ഉണക്കിപ്പൊടിച്ച ചാണകം ഇനി പരിസ്ഥിതി സൗഹൃദ പാക്കറ്റുകളിലെത്തും; പുത്തൻ പദ്ധതിയുമായി നേമത്തെ ക്ഷീരകർഷകർ
ഉണക്കിപ്പൊടിച്ച ചാണകം ഇനി പരിസ്ഥിതി സൗഹൃദ പാക്കറ്റുകളിലെത്തും; പുത്തൻ പദ്ധതിയുമായി നേമത്തെ ക്ഷീരകർഷകർ. പാൽ ഉത്പാദനത്തിൽ സ്വയം പര്യാപ്തത നേടിയ നേമം ബ്ലോക്ക് പഞ്ചായത്തിലെ 1700 ഓളം ക്ഷീരകർഷകരും 25 ക്ഷീര സംഘങ്ങളുമാണ് ഉണക്കിപ്പൊടിച്ച ചാണകം വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നത്. ബ്ലോക്കിന് കീഴിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ക്ഷീരോത്പാദനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനു പുറമെ തൊഴുത്തുകൾ മാലിന്യമുക്തവുമാകണം എന്ന ലക്ഷ്യത്തോടെയാണ് ചാണകം ഉണക്കിപ്പൊടിച്ച് പരിസ്ഥിതി സൗഹൃദ പാക്കറ്റുകളിലാക്കി വിപണിയിലെത്തിക്കുന്നത്.
പശുവളർത്തലും പാലുൽപ്പാദനവും ലാഭകരമാണെങ്കിലും ചാണകം ഫലപ്രദമായി നീക്കം ചെയ്യൽ എന്നും ക്ഷീരകർഷകർക്ക് വെല്ലുവിളിയാണ്.
ഈ പ്രശ്നത്തിനുള്ള ഒരു പരിഹാരമെന്ന നിലയിലാണ് ഉണക്കിപ്പൊടിച്ച ചാണകം വിപണിയിലെത്തിക്കുക എന്ന ആശയം നേമം ബ്ലോക്ക് പഞ്ചായത്ത് അവതരിപ്പിച്ചത്. വെറുതെ പാഴാക്കിക്കളയുന്ന ചാണകം വിപണിയിൽ എത്തിക്കുന്നതിലൂടെ കർഷകർക്കിടയിൽ ജൈവ വളത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ കഴിയുമെന്നും പദ്ധതിയുടെ നടത്തിപ്പുകാർ പറയുന്നു. കിലോയ്ക്ക് 20 രൂപ നിരക്കിൽ വിവിധ ക്ഷീര സംഘങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ, കൃഷി ഭവന്റെ സ്വാശ്രയ വിപണന കേന്ദ്രങ്ങൾ എന്നിവയിലൂടെയാണ് പാക്കറ്റുകൾ വിറ്റഴിക്കുക.
ചാണകം നിറയ്ക്കാനുള്ള പരിസ്ഥിതി സൗഹൃദ കിറ്റുകൾ പഞ്ചായത്ത് നൽകും. ഇതിൽ ചാണകം നിറച്ച് ക്ഷീരകർഷകർക്ക് സ്വന്തമായി വിപണി കണ്ടെത്താനും അവസരമുണ്ട്. എന്നാൽ പഞ്ചായത്തിന്റെ ഗുണനിലവാര പരിശോധനക്ക് ശേഷം മാത്രമേ ഈ പാക്കറ്റുകൾ വിപണിയിൽ എത്തിക്കുകയെന്നും അധികൃതർ വ്യക്തമാക്കി. പാൽ ഉൽപ്പാദനത്തിൽ സംസ്ഥാനം സ്വയംപര്യാപ്തതയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതിയുമായി നേമം ബ്ലോക്ക് പഞ്ചായത്ത് രംഗത്തെത്തിയിരിക്കുന്നത്.
Also Read: പരമ്പരാഗത കർഷകരുടെ കൊഴിഞ്ഞുപോക്ക് തടയാൻ സംസ്ഥാനത്ത് 900 കാർഷിക ക്ലസ്റ്ററുകളുമായി കൃഷി വകുപ്പ്