Saturday, April 5, 2025
കാര്‍ഷിക വാര്‍ത്തകള്‍വാര്‍ത്തകളും വിശേഷങ്ങളും

കർഷകരുടെ ലോംഗ് മാർച്ച് അവസാനിക്കുന്നില്ല; അടുത്ത പ്രക്ഷോഭം യുപി, ജാർഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കെന്ന് കിസാൻ സഭ

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.

മഹാരാഷ്ട്രയിലെ ചരിത്രം കുറിച്ച കർഷക മുന്നേറ്റം വിജയം കണ്ടതോടെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ലോംഗ് മാർച്ചുകൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യാ കിസാൻ സഭ. അഖിലേന്ത്യാ തലത്തിൽ കൂടുതൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് ജനറൽസെക്രട്ടറി ഹന്നൻ മൊള്ള അറിയിച്ചു. കിസാൻസഭ സ്വന്തം നിലയ്ക്കും കിസാൻ കോ‐ഓർഡിനേഷൻ കമ്മിറ്റി, ഭൂമി അധികാർ ആന്ദോളൻ തുടങ്ങിയ കർഷക കൂട്ടായ്മകളുമായി യോജിച്ചുമാകും തുടർ പ്രക്ഷോഭങ്ങൾ.

യുപി, ജാർഖണ്ഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിപ്പിക്കുന്നതാണ് അടുത്തപടി.

മഹാരാഷ്ട്രയുടെ മാതൃകയിലാകും മറ്റ് സംസ്ഥാനങ്ങളിലും പ്രക്ഷോഭം സംഘടിപ്പിക്കുക. കാർഷിക വായ്പകൾ എഴുതിത്തള്ളുക, ഉൽപ്പാദന ചെലവിന്റെ ഒന്നര ഇരട്ടിയായി താങ്ങുവില നിശ്ചയിക്കുക, വനാവകാശ നിയമം അടിയന്തിരമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ സമരക്കാർ ഉന്നയിക്കും. സംസ്ഥാന സർക്കാരിന് വികസനത്തിന്റെ പേരിൽ വനഭൂമി ഏറ്റെടുക്കാമെന്ന ജാർഖണ്ഡ് സർക്കാരിന്റെ നിയമത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാണ്.

Also Read: ഇത് വരാനിരിക്കുന്ന കർഷക മുന്നേറ്റങ്ങൾക്ക് ഒരാമുഖം; ലോംഗ് മാർച്ചിന്റെ വിജയം ഇന്ത്യൻ കർഷകരോട് പറയുന്നത്…

കൃഷിഭൂമി വ്യാപകമായി ഏറ്റെടുക്കുന്നതിനായി കേന്ദ്രം കൊണ്ടുവന്ന ഭൂമിഏറ്റെടുക്കൽ ഓർഡിനൻസിനെതിരായി ദേശീയതലത്തിൽ കർഷകസംഘടനകൾ ശക്തമായ പ്രക്ഷോഭം നടത്തിയിരുന്നു. ഇതേ തുടർന്ന് കേന്ദ്രസർക്കാരിന് ഓർഡിനൻസ് പിൻവലിക്കേണ്ടിവന്നു. എന്നാൽ, കേന്ദ്രത്തിൽ പരാജയപ്പെട്ട ഈ നിയമം സംസ്ഥാനതലത്തിൽ നടപ്പാക്കാനാണ് രാജസ്ഥാൻ, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളുടെ ശ്രമം, ഇതിനെതിരായി ശക്തമായ പ്രക്ഷോഭം കിസാൻസഭ സംഘടിപ്പിക്കുമെന്ന് ഹന്നൻ മൊള്ള പറഞ്ഞു.

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.