നിപാ പേടിയ്ക്കു പിന്നാലെ കാലവർഷക്കെടുതിയും; നെഞ്ചുരുകി ഹൈറേഞ്ചിലെ വാഴ കർഷകർ
നിപാ പേടിയ്ക്കു പിന്നാലെ കാലവർഷക്കെടുതിയും എത്തിയതോടെ ഹൈറേഞ്ചിലെ വാഴ കർഷകരുടെ നെഞ്ചുരുകയാണ്. ലക്ഷങ്ങൾ മുടക്കിയാണ് ഇവരിൽ പലരും പ്രധാന കൃഷിയായ ഏത്തവാഴ നട്ടിരിക്കുന്നത്. സ്ഥലം പാട്ടത്തിനെടുത്ത നടത്തുന്ന കൃഷി പ്രധാനമായും ഓണ വിപണിയാണ് ലക്ഷ്യമിടുന്നത്.
പാടങ്ങളിൽ കൃഷിയിറക്കിയിരിക്കുന്ന ഈ മേഖലയിലെ കർഷകർ കഴിഞ്ഞ സീസണിൽ വർധിച്ചിരുന്ന കീടബാധയെ ഇത്തവണ ഒരുവിധത്തിൽ വിജയകരമായി പ്രതിരോധിച്ചതായിരുന്നു. അപ്പോഴാണ് ഇടിത്തീയായി നിപാ വൈറസ് പേടിയും തൊട്ടുപിന്നാലെ പേമാരിയുമെത്തിയത്.
ഇതോടെ കൃഷി നശിച്ച കർഷകർ കടക്കെണിയുടെ വക്കിലാണിപ്പോൾ. ഏത്തവാഴ കിലോയ്ക്ക് ഇപ്പോൾ ഇരുപത്തിയെട്ടു മുതൽ മുപ്പതുവരെയാണ് കർഷകർക്ക് ലഭിക്കുന്ന വില. മാസങ്ങൾക്കു മുൻപ് ഒരു കിലോ ഏത്തക്കായക്ക് അമ്പത്തിയഞ്ച് രൂപയ്ക്ക് മുകളിലായിരുന്നു വില.
ഒരു ഏത്തവാഴ കൃഷി ചെയ്യുന്നതിന് ഇരുനൂറ്റിയമ്പതു രൂപയ്ക്കു മുകളിൽ ചെലവു വരുന്നതായി കർഷകർ പറയുന്നു. അതിനാൽ കിലോയ്ക്ക് നാൽപതു രൂപയ്ക്കു മുകളിൽ വില ലഭിച്ചാൽ മാത്രമേ ഏത്തവാഴ കൃഷി ലാഭകരമാകുകയുള്ളു എന്നതാണ് സ്ഥിതി.
നിപാ പേടി പരക്കുന്നതിനു മുമ്പ് കർഷകർക്ക് ഭേദപ്പെട്ട വില ലഭിച്ചിരുന്നു. കാലവർഷം കലി തുള്ളിയതോടെ ഹൈറേഞ്ച് മേഖലയിൽ ലക്ഷക്കണക്കിന് വാഴകൾ നശിച്ചതായാണ് കണക്ക്. ഒടിഞ്ഞ വാഴകളിൽ ഏറെയും മൂപ്പെത്താത്ത കുലകൾ ഉള്ളതാതെന്നത് കർഷകരുടെ സ്ഥിതി കൂടുതൽ ദയനീയമാക്കുന്നു.
Also Read: ഗോൾഡൻ വാലിയിലെ തമിഴ് മണ്ണിൽ ജൈവ മുന്തിരി വിളയിച്ച് ഷാജിയും ദീപയും; ഒരു കിലോയ്ക്ക് വില 150 രൂപവരെ
Image: pixabay.com