വാണിജ്യാടിസ്ഥാനത്തിൽ ചെണ്ടുമല്ലി കൃഷി ചെയ്ത് മികച്ച ലാഭം നേടാം
വാണിജ്യാടിസ്ഥാനത്തിൽ ചെണ്ടുമല്ലി കൃഷി ചെയ്ത് മികച്ച ലാഭം നേടാം. മലയാളികളുടെ ഉത്സവങ്ങളിൽ ചെണ്ടുമല്ലിയ്ക്ക് ഒഴിച്ചുകൂടാനാകാത്ത സ്ഥാനമാണുള്ളത്. എന്നാൽ പ്രധാന ഉൽസവ സീസണുകളിലെല്ലാം സംസ്ഥാനത്തിന് ആവശ്യമായ ചെണ്ടുമല്ലി വൻതോതിൽ എത്തുനന്ത് തമിഴ്‌നാട്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ്.
കേരളത്തിലെ കാലാവസ്ഥയിൽ കൃഷി ചെയ്യാന്‍ അനുയോജ്യമായ ഒന്നാണ് ചെണ്ടുമല്ലി. ചൂട് ഉള്ള സ്ഥലങ്ങളില്‍ നന്നായി വളരുന്ന ചെടിയാണിത്. ചെണ്ടുമല്ലി പൂക്കളുടെ സത്ത് സുഗന്ധവസ്തുക്കളുടെ നിര്‍മ്മാണത്തിനും, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് നിറം പകരാനും ഉപയോഗിക്കുന്നുണ്ട്.
ധാരാളം സൂര്യപ്രകാശം ലഭിക്കുന്നതും ജൈവ സമ്പുഷ്ടവും മണല്‍ കലര്‍ന്ന പശിമയുള്ള മണ്ണുമുള്ള സ്ഥലമാണ് ചെണ്ടുമല്ലി കൃഷിക്ക് അനുയോജ്യം. ഒരു സെന്റ് സ്ഥലം കൃഷി ചെയ്യാന്‍ ഏകദേശം രണ്ടുഗ്രാം വിത്തു മതിയാകും.
പ്രോട്രേയിലോ നേഴ്സറിയിലോ വിത്തുപാകി പുതയിടണം. ദിവസവും നിര്‍ബന്ധമായും നനയ്ക്കണം.വിത്ത് മുളച്ചാല്‍ പുത മാറ്റാം. ഒരുമാസം പ്രായമായ തൈകളാണ് പറിച്ചുനടാന്‍ അനുയോജ്യം.
വാരങ്ങളില്‍ രണ്ടടി അകലത്തില്‍ തൈകള്‍ പറിച്ചുനടാം. നട്ട് ഒന്നരമാസമാകുമ്പോള്‍ എല്ലാ ചെടികളുടെയും തലപ്പ് നുള്ളണം. ഇങ്ങനെ പഞ്ചിങ് ചെയ്താല്‍ വശങ്ങളില്‍നിന്ന് ധാരാളം ശാഖകള്‍ വളര്‍ന്ന് കൂടുതല്‍ പൂവുണ്ടാകും. സെന്റൊന്നിന് 80 കി.ഗ്രാം ചാണകം അടിവളമാക്കാം. സെന്റൊന്നിന് ഒരുകിലോഗ്രാം യൂറിയയും ഒന്നേകാല്‍ കി.ഗ്രാം എല്ലുപൊടിയും അര കി.ഗ്രാം പൊട്ടാഷും ചേര്‍ത്താല്‍ പൂക്കളുടെ എണ്ണം കൂടും.
കൃത്യമായ വളപ്രയോഗവും ജലസേചനവും നല്ല സൂര്യപ്രകാശവും കിട്ടുകയാണെങ്കില്‍ 45 മുതല്‍ 50 ദിവസങ്ങള്‍ക്കുള്ളില്‍ ചെണ്ടുമല്ലി പൂക്കള്‍ വിളവെടുക്കാം. സെപ്തംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലമാണ് ചെണ്ടുമല്ലി കൃഷിക്കും ഏറ്റവും അനുയോജ്യമായത്. ചര്‍മ രോഗങ്ങൾ, അലർജി, വ്രണങ്ങള്‍, പൊള്ളല്‍ എന്നിവയ്ക്കുള്ള നല്ല മറുമരുന്നാണ് ചെണ്ടുമല്ലി. കൂടാതെ കാന്‍സര്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, അള്‍സര്‍, തിമിരം എന്നീ രോഗങ്ങൾക്കുള്ള മരുന്നുകൾ നിർമ്മിക്കാനും ചെണ്ടുമല്ലി ഉപയോഗിക്കുന്നു.
Also Read: വേനൽ മഴയെത്തി; ഇനി ചേമ്പു കൃഷിയ്ക്കായി നിലമൊരുക്കാം
Image: pixabay.com