കോവിഡ് പ്രതിസന്ധി: പുതുതായി കൃഷിയിലേക്കിറങ്ങുന്ന പ്രവാസികളോട് പറയാനുള്ളത്

കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ തൊഴിൽ നഷ്ടപ്പെട്ട വലിയൊരു വിഭാഗം പ്രവാസികള്‍ ഇപ്പോൾ കാർഷിക മേഖലയിലേക്ക് കടന്ന് വന്നിരിക്കുകയാണല്ലോ!

തീർച്ചയായും കാർഷിക മേഖലക്ക് ഇത് വലിയൊരു മുതൽകൂട്ടാണ്. വൈവിധ്യ പ്രവർത്തന വിജയങ്ങളുടെ വിപുല വാതായനങ്ങളാണ് കാർഷിക മേഖല ഇവർക്കായ് തുറന്നിടുന്നതെങ്കിലും, തങ്ങൾക്ക് യോജിച്ച കാർഷിക പ്രവർത്തനം എന്താണന്ന് നെല്ലും, പതിരും വേർതിരിച്ചറിഞ്ഞ് മുന്നോട്ട് നീങ്ങിയാലേ മികച്ച രീതിയിൽ വിജയിക്കാൻ കഴിയൂ.

വരുമാനം നിലച്ച്, ജീവിതം പ്രതിസന്ധിയിലായി നിൽക്കുന്നത് കൊണ്ടാണല്ലോ പ്രതീക്ഷയോടെ കൃഷിയിലേക്ക് കടന്ന് വന്നത്. അങ്ങനെ നോക്കുമ്പോൾ ക്ഷമയോടെ, പരിശ്രമിക്കുവാനുള്ള മനസ്സു കൂടി നിങ്ങൾക്കുണ്ടെങ്കിൽ, ദീർഘനാൾ കാത്തിരിക്കാതെ വളരെ വേഗത്തിൽ ആദായം ലഭിക്കുന്ന പ്രവർത്തനങ്ങളിൽ ഇടപെടുന്നതാണ് നല്ലത്. തുടർന്ന് പതുക്കെ താല്പര്യപൂർവ്വം മറ്റ് കാർഷിക പ്രവർത്തനങ്ങളിലേക്കും, തീരുമാനിച്ചുറപ്പിച്ച മറ്റ് ഫാം പ്രവർത്തനങ്ങളിലേക്കുമൊക്കെ നീങ്ങുന്നതായിരിക്കും ഉചിതം.

വലിയ കാലതാമസ ങ്ങളില്ലാതെ വരുമാനം നേടാവുന്ന കൃഷി ഏതെന്ന് പറഞ്ഞു വരുമ്പോഴാണ്, നെൽകൃഷിയും പച്ചക്കറി കൃഷികളുമൊക്കെ വലിയ താരങ്ങളായ് മാറുന്നത്. പച്ചക്കറി കൃഷിയാണങ്കിൽ സാധരണഗതിയിൽ മൂന്ന് മാസം കൊണ്ടും, നെൽകൃഷിയാണങ്കിൽ നാല് മാസം കൊണ്ടും (മൂപ്പ് കൂടുന്നതിനനുസരിച്ച് മാറ്റപ്പെടാം) കാലാവസ്ഥ അനുഗ്രഹിച്ചാൽ മുടക്കുമുതലും, ആദായവും വലിയ പരിക്കുകളില്ലാതെ പോക്കറ്റിലെത്തും.

Also Read: ലാത്തിയും കൈക്കോട്ടും; പോലീസ് യുവാവിന്റെ കൃഷിജീവിതം

പ്രായോഗികബുദ്ധിയോടെ ചെയ്യേണ്ട പച്ചക്കറി കൃഷി

പച്ചക്കറി കൃഷി ചെയ്യുമ്പോള്‍ വിപണിയറിഞ്ഞ് വിലസ്ഥിരതയുള്ള പച്ചക്കറി വിളകൾ കൃഷി ചെയ്യാൻ ശ്രദ്ധിക്കണം എന്ന് മാത്രം. വിഷു കഴിഞ്ഞ് വെള്ളരിയും നോമ്പ് കാലം കഴിഞ്ഞ് കക്കിരിയും കൃഷി ചെയ്യാൻ മുതിരരുത് എന്ന് ചുരുക്കം.

കൃഷിയിൽ നല്ല വിത്ത് ഉപയോഗിക്കുവാനും ശ്രദ്ധിക്കണം. നാടൻ വിത്തും, ഹൈബ്രിഡ് വിത്തും താല്പര്യപ്രകാരം ഉപയോഗിക്കാം, ഹൈബ്രിഡ് വിത്താണങ്കിൽ ഉല്പാദനം കൂടും, അതിനനുസരിച്ച് വിത്തിന് വിലയും ഒരല്പം കുടുതലാണ്.

മാത്രമല്ല നമ്മൾ 10 രൂപക്ക് ഒരു കിലോ വെണ്ട വിൽക്കുവാൻ ചെന്നാൽ നാല് രൂപക്ക് അന്യസംസ്ഥാനക്കാർ എത്തിക്കുന്നതും നമ്മൾ പ്രായോഗിക ബുദ്ധിയോടെ തന്നെ തിരിച്ചറിഞ്ഞിരിക്കണം. പക്ഷെ, ചുളുവിലയിൽ വെണ്ട എത്തിക്കുന്നത് പ്പോലെ എളുപ്പമല്ല വളരെ വേഗം വാടുന്ന ചീര, കിലോമീറ്ററുകൾ താണ്ടി ലോറികളിൽ എത്തിക്കുന്നത്. അതുകൊണ്ട് ചീര കൃഷിയിൽ നമുക്ക് ഒരു കൈ നോക്കാവുന്നതാണ്.

നാടൻ വിത്താണ് നല്ലത്. ചീരയിൽ ചുവപ്പും, (അരുൺ, കണ്ണാറ ലോക്കൽ) പച്ചയുമുണ്ട് (സി. ഒ. 1, 2, 3) കൂടാതെ പച്ചയും ചുവപ്പും കലർന്ന സി. ഒ. 5 എന്ന ഇനവുമുണ്ട്. താല്പര്യപ്രകാരം യുക്തമായ ഇനങ്ങൾ തെരഞ്ഞെടുത്ത് കൃഷിയിറക്കാം. ഏതാണ്ട് ഒന്നര – രണ്ട് മാസത്തിനകം ആദായവും കിട്ടി തുടങ്ങും. വിളവെടുത്താൽ കെട്ടുകളാക്കിയും, ഒന്നിച്ച് തൂക്കിയുമൊക്കെ ഹോൾസെയിൽ കടകളിലും, ചില്ലറ കടകളിലുമൊക്കെ വില്പനക്കെത്തിക്കാം.

ഓണക്കാലങ്ങളിൽ വളരെ ക്ഷാമം അനുഭവപ്പെടുന്നതും ലഭൃതയനുസരിച്ച് കിലോ 150/- രൂപ വരെ വർദ്ധിക്കുന്ന പയർ കൃഷിയും ചെയ്യാൻ മറക്കേണ്ട. പാവലിനും, പയറിനും എപ്പോഴും നല്ല വിലസ്ഥിരതയും വിപണിയിൽ കാണപ്പെടുന്നുണ്ട്. എന്നുവെച്ച്, മത്തൻ, കുമ്പളം, വെള്ളരി കൃഷികളൊന്നും മോശമല്ല. അവക്കും കൃത്യമായ വിപണിയുണ്ട്. പച്ചക്കറി കൃഷികൾക്കായ് കൃഷി വകുപ്പ് – പച്ചക്കറി വികസന പദ്ധതികളിലൂടെ, സ്റ്റാഗേർഡ് ക്ലസ്റ്റർ, ഡിസ്ട്രിക് ക്ലസ്റ്റർ, തരിശ് പച്ചക്കറി കൃഷി തുടങ്ങി വളരെയേറെ പദ്ധതികളും, സാമ്പത്തിക സബ്സിഡി ആനുകൂല്യങ്ങളും കൃഷിഭവൻ വഴി ബന്ധപ്പെട്ടാൽ ലഭ്യമാണ്.

ചേന കൃഷിയും, ഇഞ്ചി കൃഷിയും, പപ്പായ, മുരിങ്ങ, വാഴ കൃഷികളൊന്നും മോശമല്ല. പക്ഷെ, ആദായത്തിനും, വിളവെടുപ്പിനുമായ് കുറച്ചധികം മാസങ്ങൾ ക്ഷമയോടെ കാത്തിരിക്കണം എന്നുമാത്രം

Also Read: നാട് മറന്ന് കൊണ്ടിരിക്കുന്ന കിഴങ്ങ് വിളകൾ അരിക്കാട് ഗ്രാമത്തിൽ ഇന്നും സമൃദ്ധമായി കൃഷിചെയ്യുന്നു

നെല്‍കൃഷിക്ക് നിരവധി ആനുകൂല്യങ്ങള്‍

ട്രാക്ടറും, നടീൽ-കൊയ്ത്ത് മെഷ്യനുമൊക്കെ കൃത്യമായ് ലഭിച്ചാൽ വലിയ പ്രയാസങ്ങളില്ലാതെ നാല് – അഞ്ച് മാസം കൊണ്ട് വലിയൊരു ആദായം നേടിയെടുക്കാവുന്ന കാർഷിക പ്രവർത്തനമാണ് നെൽകൃഷി. നെൽകൃഷിക്കായ് കൃഷി വകുപ്പ്, ജനകീയാസൂത്രണം, സുഭിക്ഷ കേരളം, തുടങ്ങിയ പദ്ധതികളിലൂടെയൊക്കെ നിരവധി ആനുകൂല്യങ്ങളും കൃഷിഭവൻ മുഖേന ലഭ്യമാണ്. നെൽകൃഷിക്ക് ആവശ്യമായ വിത്ത്, ലൈം തുടങ്ങിയവയൊക്കെ കൃഷിഭവനുകളിൽ നിന്ന് പദ്ധതി ലഭൃതപ്പോലെ സൗജന്യ നിരക്കിലും, അൻപത് ശതമാനം വ്യവസ്ഥയിലുമൊക്കെ ലഭ്യമാണ്. ഉല്പാദിപ്പിച്ച നെല്ല് മുഴുവനായും വലിയ വിലക്ക് തന്നെ സപ്ലയ്ക്കോയും സംഭരിക്കുന്നതും വലിയൊരു ആകർഷകമാണ്.

ഉചിതമായ കാർഷിക പ്രവർത്തനങ്ങൾ തിരഞ്ഞെടുത്ത് വിജയകരമായ് മുന്നേറുവാൻ കഴിയുക എന്നതാണ് കൃഷിയിലേക്ക് പ്രവേശിക്കുന്നവരെ സംബന്ധിച്ചിടത്തോളം നേട്ടവും ആത്മവിശ്വാസവും.

Also Read: നെല്‍കൃഷിക്ക് ഏത് കൃഷിയെക്കാളും കുറവ് പരിചരണവും അദ്ധ്വാനവും മതി; ലാഭത്തിനുള്ള സാധ്യത ഒട്ടും കുറവുമല്ല

ഗിരീഷ് അയിലക്കാട്

അഗ്രിക്കൾച്ചർ അസിസ്റ്റന്റ് കൃഷിഭവൻ, ആനക്കര ഫോണ്‍: 9745632828