മല്ലിയില നട്ടാൽ കീശയും മനസും നിറയും; മല്ലിയില കൃഷിയെക്കുറിച്ച് അറിയേണ്ടതെല്ലാം
മല്ലി നട്ടാൽ കീശയും മനസും നിറയും; മല്ലിയില കൃഷിയെക്കുറിച്ച് അറിയേണ്ടതെല്ലാം. മലയാളിയുടെ ഭക്ഷണശീലങ്ങളിലെ രണ്ടു സ്ഥിരം സാന്നിധ്യങ്ങളാണ് കറിവേപ്പിലയും മല്ലിയിലയും. അടുത്തിടെ ഏറ്റവും കൂടുതല്‍ കീടനാശിനി പ്രയോഗം ഏൽക്കുന്ന ഇലവർഗങ്ങൾ എന്ന പേരിലും ഇവർ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
വിപണിയിൽ നല്ല വില ലഭിക്കുന്ന മല്ലിയില കൃഷിയ്ക്ക് കേരളത്തില്‍ പ്രചാരം കുറവാണ് എന്നതാണ് രസകരം. കീടനാശിനി പ്രയോഗം തീരെയില്ലാതെ, എളുപ്പത്തില്‍ ലഭ്യമായ സ്ഥലത്ത് കൃഷി ചെയ്യാവുന്ന ഒന്നാണ് മല്ലിയില. സാധാരണ കടകളിൽ ലഭിക്കുന്ന മല്ലി വിത്ത് രണ്ടായി പിളര്‍ത്തി നന്നായി വെള്ളത്തില്‍ കുതിര്‍ത്തതിനുശേഷം നനഞ്ഞ തുണിയില്‍ കെട്ടിവയ്ക്കലാണ് ആദ്യപടി.
നനഞ്ഞ വിത്ത് ചീഞ്ഞു പോകാതിരിക്കാന്‍ കെട്ടിവെച്ച കിഴിയില്‍ വായുസഞ്ചാരം ഉറപ്പാക്കണം. തുണി ഉണങ്ങിപ്പോവാതെ ഇടയ്ക്കിടെ നനയ്ക്കാനും ശ്രദ്ധിക്കണം. എട്ടു മുതല്‍ പത്ത് ദിവസം വരെ ഇങ്ങനെ വച്ചിരുന്നാല്‍ മുളവരുന്നത് കാണാം. മുളപൊട്ടുന്നതോടെ ഇവയെ ഗ്രോബാഗിലേക്ക് മാറ്റാം. 25 ഗ്രാം മല്ലി വത്ത് മുളപ്പിച്ചത് രണ്ട് ഗ്രോബാഗുകളിൽ എന്ന തോതിൽ നിറയ്ക്കണം.
ചാണകപ്പൊടി, മണ്ണ്, മണല്‍ ഇവ തുല്യ അളവില്‍ ഗ്രോബാഗില്‍ നിറച്ചതിനു ശേഷമാണ് വിത്ത് നിറയ്ക്കേണ്ടത്. ബാഗില്‍ ഒരിക്കലും വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്. പാകി കഴിഞ്ഞ് ഒരു മാസമായാല്‍ മല്ലിയല മുറിച്ചെടുക്കാം. മുറിച്ചെടുക്കുമ്പോള്‍ അടിവശത്തെ മൂത്ത ഇലകള്‍ നോക്കിവേണം മുറിച്ചെടുക്കാന്‍. 90 ദിവസത്തിനുള്ളില്‍ ഇതില്‍ പൂങ്കുലകള്‍ വരുന്നതോടെ ചെടികൾ പിഴുതു കളയണം. നേരിട്ട് കടകളിൽ എത്തിച്ചു കൊടുത്താൽ മല്ലിയില നല്ല ലാഭം നേടിത്തരുമെന്ന കാര്യത്തിൽ സംശയം വേണ്ട.
Also Read: ഹൈറേഞ്ച് മേഖലയിൽ ചക്കയുടെ സീസൺ തകൃതി; ചക്കയ്ക്കും നല്ലകാലം വരുമെന്ന പ്രതീക്ഷയോടെ കർഷകർ
Image: pixabay.com