കർഷക സമരം അഞ്ചാം ദിവസത്തിലേക്ക്; ഉത്തരേന്ത്യയിൽ പച്ചക്കറിയ്ക്ക് തീവില; പാൽ, പാൽ ഉൽപ്പന്നങ്ങൾക്കും കടുത്ത ക്ഷാമം
കർഷക സമരം അഞ്ചാം ദിവസത്തിലേക്ക്; ഉത്തരേന്ത്യയിൽ പച്ചക്കറിയ്ക്ക് തീവില; പാൽ, പാൽ ഉൽപ്പന്നങ്ങൾക്കും കടുത്ത ക്ഷാമം നേരിട്ടു തുടങ്ങിയതായി റിപ്പോർട്ടുകൾ പറയുന്നു. വിവിധ സംസ്ഥാനങ്ങളിലെ മൊത്തവിപണിയിൽ പച്ചക്കറിക്ക് 10 മുതൽ 30 ശതമാനവും ചില്ലറ വിപണിയിൽ 50 ശതമാനവും വിലവർധിച്ചു. പാലുമായി പോകുന്ന ടാങ്കറുകൾ ആക്രമിച്ചു പാൽ റോഡിലൊഴുക്കുന്ന സംഭവങ്ങളും വ്യാപകമായി റിപ്പോർട്ടു ചെയ്യപ്പെടുന്നുണ്ട്.
അതേസമയം രാജസ്ഥാനിൽ 12 ടാങ്കറുകൾ തകർത്ത സംഭവത്തിൽ പങ്കില്ലെന്നു സമരം നടത്തുന്ന കർഷക സംഘടനകൾ അറിയിച്ചു. സമരം അഞ്ചാം ദിവസമായിട്ടും കഴിഞ്ഞിട്ടും സമരക്കാരുമായി ചർച്ച നടത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറായിട്ടില്ല. മോദി സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെയാണ് കര്‍ഷകരുടെ പ്രതിഷേധം. ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കണം കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണം എന്നിവയാണ് കര്‍ഷകര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ.
കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയത്തിൽ പ്രതിഷേധിച്ചും സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ടും കാർഷിക വായ്പകൾ എഴുതിത്തള്ളണം എന്നുമാവശ്യപ്പെട്ടാണ് രാഷ്ട്രീയ കിസാൻ ഏകതാ മഞ്ചിന്റെയും രാഷ്ട്രീയ കിസാൻ മഹാസംഘിന്റെയും നേതൃത്വത്തിൽ മഹാപ്രക്ഷോഭം നടക്കുന്നത്. മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹരിയാന, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് സമരം ശക്തിയാര്‍ജ്ജിച്ചിരിക്കുന്നത്.
പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന സമരത്തിനാണ് കര്‍ഷകര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. തങ്ങളുടെ ഉത്പന്നങ്ങള്‍ റോഡുകളിലേക്ക് വലിച്ചെറിഞ്ഞായിരുന്നു കര്‍ഷരുടെ പ്രതിഷേധം. നഗരങ്ങളിലേക്ക് പച്ചക്കറി കയറ്റി അയക്കുന്നതും കര്‍ഷകര്‍ താല്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. അതിനിടെ വിദർഭയിലെ അമരാവതിയിൽ കർഷകരോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് മുംബൈയിൽ രണ്ടു കോൺഗ്രസ് എംഎൽഎമാർ കലക്ടറേറ്റിനു മുന്നിൽ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു. ധാമൻഗാവ്, ട്യോസ നിയമസഭാ മണ്ഡലങ്ങളിലെ എംഎൽഎമാരായ വിരേന്ദ്ര ജഗ്താപ്, യശോമതി ഠാക്കുർ എന്നിവരാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചത്.
കഴിഞ്ഞ വർഷം ജൂണിൽ ‘മൻസോർ കർഷക പ്രക്ഷോഭം’ നടന്ന മധ്യപ്രദേശിലെ മൻസോർ തന്നെയാണ് ഇത്തവണയും കർഷക സമരത്തിന്റെ പ്രധാനകേന്ദ്രം. 2017 ജൂൺ ആറിനു മൻസോറിൽ നടന്ന പ്രക്ഷോഭത്തിനിടെയുണ്ടായ പൊലീസ് വെടിവയ്പിൽ ആറു കർഷകരാണു കൊല്ലപ്പെട്ടത്. ബുധനാഴ്ച മൻസോറിൽ നടക്കുന്ന റാലിയെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യും.
സിപിഎമ്മിന്റെ കർഷക സംഘടനയായ അഖിലേന്ത്യ കിസാൻസഭയുൾപ്പെടെ 12 കർഷക സംഘടനകളുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിലും ഇന്നലെ മുതൽ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. കിസാൻ സഭയുടെ നേതൃത്വത്തിലാണു മുൻപ് മഹാരാഷ്ട്രയിൽ കർഷകർ ലോങ് മാർച്ച് നടത്തിയത്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എൻസിപി നേതാവ് ശരദ് പവാർ രംഗത്തെത്തി.
Also Read: കർഷകർക്ക് മഴക്കാല വിളപരിപാലന നിർദേശങ്ങളുമായി കാര്‍ഷിക സര്‍വകലാശാല; പട്ടാളപ്പുഴുവിനെ കരുതിയിരിക്കുക