മാവുകൾക്കും വേണം ശ്രദ്ധയോടെയുള്ള പരിചരണം; പകരം കിട്ടുന്നതോ, നല്ലൊരു മാമ്പഴക്കാലം
മാവുകൾക്കും വേണം ശ്രദ്ധയോടെയുള്ള പരിചരണം; പകരം കിട്ടുന്നതോ, നല്ലൊരു മാമ്പഴക്കാലം. വേണ്ടത്ര ശ്രദ്ധിക്കാത്തതിനാൽ കൊമ്പുണക്കവും ഇല കരിയലും മൂലം വാടി നിൽക്കുന്ന മാവുകൾ നമ്മുടെ നാട്ടിലെ നിത്യ കാഴ്ചയാണ്. ഇത് വിളവിന്റെ നന്നായി ബാധിക്കുകയും ചെയ്യാറുണ്ട്.
ഇലകളിൽ തവിട്ടോ കറുപ്പോ നിറത്തിൽ വട്ടത്തിൽ കരിഞ്ഞുതുടങ്ങുന്നതാണ് കൊമ്പുണക്കത്തിന്റെ പ്രാരംഭലക്ഷണം. ക്രമേണ ഇലകൾ കരിഞ്ഞുണങ്ങി അടർന്നുവീഴുന്നു. ഇല മുഴുവനായി കൊഴിഞ്ഞുപോകുന്നതും കൊമ്പുകൾ കരിയുന്നതും കാണാം. രോഗം ബാധിച്ച ഉണങ്ങിയ കൊമ്പുകൾ രണ്ട് ഇഞ്ച് കീഴെവച്ച് മുറിച്ചുമാറ്റി ബോർഡോകുഴമ്പ് പുരട്ടുകയാണ് ചികിത്സയുടെ ആദ്യ പടി,
സ്യൂഡോമോണസ് 20 ഗ്രാം ഒരുലിറ്റർ വെള്ളത്തിൽ കലക്കി മാവിൽ തളിക്കുന്നതും നല്ലതാണ്. മാവിന്റെ ഇലകളിലും പൂങ്കുലയിലും മാങ്ങയിലും കറുപ്പുനിറം വ്യാപിക്കുന്ന കരിംപൂപ്പുരോഗമാണ് മറ്റൊരു പ്രധാന വില്ലൻ. മുകുളങ്ങളുടെ വളർച്ച മുരടിക്കാനും മാവ് തളിരിടാതിരിക്കുന്നതിനും ഈ രോഗം കാരണമാകാറുണ്ട്. കഞ്ഞിവെള്ളം മാവിന്റെ എല്ലാ ഭാഗങ്ങളിലും തളിക്കുന്നത് കരിംപൂപ്പുരോഗത്തിന് ശമനമുണ്ടാക്കും.
രണ്ടാഴ്ചയ്ക്കു ശേഷം ഒരു ശതമാനം വീര്യത്തിൽ ബോർഡോ മിശ്രിതം തളിക്കാം. തളിരിലകളിലും പൂങ്കുലകളിലും വെളുത്ത പൊടി പറ്റിപ്പിടിച്ചിരിക്കുന്ന രോഗമായ ചൂർണപൂപ്പും ഇല കൊഴിയാൻ കാരണമാകുന്നു. വെറ്റബിൾ സൾഫർ ആണ് ചൂർണപൂപ്പിനുള്ള മികച്ച മരുന്ന്. മാവ് പൂവിടുന്നതിന് തൊട്ടുമുമ്പും കണ്ണിമാങ്ങ നിറഞ്ഞു കഴിഞ്ഞ ശേഷവും രണ്ടുഗ്രാം വെറ്റബിൾ സൾഫർ ഒരുലിറ്റർ വെള്ളത്തിൽ കലക്കി മാവിൽ തളിക്കണം.
ഇലകളിലും കായകളിലും തവിട്ടുനിറത്തിലുള്ള പൊട്ടുകൾ പ്രത്യക്ഷപ്പെടുന്ന ആന്ത്രാക്നോസ് രോഗവും അപകടകാരിതന്നെ. സ്യൂഡോമോണസ് 20 ഗ്രാം ഒരുലിറ്റർ വെള്ളത്തിൽ കലക്കിത്തളിക്കുന്നതാണ് പ്രതിവിധി. മാമ്പൂഹോപ്പറുകൾ, മാമ്പഴപ്പുഴു എന്നീ കീടങ്ങളും മാങ്ങയുടെ വളർച്ചയ്ക്ക് ഭീഷണിയാണ്. മാവിന്റെ തടം വൃത്തിയായി സൂക്ഷിക്കുന്നതും തടിയിൽ കുമ്മായം പൂശുന്നതും ചില കീടങ്ങളെ നിയന്ത്രിക്കാൻ സഹായിക്കും.
Also Read: വെളുത്തുള്ളിക്കും കഷ്ടകാലം; വിലയിടിവിൽ നട്ടംതിരിഞ്ഞ് വെളുത്തുള്ളി കർഷകർ
Image: pexels.com