ഹൈറേഞ്ച് മേഖലയിൽ ചക്കയുടെ സീസൺ തകൃതി; ചക്കയ്ക്കും നല്ലകാലം വരുമെന്ന പ്രതീക്ഷയോടെ കർഷകർ
ഹൈറേഞ്ച് മേഖലയിൽ ചക്കയുടെ സീസൺ തകൃതി; ചക്കയ്ക്കും നല്ലകാലം വരുമെന്ന പ്രതീക്ഷയോടെ കർഷകർ. സംസ്ഥാനത്തെ ഇടുക്കി ഉൾപ്പെടുന്ന ഹൈറേഞ്ച് മേഖലയിൽ ഇത്തവണ ചക്കയ്ക്ക് നല്ല വിളവാണ്. എന്നാൽ ചക്ക സീസൺ തുടങ്ങിയതോടെ ലാഭം കൊയ്യുന്നത് മുഴുവൻ ഇടനിലക്കാരാണെന്ന് കർഷകർ പറയുന്നു. ഒരു ചക്കയ്ക്ക് പരമാവധി ഇരുപതു രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്.
എന്നാൽ അയല്‍ സംസ്ഥാന വിപണികളിൽ ഇതേ ചക്ക നൂറു മുതല്‍ ഇരുന്നൂറ് രൂപയ്ക്കാണ് വിൽപ്പന. ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചതോടെ ഈ ദുർവിധിയ്ക്ക് മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് കർഷകർ. പ്ലാവ് കൃഷിയുടെയും ചക്കവിപണനത്തിന്റെയും പ്രോത്സാഹനം ലക്ഷ്യമാക്കി 2019 പ്ലാവ് വര്‍ഷമായി ആചരിക്കുന്ന കാര്യം കൃഷിവകുപ്പിന്റെ ആലോചനയിലാണ്.
കേരളത്തില്‍ പ്രതിവര്‍ഷം 30 കോടി ചക്ക വിളയുന്നുവെന്നും അതില്‍ 35 ശതമാനത്തോളം പാഴായിപ്പോകുന്നുവെന്നും കൃഷി വകുപ്പിന്റെ കണക്കുകകൾ വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ചക്ക ഉത്പാദനത്തിൽ മുന്നിലുള്ള ഹൈറേഞ്ച് മേഖലയ്ക്ക് ലഭിക്കേണ്ട മികച്ച വരുമാനമാണ് ഇത്തരത്തിൽ പാഴായിപ്പോകുന്നത്. കൃഷി വകുപ്പിന്റെ ഇടപെടല്‍ ചക്ക വിപണിയിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും കാത്തിരിക്കുകയാണ് കർഷകർ.
Also Read: വിലയിടിവ് വിനയായി; കുരുമുളകിന് വിലകുറച്ച് വിയറ്റ്നാം; കേരളത്തിലെ കുരുമുളക് കർഷകർക്ക് പ്രതീക്ഷ
Image: pixabay.com