ചക്ക ഇനി വെറും ചക്കയല്ല! മാർച്ച് 21 മുതൽ കേരളത്തിന്റെ ഔദ്യോഗിക ഫലം; ഒപ്പം അമ്പലവയലിൽ ചക്ക ഗവേഷണ കേന്ദ്രം വരുന്നു
ചക്ക ഇനി വെറും ചക്കയല്ല! മാർച്ച് 21 മുതൽ കേരളത്തിന്റെ ഔദ്യോഗിക ഫലം; ഒപ്പം അമ്പലവയലിൽ ചക്ക ഗവേഷണ കേന്ദ്രം വരുന്നു. സംസ്ഥാന മൃഗത്തിനും പക്ഷിക്കും പൂവിനും മീനിനും പിന്നാലെയാണ് ഇനി സംസ്ഥാന ഫലവും. സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം മാർച്ച് 21നു നടക്കും. ഇതിനു മുന്നോടിയായി നിയമസഭയിലും പ്രഖ്യാപനമുണ്ടാകും.
ചക്കയുടെ ഉത്പന്ന വൈവിധ്യവത്കരണ, വാണിജ്യസാധ്യതകള്‍ പഠിക്കാന്‍ അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ ഒരു ജാക്ക്ഫ്രൂട്ട് റിസര്‍ച്ച് സെന്റര്‍ തുടങ്ങുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കാര്‍ഷിക സംസ്‌കൃത ഭക്ഷ്യോത്പന്ന കയറ്റുമതി വികസന അതോറിറ്റി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ചിട്ടുള്ള ചക്ക സംസ്‌കരണ യൂണിറ്റിന്റെ പ്രവര്‍ത്തനം വിപുലമാക്കുമെന്നും ജൈവ സര്‍ട്ടിഫിക്കേഷനോടെ ചക്ക കയറ്റുമതി ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കാർഷിക വകുപ്പാണ് ചക്ക സംസ്ഥാന ഫലം ആക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചത്.
രാജ്യാന്തര തലത്തിലും ദേശീയ തലത്തിലും ‘കേരളത്തിൽ നിന്നുള്ള ചക്ക’ എന്ന ബ്രാൻഡായി അവതരിപ്പിക്കുന്നതിനു മുന്നോടിയായിക്കൂടിയാണ് ഈ ഔദ്യോഗിക ‘ഫല’പ്രഖ്യാപനം.ചക്കയുടെ ഉൽപാദനവും വിൽപനയും കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സംസ്ഥാന ഫലമായി പ്രഖ്യാപിക്കുന്നതെന്ന് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു.
ചക്കയെ പ്രത്യേക ബ്രാൻഡാക്കുന്നതിലൂടെ 15,000 കോടി രൂപയുടെ വരുമാനമാണു പ്രതീക്ഷിക്കുന്നത്. ചക്കയിൽ നിന്നും അതിന്റെ അനുബന്ധ ഉൽപന്നങ്ങളിൽ നിന്നുമായിരിക്കും ഈ വരുമാനമുണ്ടാക്കുക. ചക്ക സംസ്ഥാനത്തു വൻതോതിൽ ഉണ്ടെങ്കിലും അതിന്റെ ഗുണം പൂർണമായും ഇതുവരെ ഉപയോഗപ്പെടുത്താനായിട്ടില്ല.
Image: pexals.com