നാട് മറന്ന് കൊണ്ടിരിക്കുന്ന കിഴങ്ങ് വിളകൾ അരിക്കാട് ഗ്രാമത്തിൽ ഇന്നും സമൃദ്ധമായി കൃഷിചെയ്യുന്നു

പാലക്കാട് ജില്ലയിലെ പട്ടിത്തറ ഗ്രാമ പഞ്ചായത്ത് പരിധിയിലെ അരിക്കാട്. കുന്നിൻ പ്രദേശത്തോട് ചേർന്നതും, വേനൽക്കാലത്ത് കടുത്ത ജലക്ഷാമം നേരിടുന്നതുമായ സ്ഥലമാണ് അരിക്കാട്. എങ്കിലും,ഇവിടുത്തെ മണ്ണും, കർഷകരും വർഷങ്ങൾ പഴക്കമുള്ള വലിയൊരു കാർഷിക പരമ്പര്യത്തിന്റെ പ്രത്യേകതയാൽ ശ്രദ്ധേയമാണ്.
അതെ!
അരിക്കാടൻ കിഴങ്ങെന്ന വലിയൊരു പ്രാദേശിക കാർഷിക സവിശേഷത. പ്രദേശത്തെ കിഴങ്ങ് കൃഷിക്ക് തലമുറകളുടെ പാരമ്പര്യമുണ്ട്, പൂർവ്വികമായ് കൈമാറി വന്ന കൃഷി അറിവുകളും, മണ്ണിലെ നിധികളും പൊന്നുപോലെ കാക്കുന്ന ഒരു പറ്റം പാരമ്പര്യ കർഷകരാണ് പ്രദേശ സവിശേഷതയായ കിഴങ്ങ് കൃഷി കാത്തു പോരുന്നത്. വെളരപ്പറമ്പിൽ ചന്ദ്രനും, വേലായുധനും, കൃഷ്ണനും, കുമാരനും, കൊമത്രപറമ്പിൽ വേലായുധനുമൊക്കെ കാലങ്ങളായി കിഴങ്ങുകൃഷിയിലേര്‍പ്പെട്ട് ഉപജീവനം നയിക്കുന്നവരാണ്.
ഒരു പക്ഷെ, പട്ടിണിക്കാലങ്ങളിൽ പൂർവ്വികരെ പിടിച്ചു നിർത്തിയ കിഴങ്ങ് വിളകളോട്, ഇളം  തലമുറകളുടെ കടപ്പാടിന്റെ ഓർമ്മ പ്പെടുത്തലുകളാകാം. ചേമ്പും, ചേനയും, കാച്ചിലും, നന കിഴങ്ങും, മധുരക്കിഴങ്ങും  തൊരടിക്കിഴങ്ങും, കുവ്വയും കൂർക്കയുമെല്ലാം പ്രദേശത്തെ പതിവ് കൃഷികളാണ്.
തലമുറകൾ കൈമാറി വന്ന നാടൻ വിത്തുകളും
പുതുമഴ ലഭിക്കുന്നതോടെ തനത് കൃഷികളുമായ് കർഷകർ സജീവമാകുന്നു. പൊന്നാനിയിലെ വാവ് വാണിഭം കണക്കാക്കിയാണ് ഓരോ കൃഷിക്കാലവും ഇവിടെ ക്രമികരിക്കപ്പെട്ടിരിക്കുന്നത്. വാവ് വാണിഭവും തിരുവാതിരയുമൊക്കെ കിഴങ്ങ് കർഷകരുടെ തലമുറകൾ പറഞ്ഞു വെച്ച ചാകര കാലങ്ങളാണ്. വിളവെടുത്ത് അകലേയുള്ള പൊന്നാനിയിലെത്തിക്കുന്നതും, വില്പന നടത്തുന്നതുമെല്ലാം നേരിട്ട് കർഷകർ തന്നെയാണ്. ഓരോ വില്പനക്കാലവും പിന്നിടുന്നതോടെ അടുത്ത കൃഷിക്കുള്ള തയ്യാറെടുപ്പുകളും തുടങ്ങുകയായ്.

ഗിരീഷ് അയിലക്കാട്

അഗ്രിക്കൾച്ചർ അസിസ്റ്റന്റ് കൃഷിഭവൻ, ആനക്കര ഫോണ്‍: 9745632828