സമ്പൂര്‍ണ്ണ ഭാരത് ബന്ദ് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍; മുഖ്യമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദില്ലിയില്‍ നടക്കുന്ന പ്രതിഷേധത്തിന് രാജ്യവ്യാപകമായി പിന്തുണ ലഭിക്കുന്നു. വിവിധ ട്രേഡ് യൂണിയനുകളും പ്രതിപക്ഷ പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ച ഭാരത് ബന്ദ് നാളെ (ഡിസംബര്‍ 08) നടക്കും. കര്‍ഷക സംഘടനാ നേതാക്കളും കേന്ദ്രസര്‍ക്കാരും തമ്മില്‍ നടന്ന അഞ്ചാംഘട്ട ചര്‍ച്ചയും പരാജയപ്പെട്ട സാഹചര്യത്തിലാണ് സമാധാനപരമായി രാജ്യവ്യാപക ബന്ദ് ആചരിക്കുമെന്ന് സംഘടനകള്‍ അറിയിച്ചത്. പുതിയ കാര്‍ഷിക നിയമങ്ങള്‍ ബഹുരാഷ്ട്ര കുത്തക ഭീമന്മാര്‍ക്ക് രാജ്യത്തെ കാര്‍ഷികമേഖലെയെ തീറെഴുതുന്ന നടപടിയാണെന്നും, നിലവില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന താങ്ങുവില ഇല്ലാതാകുമെന്നും, സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലുള്ള കാര്‍ഷികചന്തകളുടെ നിലനില്പിനെ ബാധിക്കുമെന്നുമുള്ള ആശങ്കയാണ് കര്‍ഷകര്‍ പ്രധാനമായും പങ്കുവെയ്ക്കുന്നത്. അതേസമയം, കര്‍ഷകരെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഈ നിയമങ്ങള്‍ കര്‍ഷകരെ ആത്യന്തികമായി സഹായിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി അഭിപ്രായപ്പെട്ടു. പഞ്ചാബിലെ കര്‍ഷകര്‍ നേതൃത്വം നല്‍കുന്ന സമരത്തിന് കാനഡ, യു എസ്, യു കെ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുകൂടി പിന്തുണ ലഭിക്കുന്നുണ്ട്.

ഭാരത ബന്ദിനെക്കുറിച്ച് മുഖ്യമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍:

  • രാവിലെ പതിനൊന്ന് മണിക്കാരംഭിച്ച്, മൂന്ന് മണിക്ക് പൂര്‍ത്തിയാകുന്ന ബന്ദില്‍ നിന്ന് അവശ്യ സര്‍വീസുകളേയും വിവാഹാഘോഷങ്ങളേയും ഒഴിവാക്കി
  • ദേശീയപാതകളും ടോള്‍ പ്ലാസകളും ഉപരോധിക്കുമെന്ന് സംഘനകള്‍ അറിയിച്ചു
  • എല്ലാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് യൂണിയനുകളും ബന്ദില്‍ പങ്കെടുക്കുന്നതിനാല്‍, ചരക്കുനീക്കം പൂര്‍ണ്ണമായി തടസ്സപ്പെടും
  • എല്ലാ കര്‍ഷക സംഘടനകളും പങ്കെടുക്കുന്നതിനാല്‍, രാജ്യത്തെമ്പാടുമുള്ള ചന്തകളും മാര്‍ക്കറ്റുകളും അടച്ചിടും
  • ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണഗതിയില്‍ നടക്കും
  • കോണ്‍ഗ്രസ്, ശിവസേന, തൃണമൂല്‍ കോണ്‍ഗ്രസ്, സി പി ഐ എം, ആം ആദ്മി പാ‍ര്‍ട്ടി, സമാജ് വാദി പാര്‍ട്ടി, എന്‍ സി പി തുടങ്ങിയ മിക്ക പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷക സമരത്തിനും ബന്ദിനും പിന്തുണയറിയിച്ചു

Also Read: Explainer: എന്തുകൊണ്ട് കാര്‍ഷിക നിയമങ്ങള്‍ വിമര്‍ശിക്കപ്പെടുന്നു?