പൊതുമേഖലയിലെ ആദ്യ ചക്ക സംസ്ക്കരണ ഫാക്ടറി പൂപ്പത്തിയിൽ; ചക്ക ഉൽപ്പന്നങ്ങളുടെ വ്യാവസായിക ഉത്പാദനവും വിപണനവും തുടങ്ങി
പൊതുമേഖലയിലെ ആദ്യ ചക്ക സംസ്ക്കരണ ഫാക്ടറി പൂപ്പത്തിയിൽ; ചക്ക ഉൽപ്പന്നങ്ങളുടെ വ്യാവസായിക ഉത്പാദനവും വിപണനവും തുടങ്ങി. കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ (കെയ്കോ) കീഴില്‍ പൂപ്പത്തിയിലെ ചക്ക സംസ്‌കരണ കേന്ദ്രത്തില്‍ വ്യാവസായിക ഉത്പാദനവും വിപണനവും കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. 1.15 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഫാക്ടറിയില്‍ ആദ്യഘട്ടത്തില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളായ പള്‍പ്പ്, മിഠായി, ഹല്‍വ, അച്ചാര്‍, ജാം, ചക്കക്കുരു ഉത്പന്നങ്ങള്‍ എന്നിവയാണ് ഉത്പാദിപ്പിക്കുക.
സംസ്ഥാനത്ത് പൊതുമേഖലയില്‍ ആദ്യമായാണ് സംസ്ഥാന ഫലമായി പ്രഖ്യാപിച്ച ചക്ക സംസ്‌കരിക്കുന്നതിനുള്ള ഫാക്ടറി ആരംഭിക്കുന്നതെന്ന് കെയ്കോ ചെയര്‍മാന്‍ സുള്‍ഫിക്കര്‍ മയൂരി, മാനേജിങ് ഡയറക്ടര്‍ പി. സുരേഷ് ബാബു എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതിനായുള്ള പരീക്ഷണ ഉത്പാദനം ഏതാനും ദിവസമായി നടക്കുന്നുണ്ട്. രണ്ടാം ഘട്ടത്തില്‍ ഉത്പന്നവര്‍ധനയ്ക്ക് പുറമെ പഴങ്ങളില്‍ നിന്നും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ പരിപാടിയുള്ളതായും ഇവര്‍ പറഞ്ഞു. കാര്‍ഷിക സര്‍വകലാശാലയുടെ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് ഉത്പാദനം.
കോര്‍പ്പറേഷന്റെ തന്നെ വിതരണകേന്ദ്രങ്ങളിലൂടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനും പദ്ധതിയുണ്ട്. ഫാക്ടറിയുടെ പ്രവര്‍ത്തനത്തിനാവശ്യമായ ചക്ക വിപണിവിലയേക്കാള്‍ ഉയര്‍ന്ന വില നൽകി പ്രാദേശികമായി സംഭരിക്കും. കിലോഗ്രാമിന് ഏഴ് രൂപ നിരക്കിലായിരിക്കും ചക്ക വാങ്ങുക. കുടുംബശ്രീയൂണിറ്റുകളെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കര്‍ഷകര്‍ക്കും ചക്ക നേരിട്ട് ഫാക്ടറിയിലെത്തിച്ച് വില്‍ക്കാമെന്ന് അധികൃതർ അറിയിച്ചു.
Also Read: ക്ഷീര കർഷകരുടെ നെഞ്ചിടിപ്പ് കൂട്ടാൻ ആർസിഇപി കരാർ
Image: pixabay.com