മറാത്തവാഡ കര്‍ഷകരെ ഇപ്പോഴും പൊറുതിമുട്ടിക്കുന്ന “നോട്ടുനിരോധന ബാധ”

നോട്ടുനിരോധനം സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും നിന്നും മറാത്തവാഡയുടെ ഗ്രാമീണമേഖലകളില്‍ കര്‍ഷകര്‍ ഇനിയും കരകയറിയിട്ടില്ല. കൃഷിസംബന്ധമായ എല്ലാ ക്രയവിക്രയങ്ങളിലും പണം മുഖ്യഘടകമായി പ്രവര്‍ത്തിക്കുന്ന മറാത്താവാഡയുടെ ഗ്രാമീണമേഖലകളില്‍ കര്‍ഷര്‍ ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ വ്യാപാരികളില്‍ നല്‍കുന്ന വണ്ടിച്ചെക്കുകളാലും കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവിനാലുമാണ്.

കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ നവംബറില്‍ നടപ്പിലാക്കിയ നോട്ടുനിരോധനത്തിന്റെ ആഘാതം 10 മാസങ്ങള്‍ക്ക് ശേഷവും നേരിടുന്ന കര്‍ഷകരിലൊരാളാണ് മറാത്തവാഡയിലെ പരുത്തി കര്‍ഷകനായ ദീപക് ബദാവന്‍ (Deepak Badavne).

2016 നവംബര്‍ ആദ്യം 2.5 ഏക്കര്‍ സ്ഥലത്തുനിന്നും വിളവെടുത്ത് വ്യാപാരം ചെയ്ത 31 കിന്റല്‍ പരുത്തിയുടെ വില ഇനിയും ദീപക്കിന് ലഭിച്ചിട്ടില്ല. “വിളവെടുപ്പിനുശേഷം ട്രക്കില്‍ ലോഡ് കയറ്റിയ അയച്ചതിന് തൊട്ടുപുറകേയാണ് വ്യാപാരമേഖലയില്‍ മാന്ദ്യം സൃഷ്ടിച്ച് നോട്ടുനിരോധനം കടന്നുവന്നത്,” ഏകദേശം ഒരു വര്‍ഷ കഴിഞ്ഞും പണം കിട്ടാത്ത പ്രയാസം ദീപക് പങ്കുവെയ്ക്കുന്നു. “ഇക്കൊല്ലത്തെ ദീപാവലിയോടടുപ്പിച്ച് (ഒക്ടോബര്‍) പണം തരാമെന്നാണ് വ്യാപാരി അറിയിച്ചിട്ടുള്ളത്.”

മറാത്തവാഡയിലെ ഔറംഗാബാദ് നഗരത്തിന് പുറത്തുള്ള കാരജ്ഗാവ് (Karajgaon) ഗ്രാമവാസിയാണ് ദീപക്. രണ്ടു കുട്ടികളുള്‍പ്പെടെയുള്ള കൂട്ടുകുടുംബത്തിന്റെ ഉത്തരവാദിത്തമാണ് 31കാരനായ ഈ കര്‍ഷകന്റെ ചുമലിലുള്ളത്. കയറ്റിവിട്ട പരുത്തിയുടെ തുകയായ 178,483 രൂപയ്ക്ക് കഴിഞ്ഞ മാര്‍ച്ച് 24 ന് വ്യാപാരി നല്‍കിയ ചെക്ക് ഇതിനകം തന്നെ മൂന്ന തവണ മടങ്ങി. സമാനമായി പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്ന 1300 ഓളം കര്‍ഷകരെ സംഘടിപ്പിച്ച ഇദ്ദേഹം ഗ്രാമത്തിലെ മറ്റ് പലര്‍ക്കും ഇതേ അനുഭവം തന്നെയാണ് ഉണ്ടായതെന്ന് വിശദീകരിക്കുന്നു. 

ദീപക്കിന്റെ സഹോദരന്‍ ജിതേന്ദ്രയും (Jeetendra) പരുത്തികൃഷിയാണ് ഉപജീവനമാര്‍ഗമായി തെരഞ്ഞെടുത്തിരിക്കുന്നത്. നോട്ടുനിരോധനം പ്രാബല്യത്തില്‍ വന്ന് ആറുമാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ഏപ്രിലില്‍ ഇദ്ദേഹം വിളവെടുത്ത് വില്പന നടത്തിയ 34 ക്വിന്റല്‍ പരുത്തിക്ക് വ്യാപാരി നല്‍കിയ ചെക്കും മടങ്ങിയിരിക്കുകയാണ്.

രൂക്ഷമായി ഈ സാഹചര്യം നോട്ടുനിരോധനത്തെ തുടര്‍ന്നാണെന്ന വ്യാപാരിയുടെ (വ്യക്തിയെ കണ്ടുമുട്ടാനാകാത്തതിനെ തുടര്‍ന്ന് പേര് പ്രസിദ്ധീകരിക്കാന്‍ നിര്‍വാഹമില്ല) സ്ഥിരം മറുപടിയില്‍ തൃപ്തിപ്പെട്ട് മടങ്ങാതെ പ്രതിഷേധവുമായി അദ്ദേഹത്തിന്റെ വീട്ടിലേക്ക് ചെല്ലാനാണ് കര്‍ഷകര്‍ തീരുമാനിച്ചത്. “വ്യാപാരി പണം തരുന്ന ദിവസത്തേക്ക് വിളയിറക്കുന്നത് വൈകിപ്പിക്കാനാകില്ല, കയ്യില്‍ പണമില്ലാതെ എങ്ങനെ അടുത്തഘട്ടം വിളയിറക്കും?” എന്ന ചോദ്യമാണ് ഈ കര്‍ഷകര്‍ ചോദിക്കുന്നത്. എന്നാല്‍, പ്രതിഷേധിച്ചെത്തിയ കര്‍ഷകരേയും ചോദ്യങ്ങളാരാഞ്ഞ് എത്തിയ മാധ്യമപ്രവര്‍ത്തകരേയും നേരിടാന്‍ ശ്രമിക്കാതെ സ്ഥലം വിടാനാണ് വ്യാപാരി തീരുമാനിച്ചത്. “തന്റെ മകന്‍ ആത്മാഹത്യ ചെയ്താല്‍ അതിന് നിങ്ങളാണ് ഉത്തരവാദി” എന്ന അദ്ദേഹത്തിന്റെ അമ്മയുടെ ഒച്ചപ്പാടിനെ നേരിട്ട കര്‍ഷകര്‍ അവരുടെ അമര്‍ഷം വ്യാപാരിക്കെതിരെ വഞ്ചനാക്കുറ്റത്തിന് കര്‍മ്മാദ് (Karmad) പൊലീസില്‍ പരാതി നല്‍കുന്നതിലവസാനിപ്പിച്ചു.

മൂന്ന് തവണ മടങ്ങിയ ചെക്കുമായി മറാത്താവാഡയിലെ പരുത്തി കര്‍ഷകനായ ദിപക് ബാദവനെ

ഔറംഗാബാദ് – ജല്‍ന (Jalna) ദേശീയപാതയിലെ ഹസ്നബാദ്വാഡി (Hasanabadwadi) ഗ്രാമത്തിലെ അതുല്‍ അന്‍തരായ് (Atul Antarai) എന്ന 28 കാരനായ മൊസാംബി കര്‍ഷകന്‍ നേരിട്ട പ്രതിസന്ധിയാണ് മറ്റൊന്ന്.

അഞ്ച് ഏക്കറിലായി ആയിരത്തോളം മൊസാംബി മരങ്ങളാണ് ഇദ്ദേഹത്തിന്‍ വളര്‍ത്തുന്നത്. കുഴല്‍ക്കിണറും മറ്റ് സ്വകാര്യ ജലസ്രോതസ്സും ഉപയോഗിച്ച് തോട്ടം നനച്ച് മെച്ചപ്പെട്ട രീതിയില്‍ മൊസാംബി ഉത്പാദിച്ചുവരികയായിരുന്നു അതുല്‍. 2017 വര്‍ഷാദ്യം ഫെബ്രുവരി മാസത്തോളെ വിളവെടുപ്പ് നടത്താന്‍ പദ്ധതിയിട്ടിരുന്ന ഇദ്ദേഹം പ്രതീക്ഷിച്ചത് കിലോഗ്രാമിന് 30 മുതല്‍ 35 വരെയായിരുന്നു. എന്നാല്‍ നോട്ടുനിരോധനത്തോടെ കാര്യങ്ങള്‍ കുഴപ്പത്തിലായി. 30 രൂപ വില പ്രതീക്ഷിച്ചിരുന്ന ഇദ്ദേഹത്തിന് വിളവെടുപ്പിന് ശേഷം മൊസാംബി വില്‍ക്കാനായത് കിലോഗ്രാമിന് മൂന്നുരൂപ നിരക്കിലായിരുന്നു. 10 ലക്ഷം രൂപയോളം വരുമാനം പ്രതീക്ഷിച്ചിരുന്ന അതുലിന് ലഭിച്ചത് 1.25 ലക്ഷം മാത്രം.

മറാത്തവാഡയിലെ കര്‍ഷകര്‍ക്ക് മുഖ്യമായും ലഭിക്കുന്ന വരുമാനം പരുത്തിയിലൂടെയും മൊസംബിയിലൂടെയുമാണ്. നവംബറില്‍ പരുത്തിയുടേയും ഫെബ്രുവരി-മാര്‍ച്ച് മാസത്തില്‍ മൊസാംബിയുടേയും ആദ്യഘട്ടത്തിന്റേയും ഓഗസ്റ്റ്-സെപ്റ്റംബര്‍ രണ്ടാംഘട്ടത്തിന്റേയും വിളവെടുപ്പ് കാലമാണ്. കൃഷിയിറക്കുന്നത് മുതല്‍ വിളവെടുപ്പ്, വില്‍പ്പന എന്നീ ഘട്ടങ്ങളിലെല്ലാം കര്‍ഷകര്‍ നടത്തുന്നത് പണം കൈമാറിയുള്ള ക്രയവിക്രയങ്ങളാണ്. കമ്പോളത്തില്‍ നിന്നും 500 ന്റേയും 1000 ത്തിന്റേയും കറന്‍സി നോട്ടുകള്‍ അപ്രത്യക്ഷമായതും പകരം നോട്ടുകള്‍ ലഭ്യമല്ലാതിരുന്നതും കാര്‍ഷികമേഖലയെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടു.

“എ ടി എം കൌണ്ടറുകളും ബാങ്കുകളും ഉപയോഗപ്പെടുത്തണമെങ്കില്‍ മറാത്തവാഡയിലെ കര്‍ഷകര്‍ക്ക് കിലോമീറ്ററുകളോളം സഞ്ചരിക്കണം. ഇവയെല്ലാം പ്രവര്‍ത്തിക്കുന്നത് നഗരങ്ങളെ കേന്ദ്രീകരിച്ചാണ്,” ബീഡ് (Beed) ജില്ലയിലെ അഞ്ചന്‍വാഡി (Anjanvati) ഗ്രാമത്തിലെ സോയാബീനും അരിച്ചോളവും കൃഷിചെയ്യുന്ന കര്‍ഷകനായ അശോക് യേധേ (Ashok Yedhe) അഭിപ്രായപ്പെട്ടു. “ഗ്രാമീണ കര്‍ഷകര്‍ക്കും, കര്‍ഷക തൊഴിലാളികള്‍ക്കും ആധുനിക ബാങ്കിംഗ് സംവിധാനങ്ങളെ ഉപയോഗപ്പെടുത്താനായി ആവശ്യമായ ഇടപാട് ചാര്‍ജുകളും താങ്ങാനാവുന്ന ഒന്നല്ല, അതാതു ദിവസത്തെ കൂലി വാങ്ങി ജീവിതം നയിക്കുന്ന കര്‍ഷക തൊഴിലാളികളോട് PayTM ലൂടെ 250 രൂപ അയക്കാം എന്നെങ്ങനെ പറയും?” അദ്ദേഹം ചിരിച്ചുകൊണ്ട് ചോദിച്ചു.

റിസര്‍വ് ബാങ്ക് കണക്കുകള്‍ പ്രകാരം രാജ്യത്താകമാനമുള്ള 222,762 എ ടി എം കൌണ്ടറുകളില്‍ 40,997 കൌണ്ടറുകളാണ് ഗ്രാമീണമേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. അതായത്, രാജ്യത്തെ 69 ശതമാനം ജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനായി 20 ശതമാനം പണമെടുക്കല്‍ യന്ത്രങ്ങള്‍. അകലങ്ങളിലും എണ്ണത്തില്‍ കുറവുമാണ്  ഗ്രാമീണമേഖലയിലെ എ ടി എം സംവിധാനം.

ഇന്ത്യയിലെ വലിയൊരു ശതമാനം കര്‍ഷകരും ഉപയോഗപ്പെടുത്തുന്ന ഗ്രാമീണ സഹകരണ ബാങ്കുകളിലൂടെ നിരോധിച്ച 500 ന്റേയും 1000 ത്തിന്റേയും നോട്ടുകള്‍ മാറാന്‍ റിസര്‍വ് ബാങ്ക് അനുവാദം കൊടുത്തിരുന്നില്ല. “ഏഴ് മുതല്‍ എട്ട് മാസങ്ങള്‍ വരെ ഈ പ്രതിസന്ധി തുടര്‍ന്നിരുന്നു, മറ്റ് ബാങ്കുകളുടെ എ ടി എമ്മുകളില്‍ പുതിയ കറന്‍സി നോട്ടുകളെത്തിയപ്പോഴും സഹകരണ ബാങ്കുകളില്‍ പണമിടപാട് നടത്താന്‍ സാധിച്ചിരുന്നില്ല,” ലാതുര്‍ (Latur) ജില്ലാ സഹകരണ ബാങ്ക് മാനേജിംഗ് ഡയറക്ടറായ ഹനുമന്ത് ജാദവ് (Hanumant Jadhav) വ്യക്തമാക്കി.

“ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ നിന്ന് 1.5 ലക്ഷം രൂപ വായ്പയെടുത്താണ് കൃഷി തുടങ്ങിയത്, ഓരോ വര്‍ഷത്തേയും പരുത്തി വിളവെടുപ്പിന് ശേഷം തനിക്ക് ഈ ലോണ്‍ അടച്ച്, അടുത്ത വര്‍ഷത്തേക്കുള്ള വായ്പ സ്വീകരിക്കാമായിരുന്നു. എന്നാല്‍ നോട്ടുനിരോധനം തന്നെ കുടിശ്ശികക്കാരനാക്കി മാറ്റി,” ദീപക്ക് വിശദീകരിക്കുന്നു. സ്വകാര്യ പണമിടപാടുകാരില്‍ നിന്നും 240,000 രൂപ 3 ശതമാനം പലിശ നിരക്കില്‍ വായ്പയെടുത്താണ് ദീപക് ഇത്തവണ പരുത്തികൃഷി ആരംഭിക്കുന്നത്. മഴദൌര്‍ലഭ്യത സംഭവിച്ചതിനാല്‍ ഈ തവണത്തെ കൃഷിയിലൂടെ ഉദ്ദേശിച്ച വിളവ് ലഭിക്കുമോ എന്നകാര്യത്തില്‍ ദീപക് ആശങ്കപ്പെടന്നു.

ഹാസന്‍ബാദ്വാഡി ഗ്രാമത്തിലെ അതുലിന്റെ സ്ഥിതിയും മറ്റൊന്നല്ല, മഴലഭ്യത കുറവായതിനാല്‍ ഇദ്ദേഹത്തിന്റെ കുഴല്‍കിണറിലെ വെള്ളം വറ്റിയിരിക്കുകയാണ്. നോട്ടുനിരോധനത്തിന്റെ ആഘാതത്തില്‍ നിന്ന് മുകതനാകാത്തതുകൊണ്ട് പുറത്തുനിന്ന് വെള്ളം വാങ്ങി മൊസാംബി മരങ്ങള്‍ നനയ്ക്കുന്നത് പ്രയാസമേറിയകാര്യമാണെന്ന് അതുല്‍ വ്യക്തമാക്കുന്നു.

(This article was originally published in the People’s Archives of Rural India (PARI) on September 15, 2017.)

Also Read: കാര്‍ഷിക സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച നോട്ടുനിരോധനം; വരള്‍ച്ചയെ അതിജീവിച്ച കര്‍ഷക പ്രതീക്ഷകളെ തകര്‍ത്തെറിഞ്ഞു

Save

Save

Save

Save