കയറ്റുമതി വര്‍ദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് കരട് കാർഷിക വ്യാപാര നയവുമായി കേന്ദ്രം; 2022 ഓടെ 6000 കോടിയുടെ കാർഷിക കയറ്റുമതി ലക്ഷ്യം

കയറ്റുമതി വര്‍ദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് കരട് കാർഷിക വ്യാപാര നയവുമായി കേന്ദ്രം; 2022 ഓടെ 6000 കോടിയുടെ കാർഷിക കയറ്റുമതി ലക്ഷ്യം. കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുന്നതിന് മുൻഗണന നൽകുന്ന നയപ്രകാരം 1964 ലെ കൃഷി ഉല്പാദന വിപണന കമ്മിറ്റി (എ.പി.എം.സി.) നിയമങ്ങള്‍ ഭേദഗതി ചെയ്യും. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ നിലവിലുളള തടസങ്ങളെല്ലാം നീക്കുകയും ഫാം ഉല്‍പ്പന്നങ്ങള്‍ക്കായി പ്രത്യേക നയം തയ്യാറാക്കകയും ചെയ്യും.

നിലവില്‍ ഏകദേശം 3000 കോടി വരുന്ന വാര്‍ഷിക കാര്‍ഷിക കയറ്റുമതി 2022 ഓടെ 6000 കോടിയാക്കുകയാണ് നയമാറ്റത്തിലൂടെ കേന്ദ്ര സര്‍ക്കാർ ലക്ഷ്യമിടുന്നത്. 2012-13 ല്‍ 3600 കോടിയായിരുന്നു കയറ്റുമതിയിലൂടെയുളള രാജ്യത്തിന്‍റെ നേട്ടമെങ്കില്‍ 2016-17 ല്‍ അത് 3100 കോടിയായി കുറഞ്ഞു. കയറ്റുമതിയില്‍ വാര്‍ഷികമായി ഉണ്ടാവുന്ന ഈ കുറവിനെ ഗൗരവത്തോടെയാണ് കാര്‍ഷിക മന്ത്രാലയം നോക്കിക്കാണുന്നത്.

കടല്‍ വിഭവങ്ങളില്‍ നിന്ന് 580 കോടിയും മാംസ വിഭവങ്ങളില്‍ നിന്ന് 400 കോടിയും അരിയില്‍ നിന്ന് 600 കോടിയുമാണ് രാജ്യത്തിന് ലഭിച്ചു പോരുന്നത്. ഇവ മൂന്നും കൂടി ആകെയുളള കാര്‍ഷിക ഉല്‍പ്പന്ന കയറ്റുമതിയുടെ 52 ശതമാനം വരും. മിനിമം എക്സ്പോര്‍ട്ട് പ്രൈസ്, എക്സ്പോര്‍ട്ട് ഡ്യൂട്ടി, സംസ്കരിച്ച കാര്‍ഷിക വസ്തുക്കള്‍ക്കും ഓര്‍ഗാനിക്ക് ഉല്‍പ്പന്നങ്ങള്‍ക്കുമുളള പ്രത്യേക നികുതികള്‍ എന്നിവ പുതിയ നയപ്രകാരം ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുമെന്നാണ് സൂചന.

സംസ്ഥാനങ്ങളിലെ മണ്ടി/ കാർഷിക ഫീസുകൾ ലഘൂകരിക്കുകയും ഏകീകരിക്കുകയും ചെയ്യുന്നത് വിതരണ ശൃംഖല കൂടുതൽ സുതാര്യമാക്കുമെന്നും കരട് നയത്തിൽ പറയുന്നു. കൂടാതെ അത് കർഷകരെ ശക്തിപ്പെടുത്തുകയും, വിപണികളിൽ കൂടുതൽ അവസരം നൽകുകയും രാജ്യത്തുടനീളം സ്വതന്ത്ര വ്യാപാരം സാധ്യമാക്കുകയും ചെയ്യുമെന്ന് നയം പ്രത്യാശ പ്രകടിപ്പിക്കുന്നു. കൂടുതൽ നിക്ഷേപം ആകർഷിക്കുമെന്നുള്ള പ്രതീക്ഷയിൽ കരാർ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിർദേശവും നയം മുന്നോട്ടുവക്കുന്നു. ഏപ്രിൽ അഞ്ചുവരെ കരടു നയത്തെക്കുറിച്ച് ബന്ധപ്പെട്ടവർക്ക് അഭിപ്രായം രേഖപ്പെടുത്താവുന്നതാണ്.

Also Read: കൊടുംവേനലിൽ കൃഷി ചെയ്യാൻ തണ്ണിമത്തൻ; മാർച്ചിൽ വിളവെടുപ്പു കാലം

Image: pixabay.com