മികച്ചയിനം വിത്തുകളും തൈകളും കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കാൻ ജൈവിക പദ്ധതിയുമായി കുടുംബശ്രീ
മികച്ചയിനം വിത്തുകളും തൈകളും കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കാൻ ജൈവിക പദ്ധതിയുമായി കുടുംബശ്രീ. സംസ്ഥാനത്തുടനീളം ഗുണമേന്മയുള്ള വിത്തുകളും തൈകളും ന്യായവിലയ്ക്ക് ലഭ്യമാക്കാൻ ജൈവിക എന്ന പേരിൽ 140 ഓളം നഴ്സറികൾ ഓണത്തിന് മുമ്പ് ആരംഭിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഓരോ ജില്ലയിലും 10 നഴ്സറികളെങ്കിലും ആരംഭിച്ച് പച്ചക്കറികൾ, അലങ്കാരപ്പൂച്ചെടികൾ, ഫലവൃക്ഷങ്ങൾ എന്നിവയുടെ വിത്തുകളും ബഡ്ഡിങ്ങ്, ഗ്രാഫ്റ്റിങ്ങിങ് തുടങ്ങിയ രീതിയിൽ വികസിപ്പിച്ച തൈകളും ലഭ്യമാക്കും.
കുടുംബശ്രീ അംഗങ്ങൾക്ക് ഒറ്റക്കും ഗ്രൂപ്പുകളായും നഴ്സറികൾ ആരംഭിക്കാം. 50,000 രൂപയുടെ ലോണും വിദഗ്ധ പരിശീലനവും സംരംഭകർക്ക് നൽകും. അത്യാധുനിക രീതിയിലുള്ള പരിശീലനമാണ് അംഗങ്ങൾക്ക് നൽകുക. നിലവിൽ കുടുംബശ്രീയുടെ കീഴിലുള്ള എല്ലാ നഴ്സറികളും ജൈവികയുടെ കീഴിൽ കൊണ്ടുവരും. കുടുംബശ്രീയുടെ മേളകളിൽ വിത്തുകൾക്കും തൈകൾക്കും ആവശ്യക്കാർ ഏറുവരുന്നതിലാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്ന് കുടുംബശ്രീ അധികൃതർ അറിയിച്ചു.
കേരളത്തിൽ എവിടെയും ഒരേ വിലക്ക് മുന്തിയ ഇനം തൈകൾ ലഭ്യമാക്കുക എന്നതാണ് ജൈവികയുടെ ലക്ഷ്യം. സംസ്ഥാനത്തെ മുഴുവൻ ജൈവിക നഴ്സറികളിലെയും വിൽപന, സ്റ്റോക്കുകൾ എന്നിവയെ സംബന്ധിച്ച കാര്യങ്ങൾ ഓൺലൈൻ വഴി ബന്ധിപ്പിക്കുന്ന നിരീക്ഷണ സംവിധാനവും നടപ്പാക്കും.
Also Read: കർക്കിടകത്തിൽ ഞവരയാണ് താരം; ഞവര കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്