മഴയോടൊപ്പം എത്തുന്ന അപകടകാരിയായ മുടന്തൻ പനിയിൽ നിന്ന് കന്നുകാലികളെ സംരക്ഷിക്കാം
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|
മഴയോടൊപ്പം എത്തുന്ന അപകടകാരിയായ മുടന്തൻ പനിയിൽ നിന്ന് കന്നുകാലികളെ സംരക്ഷിക്കാം. വൈറസ് രോഗമായ മുടന്തന്‍ പനി അഥവാ എഫിമറല്‍ ഫീവര്‍ വേണ്ടത്ര മുൻകരുതൽ എടുത്തില്ലെങ്കിൽ കർഷകർക്ക് കനത്ത സാമ്പത്തിക നഷ്ടം വരുത്തിവക്കാറുണ്ട്. കന്നുകാലികളെ കടിക്കുന്ന കൊതുകുകളും മറ്റു പ്രാണികളും പകർത്തുന്ന എഫിമറോ വൈറസാണ് മുടന്തൻ പനിയ്ക്കു കാരണമാകുന്നത്.
കൊതുകുകളും ഈച്ചകളും പെറ്റുപെരുകുന്ന ജൂൺ, ജൂലൈ മാസങ്ങളിലാണ് കന്നുകാലികളിൽ മുടന്തൻ പനി വ്യാപകമായി കാണുന്നത്. പ്രാണികൾ വഴി മാത്രമാണ് ഇതുവരെ ഈ രോഗം പകരുന്നതായി കണ്ടിട്ടുള്ളത്. അതിനാൽ രോഗം ബാധിച്ച മൃഗത്തിൽ നിന്ന് നേരിട്ടോ, ജലം, വായു, മൃഗങ്ങളുടെ ശവശരീരം, സ്രവങ്ങൾ എന്നിവയിൽ ഇന്ന് സാധാരണഗതിയിൽ രോഗം പടരുന്നില്ല.
പെട്ടെന്ന് തുടങ്ങി മൂന്നോ നാലോ ദിവസം നീണ്ടു നില്‍ക്കുന്ന പനി, തീറ്റയെടുക്കാതിരിക്കൽ, മൂക്കിൽ നിന്നും കണ്ണില്‍ നിന്നും വെള്ളമൊഴുകൽ, നടു കുനിച്ച് തല താഴ്ത്തി നില്‍ക്കൽ, സന്ധികളില്‍ നീരും വേദനയും, പേശീവേദന, മുടന്ത് എന്നിവയാണ് മുടന്തൻ പനിയുടെ സാധാരണ കാണപ്പെടുന്ന ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട് മൂന്നു ദിവസത്തിനുള്ളിൽ ശമനമുണ്ടാകുന്നതു കൊണ്ട് മുടന്തന്‍ പനിയെ ത്രീ ഡേ സിക്ക്‌നസ് എന്നും വിളിക്കാറുണ്ട്.
മുടന്തന്‍ പനിയാണെന്ന് സംശയമുണ്ടെങ്കിൽ പനി കുറയ്ക്കുന്നതിനുള്ള മരുന്നുകൾ നൽകുകയും അധികം വൈകാതെ വൈദ്യസഹായം ലഭ്യമാക്കുകയും വേണം. പനിക്കും സന്ധിവേദനയ്ക്കുമുള്ള മരുന്നുകളാണ് ചികിത്സയുടെ ആദ്യഘട്ടത്തിൽ നൽകേണ്ടത്. കാല്‍സ്യം അടങ്ങിയ മരുന്നുകളും നൽകാം. സന്ധി, പേശീ വേദനകൾ മൂലം കിടന്നുപോകുന്ന പശുക്കള്‍ക്ക് ദ്രാവകരൂപത്തിലുള്ള മരുന്നുകള്‍ വായില്‍ ഒഴിച്ചു കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കണം.
എഴുന്നേൽക്കാൻ ബുന്ധിമുട്ടുള്ള പശുക്കൾക്ക് കാലുകളിലും സന്ധികളിലും ചൂട് പിടിക്കുന്നതും ഗുണം ചെയ്യും. മഴക്കാലത്ത് തൊഴുത്തും ചുറ്റുപാടുകളും വൃത്തിയായി സൂക്ഷിച്ച് കൊതുകുകളും ഈച്ചകളും പെരുകുന്ന സാഹചര്യം ഇല്ലാതാക്കുകയാണ് മുടന്തൻ പനി പ്രതിരോധിക്കാനുള്ള ഏറ്റവും പ്രധാന മുൻകരുതൽ. തൊഴുത്തില്‍ ചാണകവും മൂത്രവും വെള്ളവും കെട്ടി നിൽക്കാൻ അനുവദിക്കരുത്. കുന്തിരിക്കം, ശീമക്കൊന്ന, തുമ്പ തുടങ്ങിയവ തൊഴുത്തില്‍ പുകയ്ക്കുന്നത് കൊതുകിനെ തുരത്താന്‍ നല്ലതാണ്.
Also Read: കർഷക സമരങ്ങൾ മുകളിലേക്ക്, കാർഷിക വളർച്ചാ നിരക്ക് താഴേക്ക്; ഇന്ത്യൻ കർഷകരുടെ ഭാവി ആരുടെ കൈയ്യിലാണ്?
Image: pixabay.com
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|