സംസ്ഥാനത്ത് കാർഷിക മേഖലയെ തകർത്തെറിഞ്ഞ് കാലവർഷം; ഹൈറേഞ്ച് മേഖലയിൽ കോടികളുടെ കൃഷിനാശം
സംസ്ഥാനത്ത് കാർഷിക മേഖലയെ തകർത്തെറിഞ്ഞ് കാലവർഷം; ഹൈറേഞ്ച് മേഖലയിൽ കോടികളുടെ കൃഷിനാശം. കനത്ത മഴയിൽ വയനാട് ജില്ലയുടെ താഴന്ന പ്രദേശങ്ങളിലെ കൃഷികൾ പൂർണമായും വെള്ളത്തിനടിയിലാണ്. കോടികളുടെ നഷ്ടമുണ്ടായതായാണ് ആദ്യ റിപ്പോർട്ടുകൾ. പലയിടത്തും മരങ്ങൾ കടപുഴകിയതിനാൽ ഗതാഗത സംവിധാനങ്ങളും താറുമാറായി.
ആലപ്പുഴ ജില്ലയിൽ ഇതേ വരെ 1.21 കോടിയുടെ കൃഷിനാശം സംഭവിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. പുറക്കാട് നാലുചിറ വടക്ക് പാടശേഖരത്തിൽ അഞ്ച് ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചു. അപ്പർക്കുട്ടനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്ക് തുടങ്ങിയതിനാൽ താഴ്ന്ന പ്രദേശങ്ങളിലെ കൃഷി വെള്ളത്തിലായി.
പാലക്കാട് ജില്ലയിൽ മംഗലം ഡാം, കടപ്പാറ മേഖലയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടി. ആളപായമില്ലെങ്കിലും വ്യാപകമായി കൃഷി നശിച്ചതായാണ് റിപ്പോര്‍ട്ട്. ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. കോഴിക്കോട്, മലപ്പുറം ജില്ലയിലും പേമാരി കൃഷി നശിപ്പിച്ചു.
കോഴിക്കോട് ഉരുൾപൊട്ടിയതിനെ തുടർന്ന് തൃശൂരില്‍ നിന്ന് ദുരന്ത നിവാരണ സേനയെ അയച്ചു. കക്കയം, പെരുവണ്ണാമുഴി ഡാമുകള്‍ വൈകാതെ തുറക്കുന്നതോറ്റെ കോഴിക്കോട് ജില്ലയിലെ മിക്ക പുഴകളും കരകവിഞ്ഞ് ഒഴുകി കൂടുതൽ കൃഷി സ്ഥലങ്ങൾ വെള്ളത്തിനടിയിലാകാൻ സാധ്യതയുണ്ട്.
ഇടുക്കി ജില്ലയിലും മഴയും ശക്തമായ കാറ്റും തുടരുകയാണ്. ഏലം, കുരുമുളക് വിളകളാണ് നാശം സംഭവിച്ചവയിൽ കൂടുതൽ. ഏലത്തോട്ടങ്ങളിൽ മരങ്ങൾ നിലം പതിച്ചാണു കൂടുതൽ നാശനഷ്ടങ്ങൾക്ക് കാരണമായത്. ചെമ്മണ്ണാർ അച്ചൻകടയ്ക്കു സമീപം തുണ്ടിയിൽ വർഗീസിന്റെ പുരയിടത്തിലെ വന്മരം മറിഞ്ഞുവീണ് അരയേക്കറോളം സ്ഥലത്തെ ഏലം, കുരുമുളക് കൃഷികൾ പൂർണമായും നശിച്ചു. വിളവെടുത്തുകൊണ്ടിരുന്ന നൂറിലധികം ഏലച്ചെടികളാണ് ഒടിഞ്ഞുവീണത്.
രാജാക്കാട് കാനാട്ട് അപ്പുവിന്റെ ഒരേക്കറോളം സ്ഥലത്തെ വാഴകൃഷിയും കാറ്റിൽ നിലംപൊത്തി. കള്ളിമാലി സ്വദേശി അനീഷിന്റെ നാനൂറിലധികം ഏലച്ചെടികളാണു കാറ്റിലും മഴയിലും നശിച്ചത്. പത്തനംതിട്ട ജില്ലയിൽ കാലവർഷക്കെടുതി മൂലം ഇതുവരെ 93.79 ലക്ഷം രൂപയുടെ കൃഷിനാശം ഉണ്ടായതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.
അയിരൂർ, റാന്നി, അങ്ങാടി, റാന്നി പെരുനാട്, ഇരവിപേരൂർ, ചിറ്റാർ, മലയാലപ്പുഴ, റാന്നി പഴവങ്ങാടി, കവിയൂർ, കുറ്റൂർ, കോയിപ്രം, പുറമറ്റം, പെരിങ്ങര, അരുവാപ്പുലം, കോട്ടാങ്ങൽ പഞ്ചായത്തുകളിലെ 45.79 ഹെക്ടർ സ്ഥലത്തുള്ള കൃഷിനാശമാണ് തിട്ടപ്പെടുത്തിയിട്ടുള്ളത്. മറ്റ് സ്ഥലങ്ങളിലെ കൃഷിനാശത്തിന്റെ വിവരം ശേഖരിച്ചുവരുന്നതായും അധികൃതർ അറിയിച്ചു.
മലയോര മേഖലയിൽ ബുധനാഴ്ചയൊടെ മഴയുടെ ശക്തി കുറഞ്ഞത് കർഷകർക്ക് നേരിയ ആശ്വാസം പകർന്നിട്ടുണ്ട്. മിക്കയിടങ്ങളിലും വെള്ളം താഴ്ന്നതിനാൽ വെള്ളപ്പൊക്ക ഭീഷണിയും ഒഴിവായി. കാലവർഷം ശക്തിപ്രപിച്ച സാഹചര്യത്തിൽ മഴ കനത്ത നാശം വിതച്ച കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ്, പലക്കാട് എന്നിവിടങ്ങളിലാണ് റെഡ് അലർട്ടും കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Image: pixabay.com