Monday, April 7, 2025
കാര്‍ഷിക വാര്‍ത്തകള്‍

വിദേശ വിപണികൾക്കായി ഒടിവും ചതവുമില്ലാത്ത വാഴപ്പഴം; സ്വകാര്യ, പൊതു മേഖലകളുടെ സഹകരണ മാതൃക തമിഴ്നാട്ടിൽ നിന്നും

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.

വിദേശ വിപണികൾക്കായി ഒടിവും ചതവുമില്ലാത്ത വാഴപ്പഴം; സ്വകാര്യ, പൊതു മേഖലകളുടെ സഹകരണ മാതൃക തമിഴ്നാട്ടിൽ നിന്നും. മതിയായ പശ്ചാത്തല സൗകര്യമില്ലാത്ത കാരണത്താൽ കാർഷികോൽപന്നങ്ങളുടെ കയറ്റുമതിയിൽ തിരിച്ചടി നേരിടുമ്പോഴാണ് വൻ തുക മുടക്കി സംഭരണ, സംസ്കരണ സൗകര്യങ്ങൾ ഒരുക്കാൻ തിരുപ്പൂരിലെ ഗ്രീനേഴ്സ് അഗ്രോ പ്രോഡക്ട്സ് എന്ന കയറ്റുമതി സ്ഥാപനം മുൻകൈയ്യെടുക്കുന്നത്. ഓസ്ട്രിയയിലേക്ക് വാഴപ്പഴം ഇറക്കുമതി ചെയ്യാനാഗ്രഹിക്കുന്ന ഒരു സംരംഭകനുമായി കൈകോർത്താണ് പദ്ധതി.

വിളവെടുത്ത വാഴക്കുലകൾ സംഭരണകേന്ദ്രത്തിൽ എത്തിക്കുന്നതിനുള്ള കൺവയർ സംവിധാനമാണ് ഗ്രീനേഴ്സ് അഗ്രോപ്രോഡക്ട്സും തിരുച്ചിറപ്പിള്ളിയിലെ ദേശീയ വാഴ ഗവേഷണകേന്ദ്രവും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ലക്ഷ്യം. ചെന്നൈ ഐഐടിയിൽനിന്നുള്ള ഒരു സാങ്കേതികവിദഗ്ധനും ഇതിൽ പങ്കാളിയാണ്. ഇവർ രൂപകൽപന ചെയ്ത മാതൃക വിദേശപങ്കാളികൾ അംഗീകരിച്ചുകഴിഞ്ഞു. പദ്ധതിക്കു വേണ്ട സാമ്പത്തികപിന്തുണയ്ക്ക് വിയന്നയിലെ ഇറക്കുമതി സ്ഥാപനം ഗ്രീനേഴ്സ് ഇന്ത്യയെ സഹായിക്കും.

ഇന്ത്യൻ വാഴപ്പഴ ഇനങ്ങൾ യൂറോപ്യൻ നിലവാരത്തിൽ ലഭ്യമാക്കുന്നതിനുള്ള അടിസ്ഥാനസൗകര്യം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് കൺവയർ സംവിധാനം നടപ്പിലാക്കുന്നത്. കയറ്റുമതി ചെയ്യാനുള്ള വാഴപ്പഴം സംഭരിച്ചു പായ്ക്ക് ചെയ്യുന്നതിനായി ഗ്രീനേഴ്സ് ഉടമ കെ.വി. ഏഴിലൻ പൊള്ളാച്ചിയിൽ 10 കോടി രൂപ മുതൽമുടക്കിൽ പായ്ക്ക്ഹൗസും നിർമിച്ചുകഴിഞ്ഞു. ഗ്രാൻഡ് നെയിൻ ഇനത്തിൽപെട്ട ഒരു ക്വിന്റൽ വാഴപ്പഴമാണ് ആദ്യം ഇവിടെനിന്നു കയറ്റി അയയ്ക്കുക.

പദ്ധതി യാഥാർഥ്യമാകുന്നതോടെ തമിഴ്നാട്ടിലെ ഗ്രാൻഡ്നെയിൻ കർഷകർക്ക് 25 ശതമാനം അധികവില നൽകാനാകുമെന്ന് ഏഴിലൻ പറയുന്നു. സമാനമായ മറ്റൊരു കൺവെയർ ബെൽട്ട് പദ്ധതിയുമായി തമിഴ്നാട് ബനാന ഗ്രോവേഴ്സ് ഫെഡറേഷനും തമിഴ്നാട് കാർഷിക സർവകലാശാലയും രംഗത്തെത്തിയിട്ടുണ്ട്. ഇറ്റലിയിലെ ട്രീസ്റ്റെ തുറമുഖ അതോറിട്ടിയുടെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ഒരു വാഴത്തോപ്പിൽ 1.25 കോടി രൂപ മുടക്കി കൺവയർ റോപ് സ്ഥാപിക്കും.

Also Read: മൊൺസാന്റോയെന്ന പേരില്ലാതാകാൻ ഇനി നാളുകൾ മാത്രം; പകരം വരുന്നത് ലോകത്തിലെ ഏറ്റവും വലിയ അഗ്രി ബിസിനസ് ഭീമൻ

Image: pixabay.com

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.