ലക്ഷദ്വീപിലെ തെങ്ങുകൾക്ക് ഇനി കേരളത്തിലെ മൂങ്ങപ്പട്ടാളം കാവൽ
ലക്ഷദ്വീപിലെ തെങ്ങുകൾക്ക് ഇനി കേരളത്തിലെ മൂങ്ങപ്പട്ടാളം കാവൽ. ദ്വീപിലെ പ്രധാന കാർഷിക വിളയാണ് തെങ്ങ്. ദ്വീപിലെ 2600 ഹെക്ടര്‍ വരുന്ന തെങ്ങിന്‍ തോപ്പുകളിൽ നിന്ന് പ്രതിവര്‍ഷം 553 ലക്ഷം തേങ്ങ ഉല്‍പ്പാദിപ്പിക്കുന്നതയാണ് കണക്ക്. സംസ്ഥാന വിപണിയിൽ ഏതാണ്ട് പ്രതിവർഷം 3500 ടണ്ണില്‍ കൂടുതല്‍ കൊപ്ര സംഭാവന ചെയ്യുന്നത് ലക്ഷദ്വീപിലെ ഈ തെങ്ങിൻ തോപ്പുകളാണ്.
എന്നാൽ തെങ്ങിന്‍ തോപ്പുകളിലെ എലിശല്യം ലക്ഷ ദ്വീപിലെ കേര കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സ്‌റ്റോര്‍ മുറികളില്‍ സൂക്ഷിക്കുന്ന തേങ്ങയും കൊപ്രയും മറ്റ് ഉല്‍പ്പന്നങ്ങളും എലികള്‍ വന്‍തോതില്‍ തിന്നുതീര്‍ക്കുന്നതായും കർഷകർ പറയുന്നു. ദ്വീപില്‍ കീടനാശിനികള്‍ക്ക് നിരോധനമുള്ളതിനാൽ എലിവിഷം പോലുള്ള ആയുധങ്ങളും നിഷ്‌ഫലം.
എലികൾ കാരണം പൊറുതി മുട്ടിയപ്പോഴാണ് കര്‍ഷകര്‍ സഹായത്തിനായി ലക്ഷദ്വീപ് കൃഷി വകുപ്പിനെ സമീപിച്ചത്. തുടർന്ന് ലക്ഷദ്വീപില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഹെല്‍ത്ത് മാനേജ്‌മെന്റിന്റെ (എന്‍ഐപിഎച്ച്എം) നിർദേശപ്രകാരമാണ് രാത്രിക്കാഴ്ചയേറിയ മൂങ്ങകള്‍ക്ക് എലികളെ തുരത്താൻ നിയോഗിക്കാൻ കർഷകർ തീരുമാനിച്ചത്.
തുടർന്ന് ലക്ഷദ്വീപ് കൃഷിവകുപ്പ് മൂങ്ങകളെ വിട്ടുതരണമെന്ന ആവശ്യവുമായി മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയെ സമീപിച്ചു. എന്നാല്‍, സര്‍വകലാശാലാ പരിസരത്ത് ആവശ്യത്തിന് മൂങ്ങകള്‍ ഇല്ലെന്ന് കാണിച്ച് ആവശ്യം 2017 സെപ്തംബറില്‍ തള്ളിക്കളഞ്ഞു. അതോടെ ലക്ഷദ്വീപ് കൃഷി സെക്രട്ടറി ജെ അശോക് കുമാര്‍ മാര്‍ച്ചില്‍ വീണ്ടും സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു.
അതോടെ നഗരപ്രദേശങ്ങളില്‍നിന്നും കൃഷിസ്ഥലങ്ങളില്‍നിന്നും പിടികൂടുന്ന ആറ് മൂങ്ങകളെ ലക്ഷദ്വീപിലേക്ക് അയക്കാന്‍ സര്‍ക്കാര്‍ വനംവകുപ്പിന് നിര്‍ദേശം നല്‍കുകയും ചെയ്തു. ആവശ്യമായ ആറ് മൂങ്ങകള്‍ കൈവശം ഇല്ലെന്ന് വനംവകുപ്പ് സര്‍ക്കാരിനെ അറിയിച്ചതിനാൽ നിലവിൽ കൈവശമുള്ള മൂങ്ങകളെ ഉടന്‍ ലക്ഷദ്വീപിലേക്ക് അയക്കാനും ഇനി പിടികൂടുന്നവയില്‍ നിന്ന് ആവശ്യമായവയെ പിന്നീട് എത്തിക്കാനുമാണ് തീരുമാനം.
Also Read: നല്ല വിത്തുകൾക്ക് ആവശ്യക്കാർ ഏറെ; വിത്തുകൾക്കായി കൃഷി ചെയ്ത് ലാഭം കൊയ്യാം
Image: pixabay.com