Notice: Undefined property: stdClass::$pages in /home/content/n3pewpnaspod01_data01/72/3588572/html/wp-content/plugins/search-engine-visibility/classes/plugin.php on line 128
ഇത് വരാനിരിക്കുന്ന കർഷക മുന്നേറ്റങ്ങൾക്ക് ഒരാമുഖം; ലോംഗ് മാർച്ചിന്റെ വിജയം ഇന്ത്യൻ കർഷകരോട് പറയുന്നത്… – മണ്ണിലേക്ക്, മണ്ണിനെ അറിഞ്ഞ മനുഷ്യനിലേക്ക്.

ഇത് വരാനിരിക്കുന്ന കർഷക മുന്നേറ്റങ്ങൾക്ക് ഒരാമുഖം; ലോംഗ് മാർച്ചിന്റെ വിജയം ഇന്ത്യൻ കർഷകരോട് പറയുന്നത്…

മോഡി സർക്കാർ വിഭാവനം ചെയ്യുന്ന “വികസിത” ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ കർഷക കരുത്തിൽ നിശ്ചലമായപ്പോൾ മഹാരാഷ്ട്രയിലെ ബിജെപി സഖ്യസർക്കാർ മുട്ടുമടക്കി. ആറു ദിവസം കൊണ്ട് 200 കിലോമീറ്റര്‍ നടന്നെത്തിയ പതിനായിരങ്ങൾക്കു മുന്നിൽ അഖിലേന്ത്യാ കിസാൻസഭ മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അക്ഷരംപ്രതി അംഗീകരിക്കേണ്ടിവന്നു. ചർച്ചയിൽ തീരുമാനമായ കാര്യങ്ങൾ നടപ്പാക്കാൻ സർക്കാർ ആറുമാസത്തെ സാവകാശം തേടി.

ഒത്തുതീർപ്പുവ്യവസ്ഥ നടപ്പാക്കാൻ ആറംഗ മന്ത്രിതലസമിതി രൂപീകരിക്കാനും തീരുമാനമായി. 2017 ജൂൺ 30 വരെയുള്ള കാർഷികകടങ്ങൾ എഴുതിത്തള്ളുമെന്നും വനാവകാശനിയമം ആറുമാസത്തിനകം നടപ്പാക്കുമെന്നും കർഷകർക്ക് ഉറപ്പു ലഭിച്ചു. മിനിമം താങ്ങുവില നിശ്ചയിക്കുന്നത് കിസാൻസഭ നേതാക്കളുടെ പങ്കാളിത്തത്തോടെയായിരിക്കും. വിളനാശത്തിന് ഏക്കറിന് 40,000 രൂപ നഷ്ടപരിഹാരം, സർക്കാർ പദ്ധതികൾക്ക് ഏറ്റെടുക്കുന്ന ഭൂമിക്ക് ഉചിതമായ നഷ്ടപരിഹാരം എന്നീ ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടു. വിളനാശത്തിന് നഷ്ടപരിഹാരം നൽകുമ്പോൾ കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിന് കാത്തുനിൽക്കില്ലെന്നും മഹാരാഷ്ട്രാ സർക്കാർ കർഷകർക്ക് ഉറപ്പു നൽകി.

Also Read: “നമുക്കോരോ നാരങ്ങാവെള്ളം കാച്ചിയാലോ?” വേനൽച്ചൂടിൽ ചെറുനാരങ്ങയുടെ വില കത്തിക്കയറുന്നു

കടലിലേക്ക് ഒഴുകുന്ന വെള്ളം കൃഷിയാവശ്യങ്ങൾക്കായി വഴിതിരിച്ചുവിടും, റേഷൻ നൽകാത്ത കടയുടമകളുടെ ലൈസൻസ് റദ്ദാക്കും, ബുള്ളറ്റ് ട്രെയിൻ പദ്ധതി നടപ്പാക്കുമ്പോൾ ആദിവാസിഭൂമി ഏറ്റെടുക്കില്ലെന്ന ഉറപ്പ്, സഞ്ജയ് ഗാന്ധി നിരാധാർ യോജനപ്രകാരം പെൻഷൻ രണ്ടായിരം രൂപയാക്കി വർധിപ്പിക്കുൽ എന്നിവയാണ് കർഷകർ നേടിയെടുത്ത മറ്റ് ഉറപ്പുകൾ. കാൽനടയായി മുംബൈയിലെത്തിയ പ്രക്ഷോഭകർക്ക് തിരിച്ചുപോകാൻ സൗജന്യ ട്രെയിൻയാത്ര അനുവദിക്കണമെന്ന ആവശ്യവും സർക്കാർ അംഗീകരിച്ചു. ഇതിനുപുറമെ പ്രാദേശികമായ നിരവധി ആവശ്യങ്ങളും അംഗീകരിക്കാൻ സർക്കാർ നിർബന്ധിതമായി.

സംസ്ഥാനത്തെ കര്‍ഷക ആദിവാസി പ്രസ്ഥാനത്തിന്റെ മുൻനിരയിലുള്ള ഡോ. അശോക്‌ ധാവ്ളെ, ജെ പി ഗാവിത്, അജിത്‌ നവാലെ, കിസാന്‍ ഗുജാര്‍ എന്നിവരാണ് ലോംഗ് മാർച്ചിന്റെ മുന്നണിയിലും പ്രവർത്തിച്ചത്. കൂടാതെ സിപിഐയും പെസന്റ് ആൻഡ് വർക്കേഴ്‌സ് പാർട്ടിയും ശിവസേനയും കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ലോങ് മാർച്ച് കടന്നുവന്ന പ്രദേശങ്ങളിൽ സമര നേതാക്കളെപ്പോലും അമ്പരപ്പിച്ചുകൊണ്ട് ആയിരക്കണക്കിന് കർഷകർ അണിചേർന്നതും വിവിധ രാഷ്ട്രീയപാർടികളും സന്നദ്ധ സംഘടനകളും മതസംഘടനകളും പൂർണമായി സമരത്തെ പിന്തുണച്ചതും വരാനിരിക്കുന്ന കർഷക സമരങ്ങൾക്കുള്ള ഒരു ആമുഖം മാത്രമാണ് ലോംഗ് മാർച്ചെന്ന ശക്തമായ സൂചനയാണ് നൽകുന്നത്.

Also Read: റബർ വിലയിൽ ചാഞ്ചാട്ടം തുടരുന്നു; പ്രതിസന്ധിയിൽ വലഞ്ഞ് ചെറുകിട റബർ കർഷകർ

അഭൂതപൂർവമായ ഈ ജനപിന്തുണയാണ് കടുംപിടുത്തംവെടിഞ്ഞ് പെട്ടെന്ന് ഒത്തുതീർപ്പുമായി രംഗത്തിറങ്ങാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. പത്താംക്ലാസ് പരീക്ഷയ്ക്ക് തടസ്സമുണ്ടാകാതെ സമരം ഏകോപിപ്പിച്ചതും സമരത്തിന്റെ ജനപിന്തുണ വർധിപ്പിച്ചു. മഹാരാഷ്ട്രയിൽ ഇടതുപക്ഷ സംഘടനകളുടെ മാത്രം നേതൃത്വത്തിൽ സമീപകാലത്തു നടക്കുന്ന ഏറ്റവും വലിയ പ്രക്ഷോഭമായി ലോംഗ് മാർച്ച് ചരിത്രത്തിലേക്ക് നടന്നു കയറുകയായിരുന്നു.