ഇഞ്ചിക്കൃഷിയ്ക്ക് സമയമായി; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇഞ്ചി ചതിക്കില്ല
ഇഞ്ചിക്കൃഷിയ്ക്ക് സമയമായി; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇഞ്ചി ചതിക്കില്ല. നല്ല വിത്ത് തിരഞ്ഞെടുക്കലാണ് ഇതിൽ ഏറ്റവും പ്രധാനം. കേരള കാര്‍ഷിക സര്‍വകലാശാലയുടെ ആതിര, കാര്‍ത്തിക, അശ്വതി, കോഴിക്കോട്ടെ കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ വരദ, മഹിമ, രജത എന്നിവയാണ് കർഷകർക്കിടയിൽ ഏറെ പ്രചാരമുള്ളവ. ഇവ കൂടാതെ സുരുചി, സുപ്രദ, നാടന്‍ ഇഞ്ചിയിനങ്ങളായ കുറുപ്പംപടി, വേങ്ങര, വള്ളുവനാടന്‍, ഏറനാട്, ചേറനാട്, മഞ്ചേരി, വയനാടന്‍ നാടന്‍, മാനന്തവാടി എന്നിവയും പരീക്ഷിക്കാം. റിയോഡീജനീറോ, തായ്വാന്‍, സിയറാലിയോണ്‍, ചൈന എന്നീ വിദേശ ഇഞ്ചിയിനങ്ങൾ പരീക്ഷിക്കുന്ന കർഷകരുമുണ്ട്.
നിലമൊരുക്കുന്നതോടൊപ്പം തന്നെ 25 മുതല്‍ 30 ടണ്‍ കാലിവളം രണ്ടര ഏക്കറിന് (ഒരു ഹെക്ടറില്‍) വേണം. തടങ്ങള്‍ക്ക് 25 സെന്റി മീറ്റര്‍ പൊക്കമാവാം. മഴസമയത്ത് വെള്ളം കെട്ടിനില്‍ക്കാന്‍ പാടില്ല. ഒരടിയകലത്തിലായി തയ്യാറാക്കിയ തടങ്ങളില്‍ വിത്തിഞ്ചി 25 സെന്റിമീറ്റര്‍ അകലത്തില്‍ നടാം. നടുമ്പോള്‍ ട്രൈക്കോഡെര്‍മ മിശ്രിതം, വേപ്പിന്‍ പിണ്ണാക്ക്, ചാണകപ്പൊടി എന്നിവ ഒന്നിച്ചിടാം. അസോസ്പൈറില്ലം, ഫോസ്ഫറസ് ലേയക ബാക്റ്റീരിയ എന്നിവ വിത്തിഞ്ചി നടുന്ന തടത്തില്‍ ചേര്‍ക്കാം. ഇഞ്ചിയിലെ ‘മൃദുചീയല്‍രോഗം’ തടയാന്‍ പി.ജി.പി.ആര്‍.ജി. ആര്‍.ബി.35, തടത്തില്‍ ഒഴിച്ചിളക്കിയാല്‍ നല്ലതാണ്.
രണ്ടര ഏക്കറില്‍ (ഒരു ഹെക്ടര്‍) നൂറ്ററുപത്തിമൂന്ന് കിലോ ഗ്രാം യൂറിയ, ഇരുനൂറ്റന്‍പതു കിലോ ഗ്രാം മസൂരിഫോസ്, എണ്‍പത്തഞ്ച് കിലോഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചേര്‍ക്കണം. ഇതില്‍ മുഴുവന്‍ ഫോസ്ഫറസ് വളവും പാതി ക്ഷാരവളവും നിലംതയ്യാറാക്കുമ്പോള്‍തന്നെ അടിവളമായി ചേര്‍ക്കണം. ഇഞ്ചിനട്ട് ഒന്നരമുതല്‍ രണ്ടു മാസംവരെ പ്രായമായാല്‍ ശുപാര്‍ശചെയ്ത പാക്യജനക വളത്തിന്റെ പാതിഭാഗവും മൂന്നു നാലു മാസമാകുമ്പോള്‍ ശുപാര്‍ശചെയ്ത നൈട്രജന്‍ വളത്തിന്റെ ബാക്കി പകുതിയും പകുതി വളവും ക്ഷാരവും ചേര്‍ത്തുകൊടുക്കണം.
ഇഞ്ചിനട്ട് ആദ്യത്തെ മൂന്നുനാല് മാസക്കാലമാണ് ധ്രുതഗതിയിലുള്ള വളര്‍ച്ചസമയം. ആയതിനാല്‍ വളം ചേര്‍ക്കല്‍ നാലു മാസത്തിനുള്ളില്‍ തീര്‍ക്കണം. മണ്ണുകയറ്റിക്കൊടുക്കലും പുതയിടീലും ഇഞ്ചിയുടെ വളര്‍ച്ചയ്ക്കും നല്ലവിളവിനും ആവശ്യമാണ്. ഇഞ്ചി നട്ടുകഴിഞ്ഞയുടനെ തന്നെ പച്ചിലയാല്‍ പുതിയിടുന്നത്, നനവ് നിലനിര്‍ത്താനും മണ്ണൊലിപ്പില്ലാതാക്കാനും മണ്ണിലെ ജൈവാംശം കൂട്ടാനും ഇഞ്ചിവിത്ത് ശരിയായി മുളയ്ക്കുന്നതിനും ഗുണംചെയ്യും.
മണ്ണില്‍ക്കൂടിയും വിത്തിഞ്ചിയില്‍ക്കൂടിയും പകരുന്ന 'മൃദുചീയല്‍രോഗവും ബാക്റ്റീരിയാ വാട്ടവും ഇഞ്ചിയ്ക്ക് ഭീഷണിയാണ്. അതിനാല്‍ രോഗം വരാതിരിക്കാന്‍ തോട്ടം വൃത്തിയായി സൂക്ഷിക്കണം. വിത്ത് മരുന്നുലായനിയില്‍ മുക്കി പരിചരിച്ച് മാത്രം നടുക.
മൃദുചീയല്‍രോഗം തടയാൻ ഈ രോഗം ബാധിച്ച ഭാഗത്തെ ചെടി നീക്കി തീയിടണം. മണ്ണില്‍ 'മാങ്കോസെബ്' മൂന്ന് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി, കുതിര്‍ക്കണം. ഇതല്ലെങ്കില്‍ സ്യൂഡോമോണസ് ഉപയോഗിച്ച് തടം കുതിര്‍ക്കണം. വാട്ടം വരാതിരിക്കാന്‍ ആവശ്യത്തിന് മണ്ണില്‍ കുമ്മായമിടണം. പുള്ളിക്കുത്ത് രോഗത്തെ പ്രതിരോധിക്കാൻ ഒരു ശതമാനം വീതംവരുന്ന ബോര്‍ഡോ മിശ്രിതമോ ഇന്‍ഡോഫിലോ തളിക്കണം. തണ്ടുതുരപ്പന്‍ കീടശല്യം തടയാന്‍ ബിവേറിയ ബാസിയാനയോ വേപ്പെണ്ണയോ ഉങ്ങിന്റെ എണ്ണയോ ചേര്‍ത്തു തളിക്കാം.
Also Read: മോദി സർക്കാരിന്റെ നാലു വർഷങ്ങൾ; വിളവിൽ കുതിച്ചും വിപണിയിൽ തളർന്നും കാർഷിക രംഗം
Image: pixabay.com