍ ഉയരട്ടെ കമ്പളത്തിന്റെ തുടിതാളം

“മണ്ണേ നമ്പി ലേ…ലയ്യാ മരമിരുക്ക്‌, മരത്തേ നമ്പി ലേ…ലയ്യാ തടിയിരുക്ക്‌, തടിയേ നമ്പി ലേ…ലയ്യാ കൊമ്പിരുക്ക്‌, കൊമ്പേ നമ്പി ലേ…ലയ്യാ ഇലയിരുക്ക്‌, ഇലയേ നമ്പി ലേ…ലയ്യാ പൂവിരുക്ക്‌, പൂവേ നമ്പി ലേ…ലയ്യാ കായിരുക്ക്‌, കായേ നമ്പി ലേ..ലയ്യാ നാമിരുക്ക്‌, നമ്മേ നമ്പി ലേ…ലയ്യാ നാടിരുക്ക്‌.”

മണ്ണിനെ നെഞ്ചേറ്റിയ ആദിമജനവിഭാഗത്തിന്റെ ഹൃദയതാളമാണ്‌ മുകളില്‍ കുറിച്ച വരികള്‍. മണ്ണിനെ ആശ്രയിച്ചാണ്‌ മരങ്ങള്‍ നില്‍ക്കുന്നതെന്ന ലളിതമായ അറിവ്‌ അവര്‍ വായ്‌ത്താരിയായി തലമുറകളിലേക്ക്‌ പകരുന്നു. മരത്തെ ആശ്രയിച്ച്‌ തടിയും തടിയെ ആശ്രയിച്ച്‌ കൊമ്പും ഇലയും പൂവും കായും നിലനില്‍ക്കുന്നു. നമ്മെ ആശ്രയിച്ചാണ്‌ ഈ നാട്‌ നിലനില്‍ക്കുന്നതെന്നതാണ്‌ വായ്‌ത്താരിയുടെ അവസാനപാദം. പ്രകൃതിയിലെ സകലതും പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന്‌ സാരം. ആദിമജര്‍ക്ക്‌ അത്രമേല്‍ പ്രിയപ്പെട്ട ഒരനുഭവത്തെ വിളിക്കേണ്ട പേരാണ്‌ മണ്ണ്‌. മനുഷ്യന്റെ പുരോഗതിയില്‍ കൃഷിയാണ്‌ വഴിത്തിരിവായത്‌. വിശ്വസംസ്‌കാരങ്ങളെ തൊട്ടിലാട്ടിയതും കൃഷിതന്നെ. സാമൂഹികവും സാമ്പത്തികവുമായ ബന്ധങ്ങളെ കണ്ണിചേര്‍ക്കുന്നതിലും ദൃഢമാക്കുന്നതിലും കൃഷി രാസത്വരകമായി. അവരുടെ ജൈവചോദനകളെ കൃഷി ഉദ്ദീപിപ്പിച്ചു. അങ്ങനെയങ്ങനെ സ്‌നേഹക്കൂട്ടായ്‌മകളുണ്ടായി. നാട്ടുകൂട്ടങ്ങളും നാട്ടുചന്തകളും ഉണ്ടായി. പാട്ടുകളും കഥകളും കവിതകളുമുണ്ടായി. അവയൊക്കെ കൃഷിയുടെ മഹത്വം പാടി. ദായക്രമങ്ങളുണ്ടായി. നാട്ടുവഴക്കങ്ങള്‍ക്കും കൊടുക്കല്‍-വാങ്ങലുകള്‍ക്കും പുതിയ മാനം കൈവന്നു. നമുക്കാകട്ടെ “കൃഷിഗീത”യുണ്ടായി. തൊഴില്‍ വിഭജനം എന്ന പുതിയ ആശയം വേരോടി. ഒരാള്‍ തനിച്ചു ചെയ്‌തിരുന്ന പണികള്‍ പലരും ചേര്‍ന്നതോടെ ആയാസരഹിതമായി. കൃഷിപ്പണികള്‍ക്കിടയില്‍ ഇടവേളകളെ ആഹ്ലാദകരമാക്കാന്‍ കൃഷിപ്പാട്ടുകളുണ്ടായി. അവരുടെ കൂട്ടായ അധ്വാനത്തിനു മുന്നില്‍ ഭൂമി കൂടുതല്‍ കൂടുതല്‍ ഉദാരമായി. വിളസമൃദ്ധിയുണ്ടായി. ഭൂമിവാതുക്കല്‍ എല്ലാം വേണ്ടുവോളമോ അതില്‍ കൂടുതലോ ഉണ്ടായിരുന്നു. ഓരോരുത്തരും അധ്വാനിച്ചു ഭക്ഷിച്ചു. ഓരോരുത്തര്‍ക്കും അവരവരുടെ ഓഹരി കിട്ടി. പുല്‍ക്കൊടിക്കും മനുഷ്യര്‍ക്കും ഇവിടെ ഒരുപോലെ ഇടമുണ്ടായിരുന്നു. ആര്‍ത്തിയുണ്ടായിരുന്നില്ല. ആവശ്യത്തിലധികം ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങിയതോടെ കളപ്പുരകളുണ്ടായി. പിന്നെ പിന്നെ കരുതിവയ്‌ക്കാന്‍വേണ്ടിയായി ഉല്‍പ്പാദനം.

കാലചക്രം മുന്നോട്ടു തിരിയുന്നതിനിടെ ഏതോ ദശാസന്ധിയില്‍ ഉള്ളവനും ഇല്ലാത്തവനും എന്ന്‌ അവര്‍ വിഭജിക്കപ്പെട്ടു. ഉള്ളവന്‍ കൂടുതുല്‍ കൂടുതല്‍ ഉള്ളവനായി. ഇല്ലാത്തവന്‌ ഉള്ളതുംകൂടി നഷ്‌ടമായി. കയ്യൂക്കിന്റെയും കയ്യടക്കലിന്റെയും പുതിയ രീതിശാസ്‌ത്രത്തിന്‌ കുടുതല്‍ അണികളുണ്ടായി. തൊഴുത്തിലെ ആടുമാടുകളുടെ എണ്ണവും തൊടിയിലെ വൈക്കോല്‍ കൂനയുടെ വലുപ്പവും നോക്കി ആളുകള്‍ക്ക്‌ പദവിയും സ്ഥാനമാനങ്ങളും കൈവന്നു. കൂടുതല്‍ ആടുമാടുകളുള്ളവര്‍ക്കും വലിയ വൈക്കോല്‍ കൂനയുള്ളവര്‍ക്കും നല്ല ബന്ധുക്കളെ കിട്ടി. അവര്‍ ആദരിക്കപ്പെടേണ്ടവരാണെന്നത്‌ തെറ്റിക്കാന്‍ പാടില്ലാത്ത നാട്ടുനടപ്പായി തീര്‍ന്നു. നാലുകെട്ടിന്റെയും എട്ടുകെട്ടിന്റെയും പതിനാറു കെട്ടിന്റെയുമൊക്കെ ഉമ്മറക്കോലായില്‍ ചാരുകസേരയില്‍, മൃഷ്‌ടാന്നഭോജനം കഴിഞ്ഞ്‌ മലര്‍ന്നുകിടന്ന്‌ വെറ്റ മുറുക്കുന്ന ജന്മിമാരുണ്ടായി. ഓരോ വിഷുവിനും ഓണത്തിനും ജന്മിമാരുടെ പടിക്കല്‍ ഉള്ളതു മുഴുവന്‍ അളന്നിടുന്നവരായി കുടിയാന്മാര്‍ മാറി. പിന്നീടെന്നോ കൃഷിക്ക്‌ മാന്യത നഷ്‌ടമായി. കര്‍ഷകന്‍ കാണാന്‍ കൊള്ളാത്തവനായി. അടുത്തിരുത്താന്‍ പാങ്ങില്ലാത്തവനായി. പള്ളിക്കൂടത്തില്‍ ചേരുമ്പോള്‍ അപേക്ഷക്കടലാസില്‍ അച്ഛന്റെ തൊഴിലെന്തെന്ന്‌ പൂരിപ്പിക്കുന്ന സമയത്ത്‌ പലരും എഴുതാന്‍ മടിച്ചു. ഒട്ടും അന്തസ്സില്ലാത്ത ഒരു പണി. അല്ലെങ്കില്‍ മറ്റൊരു പണിയുമില്ലാത്തതിനാല്‍ പേരിനൊരു പണി. കൃഷിക്ക്‌ അന്തസ്സ്‌ കൈവരാതെ കേരളം നന്നാകാന്‍ പോകുന്നില്ലെന്ന്‌ വിവരമുള്ളവര്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ശുഭകരമായൊരു വാര്‍ത്തയുണ്ട്‌ അട്ടപ്പാടിയില്‍ നിന്ന്‌. പ്രത്യാശയുടെ പൂമുഖവാതില്‍ എന്നന്നേയ്‌ക്കുമായി കൊട്ടിയടച്ചിട്ടില്ലെന്ന ഓര്‍മപ്പെടുത്തലുമായി അട്ടപ്പാടിയിലെ ആദിമര്‍ തങ്ങളുടെ തനത്‌ ഭക്ഷണക്രമത്തിലേക്ക്‌ പതിയെ തിരിച്ചുനടക്കാന്‍ തുടങ്ങുകയാണ്‌. തിനയും ചാമയും റാഗിയും കൂവരകും സൊര്‍ഗവും കുതിരവാലിയുമൊക്കെ അടങ്ങിയതാണ്‌ അവരുടെ ഭക്ഷണക്രമം. ആദിവാസി ഗോത്രജനവിഭാഗങ്ങള്‍ക്ക്‌, റേഷന്‍ അരിയും പരിപ്പും കടലയുമല്ല, അവരുടെ തനത്‌ ഭക്ഷണമാണ്‌ വേണ്ടത്‌ എന്ന തിരിച്ചറിവില്‍ സംസ്ഥാന കൃഷി വകുപ്പ്‌ മന്ത്രി വി.എസ്‌ സുനില്‍ കുമാറിന്റെ പ്രത്യേക താത്‌പര്യത്തിലാണ്‌ അട്ടപ്പാടിയില്‍ ചെറുധാന്യങ്ങള്‍ക്കുവേണ്ടി പ്രത്യേക കാര്‍ഷിക മേഖല (Special agriculture zone for millets/millets village) ഒരുങ്ങുന്നത്‌. അതിന്റെ ആദ്യഘട്ടം എന്ന നിലയില്‍ 2.40 കോടി രൂപയാണ്‌ അനുവദിച്ചിരിക്കുന്നത്‌. ഇരുന്നൂറ്‌ ഹെക്‌ടറില്‍ റാഗിയും ഇരുപത്‌ ഹെക്‌ടറില്‍ ചാമയും നാല്‍പ്പത്‌ ഹെക്‌ടറില്‍ തിനയും മുപ്പത്‌ ഹെക്‌ടറില്‍ കുതിരവാലിയും പത്ത്‌ ഹെക്‌ടറില്‍ വരകും ബാക്കി സ്ഥലത്ത്‌ പച്ചക്കറികളും വിളയിച്ചെടുക്കുന്നതുവഴി ആദിവാസിവിഭാഗങ്ങള്‍ക്ക്‌ ഭക്ഷ്യസ്വയംപര്യാപ്‌തതയിലേക്കുള്ള പടികള്‍ വേഗം കയറാനാകും. ചെറുധാന്യങ്ങളുടെ കലവറ സക്രിയമാക്കുന്നതോടൊപ്പം കാട്ടാന ശല്യം ചെറുക്കുന്നതിനും തേന്‍ ഉല്‍പ്പാദനം ലക്ഷ്യമിട്ടും തേനീച്ച വേലികള്‍, ചെറുധാന്യങ്ങള്‍ സംസ്‌കരിച്ചെടുക്കുന്നതിനുള്ള മില്ലുകള്‍, ചെറുകിട ജലസേചന സംവിധാനങ്ങള്‍ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി സജ്ജീകരിക്കുന്നുണ്ട്‌.

അട്ടപ്പാടി മേഖലയുടെ പ്രത്യേകതകള്‍ കണക്കിലെടുത്തും അവരുടെ തനത്‌ കാര്‍ഷിക മുറകള്‍ ആധുനിക സമ്പ്രദായങ്ങളുമായി കോര്‍ത്തിണക്കിയും അത്ഭുതകരമായ മാറ്റം അവിടെ കൊണ്ടുവരാന്‍ സാധിക്കും. ഇവിടെയാണ്‌ കൂട്ടായ്‌മയിലൂടെയുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ പ്രസക്തി. അട്ടപ്പാടിയില്‍ ഇനിയും കമ്പളത്തിന്റെ തുടിതാളം ഉയര്‍ന്നുകേള്‍ക്കണം. 2014ലാണ്‌ അവസാനമായി കമ്പളം നടത്തിയത്‌. നീണ്ട മുപ്പതുവര്‍ഷത്തിനുശേഷമായിരുന്നു അത്‌. മുപ്പതുവര്‍ഷമെന്നത്‌ വളരെ വലിയൊരു ഇടവേള തന്നെയാണ്‌. കമ്പളം നിലച്ചുപോയതിന്റെ ദുരിതങ്ങള്‍ കുറച്ചൊന്നുമല്ല അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്‌. കമ്പളം എന്നത്‌ അവരുടെ വാഴ്‌വിന്റെ ഭാഗമാണ്‌. ഈ കമ്പളം എന്താണെന്നോ? ഒരു ആദിവാസി ഊരിലെ ആളുകളൊന്നിച്ച്‌ കൃഷിപ്പണിയിലേര്‍പ്പെടുന്ന ഉത്സവത്തെ വിളിക്കുന്ന പേരാണത്‌. ഭൂമി മാതാവിന്റെ ഉര്‍വ്വരതയ്‌ക്കായി കാടിന്റെ മക്കളുടെ സംഘതാളം. മക്കളുടെ വിളികേള്‍ക്കാതിരിക്കാന്‍ അമ്മയ്‌ക്കാകുമോ? ഇരുണ്ട നിറമുള്ള ഇരുളരും മുതുകില്‍ കുഞ്ഞുങ്ങളെയും കെട്ടി നടക്കുന്ന മുഡുകരും വനാന്തരങ്ങളില്‍ നിന്ന്‌ തേനും വേരും ശേഖരിക്കുന്ന കുറുമ്പരും അടങ്ങുന്ന അട്ടപ്പാടിയിലെ ആദിമജനവിഭാഗം കമ്പളം ഇടുന്നതിന്‌ ഒത്തുചേരുമ്പോള്‍ ആരും ഒന്നും ഒറ്റയ്‌ക്കല്ലെന്നും എല്ലാവരും പാരസ്‌പര്യത്തിന്റെ പൊന്‍നൂലിഴകളാല്‍ ബന്ധിതരാണെന്നുമുള്ള സാമൂഹ്യപാഠമാണ്‌ ഇവര്‍ പകര്‍ന്നു നല്‍കുന്നത്‌. മുടങ്ങിക്കിടന്ന ഈ കാര്‍ഷികാചാരത്തെ അന്നവിടെ തുയിലുണര്‍ത്തിയത്‌ ഈശോസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആദിയായിരുന്നു (അട്ടപ്പാടി ആദിവാസി ഡെവലപ്‌മെന്റ്‌ ഇനിഷ്യേറ്റീവ്‌സ്‌).

കമ്പളത്തിന്‌ ചില ചിട്ടവട്ടങ്ങളുണ്ട്‌. ആദിമരുടെ ഭാവനയില്‍ വിരിഞ്ഞ അലിഖിത നിയമങ്ങളുണ്ട്‌. കൃഷിയിറക്കാന്‍ തീരുമാനിച്ചുകഴിഞ്ഞാല്‍ ആ വ്യക്തി ഊരുമൂപ്പനെ സമീപിച്ച്‌ കമ്പളം നടത്താന്‍ അനുമതി തേടുന്നു. മൂപ്പന്റെ അനുവാദം കിട്ടിയാലുടന്‍ അയാള്‍, ആ ഊരിലെ എല്ലാ വീടുകളിലും ചെന്ന്‌ ഓരോ അളവ്‌ റാഗി വിത്ത്‌ നല്‍കുകയായി. വിത്ത്‌ ഏറ്റുവാങ്ങിയാല്‍ ഒരു വീട്ടില്‍ നിന്ന്‌ ഒരാളെങ്കിലും കമ്പളത്തില്‍ കൂടണമെന്നാണ്‌ നാട്ടുനടപ്പ്‌. ഊരിലെ ആണും പെണും കുഞ്ഞുങ്ങളുമൊക്കെ കമ്പളത്തില്‍ ഓഹരി കൈക്കൊള്ളും. അങ്ങനെ അതൊരുത്സവമായിമാറും. വാദ്യോപകരണങ്ങള്‍ അവര്‍ക്ക്‌ അകമ്പടിയാകും. നാട്ടുകൈവേലകളില്‍ മെനഞ്ഞെടുത്ത കാര്‍ഷികോപകരണങ്ങള്‍ അവര്‍ക്ക്‌ കൂട്ടാകും. മണ്ണൂക്കാരന്‍ അവര്‍ക്കെല്ലാം വേണ്ടി ഭൂമിയമ്മയോട്‌ പ്രാര്‍ത്ഥിക്കും. ഈ മണ്ണിനെ ഉഴുതുമറിച്ചോട്ടെയെന്ന്‌. തൈച്ചെടികള്‍ നട്ടുവച്ചോട്ടെയെന്ന്‌. വിത്തുകള്‍ പാകി മുളപ്പിച്ചോട്ടെയെന്ന്‌. പ്രാര്‍ത്ഥനകള്‍ക്കുശേഷം കൊത്തും കിളയുമായി. എല്ലാവരും കയ്‌മെയ്‌ മറന്ന്‌ പണിയെടുക്കും. അവര്‍ക്കിടയില്‍ വേലിക്കെട്ടുകളില്ലല്ലോ. കൃഷിപ്പണി ആയാസരഹിതമാക്കാന്‍ ഒരു കോമാളി വേഷക്കാരനുണ്ട്‌. അയാള്‍ ചാടിയും മറിഞ്ഞും ചില പൊടിക്കൈകളൊക്കെ കാണിച്ച്‌ കൂടിനില്‍ക്കുന്നവരെ രസം പിടിപ്പിക്കും. പത്തേക്കര്‍ ഭൂമിയൊക്കെ ഒരൊറ്റ ദിവസംകൊണ്ട്‌ പണിതീര്‍ക്കും. അതാണ്‌ ആ തൊഴില്‍ വിഭജനത്തിന്റെ സൗന്ദര്യം. ഒരു സംഘം പണികളിലേര്‍പ്പെടുമ്പോള്‍ മറ്റൊരു സംഘം പാട്ടുപാടും. വേറെ ചിലരാകട്ടെ താളബദ്ധമായി ചുവടുവയ്‌ക്കും. കലപ്പ പോലുള്ള ഉപകരണം കൊണ്ട്‌ നിലം ഉഴുതുമറിക്കുന്ന ഒരു സംഘം. കുറേപ്പേര്‍ വിത്തിടും. ഏതാനും പേര്‍ ചേര്‍ന്ന്‌ ആഹാരം തയ്യാറാക്കും. ഉച്ചയ്‌ക്ക്‌ വയറുനിറച്ച്‌ പിന്നെയും പണിക്കളത്തിലേക്ക്‌. ഇവിടെ ഉടമയും അടിമയുമില്ല. എല്ലാവരും സഹകാരികള്‍ മാത്രം. ഭൂമിയോട്‌ അവരേറെ ആദരവ്‌ കാണിക്കുന്നതിനാല്‍ ഭൂമി തന്റെ കലവറകള്‍ അവര്‍ക്കായി തുറന്നുകൊടുക്കുന്നു. പണിക്ക്‌ ആളെ കിട്ടാനില്ലെന്ന്‌ മുറവിളിക്കുന്നവര്‍ക്ക്‌ ഇതൊരു മാതൃകയാണ്‌. കാരണം കമ്പളമെന്നത്‌ ചെലവു തീരെ കുറഞ്ഞ കൃഷിരീതിയാണ്‌. ആയാസം തീരെയില്ല. ഉല്ലാസം വേണ്ടുവോളമുണ്ട്‌ താനും. അവര്‍ കൈകോര്‍ക്കുന്നത്‌ നാടിന്റെ നിലനില്‍പ്പിനായാണ്‌. ഈ മണ്ണും നാടന്‍ വിത്തും നല്ല വെള്ളവും കുളിര്‍കാറ്റുമൊക്കെ തലമുറ തലമുറയായി ഇവിടെതന്നെ ഉണ്ടാകണമെന്ന്‌ അവര്‍ക്ക്‌ നിര്‍ബന്ധമുണ്ട്‌. ഇതിന്‌ തുടര്‍ച്ചയുണ്ടാകേണ്ടതുണ്ട്‌. സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ഭാവനാപൂര്‍ണമായ പദ്ധതികള്‍ ഈ ദിശയില്‍ ഉണ്ടാകുമെന്ന കാര്യത്തിലും സംശയമേതുമില്ല.

പ്രധാനമായും മഴയെ ആശ്രയിച്ചുള്ള കൃഷിയായതിനാല്‍ ആദിവാസി ജനവിഭാഗങ്ങളുടെ കാര്‍ഷിക മുറകള്‍ക്ക്‌ വെല്ലുവിളികള്‍ ഏറെയാണ്‌. അട്ടപ്പാടി പോലെയുള്ള പ്രദേശത്ത്‌ വെള്ളത്തിന്റെ ലഭ്യത വലിയ പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്‌. മാറിയ കാലാവസ്ഥയ്‌ക്ക്‌ അനുസരിച്ച്‌, അവരുടെ പരമ്പരാഗത കൃഷിരീതികളെ ആധുനിക ശാസ്‌ത്രസാങ്കേതികവിദ്യകളോട്‌ സമന്വയിപ്പിച്ചുകൊണ്ടുള്ള പുതിയ രീതികള്‍ അവരെ പഠിപ്പിക്കേണ്ടതുണ്ട്‌. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഗവേഷണഫലങ്ങള്‍ ഈ ദിശയിലുള്ള ഇടപെടലുകള്‍ക്ക്‌ കൂടുതല്‍ കരുത്ത്‌ പകരും. അട്ടപ്പാടിയെ നനയ്‌ക്കുന്ന ഭവാനി, ശിരുവാണി പുഴകളിലെ വെള്ളം ഉപയോഗപ്പെടുത്തി, കൂടുതല്‍ മികച്ച വിളവ്‌ ഉണ്ടാക്കുന്നതിന്‌ സഹായകമായ ചെറുകിട-സൂക്ഷ്‌മ ജലസേചന പദ്ധതികളും വേണം. നേരത്തെ ഒരു പദ്ധതിയുണ്ടായിരുന്നു. അട്ടപ്പാടി വാലി ഇറിഗേഷന്‍ പ്രോജക്‌ട്‌. അതുപക്ഷെ, കഴിഞ്ഞ മുപ്പത്‌ വര്‍ഷത്തോളമായി മുടങ്ങിക്കിടക്കുകയാണ്‌. ആ വെള്ളാനയെ ചലനാത്മകമാക്കുകയോ പുതിയ പദ്ധതി ആരംഭിക്കുകയോ ചെയ്‌താലേ മേഖലയിലെ ജലസേചനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക്‌ ശാശ്വതപരിഹാരം കണ്ടെത്താനാവുകയുള്ളൂ. കൃഷി വകുപ്പ്‌ ആസൂത്രണം ചെയ്‌ത പ്രകാരം കാര്യങ്ങള്‍ മുന്നോട്ടുപോവുകയാണെങ്കില്‍ അടുത്ത അഞ്ചുവര്‍ഷം കൊണ്ട്‌ അട്ടപ്പാടി തനത്‌ വിഭവങ്ങളാല്‍ സമ്പന്നമാവും. കേരളത്തിന്റെ ചെറുധാന്യ കലവറയായി മാറുകയും ചെയ്യും

Picture Courtesy: Wikipedia

Sijo Porathoor

Writer and activist on ecology, gender issues, human rights, marginalized people.