നോട്ടുനിരോധനം: പൊറുതിമുട്ടിയ കര്‍ഷകര്‍ പ്രക്ഷോഭവുമായി തെരുവിലേക്ക്
2016 നവംബര്‍ 8 ന് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനവും അതിനെ തുടര്‍ന്ന് വ്യത്യസ്ത മേഖലകളില്‍ രൂപപ്പെട്ട സ്തംഭനാവസ്ഥയും ഇന്ത്യന്‍ ജനസമൂഹത്തെ ഇന്നും അരക്ഷിതരാക്കി നിലനിറുത്തുകയാണ്. ഭക്ഷ്യോത്പാദനപ്രക്രിയയിലെ ആദ്യ കണ്ണിയായ കര്‍ഷകരെയാണ് നോട്ട് നിരോധനം നിലയില്ലാക്കയത്തിലേക്ക് തള്ളിവിട്ടത്. നോട്ട് നിരോധനം കാര്‍ഷികമേഖലയുടെ തകര്‍ച്ചക്ക് ആക്കം കൂട്ടി എന്നുപറയുന്നതാണ് കൂടുതല്‍ ഉചിതം. കാരണം, ഈ ഉത്തരവിറക്കുന്നതിനു മുമ്പേ തന്നെ കര്‍ഷകര്‍ തുടര്‍ച്ചയായ വര്‍ഷങ്ങളിലെ വരള്‍ച്ച മൂലവും കാര്‍ഷിക കടങ്ങളുടെയും ബാങ്ക് വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിന്റെയും സമ്മര്‍ദ്ദത്തിലായിരുന്നു.
ഗ്രാമീണതയുടെ സ്വാസ്ഥ്യത്തില്‍ ജീവിക്കുന്ന കര്‍ഷകര്‍ ഏറിയകൂറും അവരുടെ ഉത്പന്നങ്ങള്‍ വിറ്റ് കാശാക്കി കുടുംബത്തെ പോറ്റി മുന്നേറുന്നവരാണ്. കൃഷിയും അതിലൂടെയുളള സമ്പാദ്യവുമാണ് ഏക ജീവിതോപാധി. കൂടാതെ നേരിട്ടുളള പണമിടപാടുകള്‍ ശീലിച്ചവരാണ് ഭൂരിപക്ഷവും. അതല്ലാതെയുളള പുതിയ ഇടപാടു രീതികളായ ഡിജിറ്റലൈസ്ഡ് (Digitalized) ഇന്ത്യ, ക്യാഷ് ലെസ് ഇക്കോണമി (Cashless Economy) എന്നിവയെക്കുറിച്ച് അവര്‍ അജ്ഞരായിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിനിമയത്തിലിരുന്ന 500 ന്റേയും 1000 ത്തിന്റേയും കറന്‍സി നോട്ടുകള്‍ അസാധുവാകുകയും, പകരം നോട്ടുകള്‍ ലഭ്യമാകാതിരിക്കുകയും പണമിടപാടുകള്‍ നേരിട്ടല്ലാതെ ബാങ്കുകള്‍ വഴിയും മറ്റ് മാര്‍ഗ്ഗങ്ങളിലുമായി പരിണമിക്കുകയും ചെയ്തപ്പോള്‍, കര്‍ഷകര്‍ അവരുടെ ഉത്പന്നങ്ങള്‍ കമ്പോളത്തില്‍ വിറ്റ് കാശാക്കുന്ന പ്രക്രിയയില്‍ വന്‍ തിരിച്ചടി ഏറ്റു വാങ്ങി. തന്‍മൂലം വായ്പകളും അതിന്റെ പലിശയും കൂട്ടുപലിശയും മൂലം കര്‍ഷകര്‍ ആത്മഹത്യയ്‌ക്കൊരുങ്ങുന്ന സാഹചര്യം സംജാതമായി. ഇന്ത്യയുടെ പല ഗ്രാമങ്ങളിലും ഇപ്പോഴും ബാങ്ക്, എടിഎം സ്വകാര്യങ്ങള്‍ കടന്നെത്തിയിട്ടില്ല. ഈ പരിമിതമായ അവസ്ഥയിലാണ് കര്‍ഷകന്‍ ക്യാഷ്‌ലെസ്സ് ഇക്കോണമിയുടെ ഭാഗമാകാന്‍ നിര്‍ബന്ധിതനാകുന്നത്. നേരിട്ടുള്ള പണമിടപാടുകള്‍ മാത്രം ശീലിച്ചിട്ടുള്ള ഈ കര്‍ഷകര്‍ ഒരു സുപ്രഭാതത്തില്‍ ബാങ്ക് സേവനങ്ങളും അതിന്റെ പിറകെ വരുന്ന ബാങ്ക് ചാര്‍ജുകളും വഹിക്കേണ്ടിവരുന്നു.

നോട്ടുനിരോധനം ഇന്ത്യയിലെ കര്‍ഷകആത്മഹത്യകളുടെ ആക്കം കൂട്ടി എന്ന് വേണം കരുതാന്‍. രാജ്യത്തിന്റെ സമ്പത്തുവ്യവസ്ഥയില്‍ മുഖ്യപങ്കുവഹിക്കുന്ന കര്‍ഷകന്‍ ഒരു പരിഹാരത്തിനായി സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും കയറിയിറങ്ങി പരാജയപ്പെട്ട് സമരോത്സുകനായി തെരുവിലേക്കും ഭരണസിരാകേന്ദ്രങ്ങളിലേക്കും കുതിക്കുന്ന കാഴ്ചയാണ് സമകാലീന ഇന്ത്യ കാണുന്നത്.
ഡല്‍ഹിയില്‍ വിചിത്രമായ സമരരീതികളുമായി തമിഴ് കര്‍ഷകര്‍
തലസ്ഥാന നഗരമായ ഡല്‍ഹിയിലെ ജന്തര്‍ മന്തറിലും രാഷ്ട്രപതിഭവനും സുപ്രീംകോടതിക്ക് മുന്നിലും മൂന്ന് മാസത്തോളമായി സമരം നടത്തിയ തമിഴ്‌നാട് കര്‍ഷകര്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങള്‍ വരള്‍ച്ചാ ദുരിതാശ്വാസം, കാര്‍ഷിക കടം എഴുതി തള്ളുക, കാര്‍ഷികോത്പന്നങ്ങള്‍ക്ക് താങ്ങുവില ലഭ്യമാക്കുക, മുതിര്‍ന്ന കര്‍ഷകര്‍ക്ക് പെന്‍ഷന്‍ എന്നിവയാണ്. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയൊട്ടികള്‍ കഴുത്തില്‍ തൂക്കിയും, എലികളെ കടിച്ചും, തല പകുതി മുണ്ഡനം ചെയ്തും കൈകളില്‍ രക്തമൊലിപ്പിച്ചും മൂത്രം കുടിച്ചും നടത്തിയ വിചിത്രമായ സമരരീതി അന്തര്‍ദേശീയ മാധ്യമങ്ങളില്‍ കൂടി സ്ഥാനം പിടിച്ചു.

നോട്ടുനിരോധനം തമിഴ്‌നാട്ടിലേയും കര്‍ണ്ണാടകത്തിലേയും തക്കാളി കര്‍ഷകരേയും മഹാരാഷ്ട്രയിലേയും ഗുജറാത്തിലേയും സവാള കര്‍ഷകരേയും പ്രതിസന്ധിയിലാഴ്ത്തി. 60 മുതല്‍ 85 ശതമാനം വരെ വിലയിടിവാണ് ഈ ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍ സംഭവിച്ചത്.
അക്രമാസക്തമായ കര്‍ഷകപ്രക്ഷോഭങ്ങളും പൊലീസ് വെടിവെയ്പും
കഴിഞ്ഞ ജൂണ്‍ ഒന്നാം തീയതി മധ്യപ്രദേശിലും സമീപകാലത്ത് മഹാരാഷ്ട്രയിലും നടന്ന കര്‍ഷക പ്രക്ഷോഭങ്ങളാണ് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. കാര്‍ഷികോത്പന്നങ്ങള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞും നശിപ്പിച്ചും, പാല്‍ റോഡിലേക്കൊഴുക്കിയുമാണ് കര്‍ഷകര്‍ തങ്ങളുടെ പ്രതിഷേധം പുറം ലോകത്തെ അറിയിച്ചത്. പ്രക്ഷോഭം കലാപാന്തരീക്ഷം സൃഷ്ടിച്ച് മുന്നേറിയതിനെ ചെറുക്കാനായി മധ്യപ്രദേശിലെ പൊലീസ് മന്ദസൂര്‍ ജില്ലയില്‍ നടത്തിയ വെടിവെയ്പില്‍ ആറ് കര്‍ഷകര്‍ കൊല്ലപ്പെടുക കൂടി ചെയ്തതോടെ സമരം നിയന്ത്രണാതീതമായി. ബി ജെ പി ഭരിക്കുന്ന സംസ്ഥാനത്ത് ക്രമസമാധാനം പുന:സ്ഥാപിക്കാനായി ശിവരാജ് സിംഗ് ചൌഹാന്‍ സര്‍ക്കാരിന് കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ദ്രുതകര്‍മ്മസേനയെ നിയോഗിക്കേണ്ടതായും വന്നു. അതേസമയം, രണ്ട് സംസ്ഥാനങ്ങളില്‍ വ്യാപകമായി നടന്ന കര്‍ഷക പ്രക്ഷോഭത്തെ പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനമാക്കി നിസ്സാരവല്‍ക്കരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്.
Also Read: ഈ രാജ്യത്ത് എക്കാലവും ചൂഷണം ചെയ്യപ്പെട്ട രണ്ട് വിഭാഗങ്ങളാണ് കര്‍ഷകരും കര്‍ഷക തൊഴിലാളികളും
വിജയിച്ച കര്‍ഷകസമരം
കര്‍ഷകസമരം വ്യാപകമായ മറ്റൊരു സംസ്ഥാനം ബി ജെ പി ഭരിക്കുന്ന രാജസ്ഥാനാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്‌സിസ്റ്റ്) രൂപം കൊടുത്ത അഖില ഭാരതീയ കിസാന്‍ സഭയുടെ ആഭിമുഖ്യത്തിലാണ് രാജസ്ഥാനിലെ കര്‍ഷകര്‍ സംഘടിച്ച് സമരത്തിനിറങ്ങിയത്. 50,000 രൂപയില്‍ താഴെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തളളാന്‍ തീരുമാനിക്കുകയും മറ്റ് കാര്‍ഷികസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇടക്കാല ആശ്വാസത്തിനായുളള നടപടികള്‍ സ്വീകരിക്കുമെന്നുറപ്പു നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണ് രാജസ്ഥാനിലെ കര്‍ഷകസമരം അവസാനിച്ചത്. രാജസ്ഥാനിലെ ഭൂമി ഏറ്റെടുക്കലിനെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍ ഇപ്പോഴും സമരരംഗത്തുണ്ട്.
മധ്യപ്രദേശിലെ കര്‍ഷകര്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധി ഉത്പാദനചെലവിലുണ്ടായ വര്‍ദ്ധനയും കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവുമാണ്. നെല്ലിന്റെ നിലവിലെ വില ഉത്പാദനച്ചെലവിനും 15 ശതമാനം താഴെയാണ്. ഗോതമ്പിന്റെ വില ഉത്പാദനചെലവിന് മുകളില്‍ 2 ശതമാനം മാത്രം ലാഭത്തിലാണുള്ളത്. 2004-05 വര്‍ഷത്തില്‍ കൃഷിയിടത്തില്‍ വളപ്രയോഗം ഹെക്ടറിന് 1241.34 രൂപ ചെലവഴിച്ച് നടത്താമായിരുന്നത് 2014-15 വര്‍ഷത്തേക്ക് 2695.27 രൂപയായി ഉയര്‍ന്നു. വിത്തിന്റെ വില (ഹെക്ടര്‍) 998 ല്‍ നിന്നും 2653 ആയി ഉയര്‍ന്നു. ജലസേചന ചെലവ് (ഹെക്ടര്‍) 1961.50 ല്‍! നിന്ന് 2599.55 ആയി ഉയര്‍ന്നു.
Also read: മറാത്തവാഡ കര്‍ഷകരെ ഇപ്പോഴും പൊറുതിമുട്ടിക്കുന്ന “നോട്ടുനിരോധന ബാധ”
എത്ര സംസ്ഥാനങ്ങള്‍ക്ക് കാര്‍ഷിക കടാശ്വാസം നല്‍കാന്‍ കഴിയും?
കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവ് രാജ്യത്തങ്ങോളമിങ്ങോളമായി നടന്ന കര്‍ഷകസമരങ്ങള്‍ മുന്നോട്ടുവെച്ച പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. 2016 വര്‍ഷത്തെ ആഭ്യന്തര ഉത്പാദനത്തിന്റെ അളവിലുണ്ടായ വര്‍ദ്ധനയാണ് നിലവിലെ ഉത്പന്നങ്ങളുടെ വിലയിടിവിന് കാരണമായി IndiaSpend പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബി ജെ പി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അവതരിപ്പിച്ച ബഡ്ജറ്റില്‍ 36,000 കോടിയുടെ കാര്‍ഷിക കടം എഴുതി തള്ളാനുള്ള തീരുമാനം കര്‍ഷകസമരം നടക്കുന്ന മറ്റ് സംസ്ഥാനങ്ങളെക്കൂടി സമാനമായ തീരുമാനമെടുക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. എന്നാല്‍ മികച്ച സാമ്പത്തിക ഭദ്രതയില്ലാത്ത സംസ്ഥാനങ്ങള്‍ ഈ തീരുമാനം കൈക്കൊള്ളാനാകാതെ നില്‍ക്കുന്നു. യു പി യില്‍ ലക്ഷങ്ങള്‍ ബാധ്യതയുള്ളവര്‍ക്ക് പദ്ധതി ഫലത്തില്‍ വന്നപ്പോള്‍ രണ്ടും മൂന്നും രൂപ മാത്രം ഒഴിവാക്കി കിട്ടിയത് പരിഹാസ്യ സംഭവമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നോട്ട് നിരോധനത്തിന്റെ അലയൊലികള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെയും പിടിച്ചുലച്ചതിന്റെ ബാക്കി പത്രമാണ് വാര്‍ത്തമാധ്യമങ്ങളില്‍ ഇടം നേടുന്ന കര്‍ഷക ആത്മഹത്യകള്‍.

സംഘടിത കര്‍ഷക പ്രക്ഷോഭങ്ങളുടെ കാലം
കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് സംഘടിത കര്‍ഷക പ്രക്ഷോഭങ്ങള്‍ക്കാണ് രാജ്യത്തെ ജനത ദൃസാക്ഷിയാകുന്നത്.15 ദശലക്ഷം കര്‍ഷകരെ പ്രതിനിധീകരിക്കുന്ന 130 ലേറെ കര്‍ഷക സംഘടനകളെ ഉള്‍പ്പെടുത്തി ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 20ന് ദേശീയ റാലി സംഘടിപ്പിക്കുന്നുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇന്ത്യന്‍ സ്വരാജ് പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റായ യോഗേന്ദ്ര യാദവും മറ്റ് സാമൂഹിക പ്രവര്‍ത്തകരും പ്രക്ഷോഭങ്ങളുടെ നേതൃനിരയിലുണ്ട്. ഇരുട്ടില്‍ തപ്പുന്ന സര്‍ക്കാരിന് ചൂട്ടുപിടിച്ച് വെളിച്ചം കാട്ടുന്നതാണ് തങ്ങളുടെ സമരമെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സഭ നേതാവായ അമര റാം അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് സ്ഥാപിത തൊഴിലാളി സംഘടനയായ ഭാരതീയ മസ്ദുര്‍ സംഘ് നവംബര്‍ 17ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഗുജറാത്തില്‍ കര്‍ഷകരെ സംഘടിപ്പിച്ച് പ്രതിഷേധങ്ങള്‍ നടന്നുവരുന്നു.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ നിരവധി കര്‍ഷകസമരങ്ങള്‍ ഉണ്ടായിട്ടുണ്ട്. പരമ്പരാഗത കാര്‍ഷിക സമൂഹത്തില്‍ നിന്നും ആധുനിക വ്യാവസായിക സമൂഹത്തിലേക്കുള്ള എടുത്തുചാട്ടത്തിനായി നടത്തിയ മിക്ക സര്‍ക്കാര്‍ നീക്കങ്ങളും കര്‍ഷകരില്‍ അസംതൃപതി പടര്‍ത്തുകയാണ് ചെയ്തിട്ടുള്ളത്. കൂട്ടത്തില്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ കാര്‍ഷികമേഖല കൈയ്യടക്കാനുള്ള ശ്രമങ്ങളും പ്രകൃതിദുരന്തങ്ങള്‍ സൃഷ്ടിക്കുന്ന കൃഷിനാശം കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവ് എന്നീ സാഹചര്യങ്ങളില്‍ നിന്ന് കരകയറാന്‍ കര്‍ഷകരെ സഹായിക്കുന്നതില്‍ സര്‍ക്കാരുകള്‍ വിമുഖത പ്രകടിപ്പിക്കുന്നതും കര്‍ഷക പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. കാര്‍ഷികോത്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിലയും കാര്‍ഷിക കടാശ്വാസവും മുഖ്യാവശ്യമാക്കി ഉയര്‍ത്തിപ്പിടിച്ച് നവംബറില്‍ നടക്കാനിരിക്കുന്ന ദശലക്ഷം കര്‍ഷകരെ ഉള്‍പ്പെടിയുള്ള രാജ്യവ്യാപക പ്രതിഷേധ റാലികൂടി ഉള്‍പ്പെടുത്തിയാല്‍ ഇന്ത്യന്‍ കര്‍ഷക സമര ചരിത്രത്തിലേക്ക് മറ്റൊരദ്ധ്യായം കൂടിയാകും.