വീണ്ടുമൊരു മാമ്പഴക്കാലം; വിപണിയില്‍ മാങ്ങയുടെ വില കുറയുന്നു
വീണ്ടുമൊരു മാമ്പഴക്കാലം; വിപണിയില്‍ മാങ്ങയുടെ വില കുറയുന്നു. കേരളത്തിൽ മാമ്പഴക്കാലത്തിന്റെ വരവറിയിച്ചുകൊണ്ട് മാവുകള്‍ പൂത്തു തുടങ്ങിയതാണ് വിലയിടിവിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. കിലോയ്ക്ക് 120 മുതല്‍ 130 വരെ രൂപയുണ്ടായിരുന്ന നാടന്‍ മാങ്ങ ഇപ്പോള്‍ 20 മുതല്‍ 30 രൂപയ്ക്ക് ലഭ്യമാകുന്നുണ്ട്. ഇത്തവണ കുംഭം അവസാനമാണ് മാവുകള്‍ പൂത്തുതുടങ്ങിയത്. മീനം, മേടം ആകുമ്പോഴേക്കും പഴുത്ത മാങ്ങ വിപണിയില്‍ സുലഭമാകുമെന്ന് കർഷകർ പറയുന്നു.
രുചിയിലും മധുരത്തിലും മുന്നിൽ നിൽക്കുന്ന മൂവാണ്ടന്‍, സിന്ദൂരം തുടങ്ങിയ നാടന്‍മാങ്ങകൾക്കാണ് വിപണിയിൽ ആവശ്യക്കാർ കൂടുതൽ. കഴിഞ്ഞ വര്‍ഷം കിലോയ്ക്ക് 50 മുതൽ 60 രൂപ വരെയായിരുന്നു ഇവയുടെ വില. മല്‍ഗോവ, വേങ്ങൂരി, ഹിമവസന്ത്, അല്‍ഫോണ്‍സ തുടങ്ങിയവ ഇനങ്ങൾക്കും വിപണിയിൽ ആവശ്യക്കാരുണ്ട്.
Also Read: ഇറക്കുമതി തിരിച്ചടിക്കുന്നു; കേരകർഷകരെ ആശങ്കയിലാഴ്ത്തി വെളിച്ചെണ്ണ വില താഴേക്ക്
സെന്തൂരി കിലോയ്ക്ക് 160 രൂപ, മല്‍ഗോവ 180 രൂപ, ഹിമവസന്ത് 385 രൂപ, 12 എണ്ണമുള്ള ഒരു പായ്ക്കറ്റ് അൽഫോൻസയ്ക്ക് 1400 രൂപ എന്നിങ്ങനെയാണ് നിലവിലെ വിലനിലവാരം. ചൂടു കൂടിയതോടെ മാമ്പഴ ജ്യൂസിനു തട്ടുകടകളിലും ജ്യൂസ് പാർലറുകളിലും നല്ല ഡിമാന്റാണ്. വരും ദിവസങ്ങളിൽ തമിഴ്നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും നിന്നുള്ള മാങ്ങകളും കേരള വിപണിയിൽ എത്തും.
Image: pixabay.com