“നാട്ടിലെങ്ങും തേന്‍ കനി” പദ്ധതിയുമായി ഹരിത കേരള മിഷൻ; 15 ലക്ഷം ഫലവൃക്ഷ തൈകൾ നട്ടുവളർത്തും
“നാട്ടിലെങ്ങും തേന്‍ കനി” പദ്ധതിയുമായി ഹരിത കേരള മിഷൻ; 15 ലക്ഷം ഫലവൃക്ഷ തൈകൾ നട്ടുവളർത്തും.എറണാകുളം ജില്ലയിലാണ് പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പിലാക്കുന്നത്. ജില്ലയിലെങ്ങും ഫലവൃക്ഷങ്ങള്‍ നട്ടുവളര്‍ത്താന്‍ ജില്ലാ ഭരണകൂടവും ഹരിത കേരള മിഷനും കൈകോർത്താണ് പദ്ധതി നടപ്പിലാക്കുന്നത്. ജൂണ്‍ 5 മുതല്‍ തൈകളുടെ നടീല്‍ പൊതു സ്ഥലങ്ങളിലും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവർ, ബി.പി.എല്‍, ഐഎവൈ, ചെറുകിട നാമമാത്ര കര്‍ഷകര്‍ തുടങ്ങിയവരുടെ കൃഷി സ്ഥലങ്ങളിലുമായി ആരംഭിക്കും.
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം തൈകളാണ് ഇതിനായി പ്രത്യേകം നഴ്‌സറികളില്‍ തയ്യാറാക്കുന്നത്. പ്ലാവ്, മാവ്, ആഞ്ഞിലി, പേര, സപ്പോട്ട, റമ്പൂട്ടാന്‍, കശുമാവ്, മാംഗോസ്റ്റിന്‍, ഞാവല്‍, ചാമ്പ, കൊക്കോ, ചതുരപ്പുളി, മാതളം, മധുരനാരങ്ങ, ലിച്ചി, കാര, ആത്ത, സീതപ്പഴം, പാഷന്‍ ഫ്രൂട്ട് തുടങ്ങി വിവിധ ഫലവര്‍ഗ്ഗങ്ങളാണ് ജില്ലയിലാകെ നാട്ടിലെങ്ങും തേന്‍ കനിയുടെ ഭാഗമായി നട്ട് വളര്‍ത്തുന്നത്.
കൂടാതെ കറിവേപ്പ്, ആര്യവേപ്പ്, മുരിങ്ങ, തെങ്ങ്, മഹാഗണി, നെല്ലി, ലക്ഷ്മിതരു തുടങ്ങിയ വൃക്ഷങ്ങളും വിതരണത്തിന് തയാറായിട്ടുണ്ട്. തൈകള്‍ നടുന്നതിനു പുറമെ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തൈകള്‍ നനച്ച് സംരക്ഷിക്കുന്നതിനും തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തും. വംശനാശത്തിന്റെ വക്കിലുള്ള നാട്ടുമാവിനങ്ങളുടെ വിത്തുകള്‍ ശേഖരിച്ച് അവ നട്ടുവളര്‍ത്തി സംരക്ഷിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.
എല്ലാ വീടുകളിലും വിഷമയമല്ലാത്ത പഴവര്‍ഗ്ഗങ്ങള്‍ ലഭിക്കുകയും നമ്മുടെ തനത് ഫലങ്ങള്‍ അന്യം നിന്ന് പോകാതെ സംരക്ഷിക്കാന്‍ കഴിയുമെന്നും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ കൂടിയായ ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. അങ്കമാലി, കൂവപ്പടി, വടവുകോട്, പാമ്പാക്കുട, പള്ളുരുത്തി, വാഴക്കുളം ബ്ലോക്കുകളിലെ വിവിധ നഴ്‌സറികളിലാണ് തൈകൾ വിതരണത്തിന് തയ്യാറാക്കിയിട്ടുള്ളത്.
Also Read: തോട്ടം തൊഴിലാളികൾക്കായി പുനരുദ്ധാരണ പാക്കേജ് നടപ്പാക്കുമെന്ന് തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍
Image: pixabay.com