വേനൽമഴയിൽ തളർന്ന കുരുമുളകിന് ഇടവപ്പാതിയിലും രക്ഷയില്ല; വിപണിയിലും കഷ്ടകാലം തുടരുന്നു
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|
വേനൽമഴയിൽ തളർന്ന കുരുമുളകിന് ഇടവപ്പാതിയിലും മോചനമില്ല; വിപണിയിലും കഷ്ടകാലം തുടരുന്നു. ഇത്തവണ കാലം തെറ്റി പെയ്ത കനത്ത വേനൽമഴ കുരുമുളകു കൃഷിക്കു കനത്ത തിരിച്ചടിയായിരിക്കുകയാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പ്രതീക്ഷിച്ചതിലും കൂടുതൽ മഴ പെയ്തതോടെ കുരുമുളക് ചെടികൾ തളിർത്തെങ്കിലും തിരിയിടാത്തതാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്.
സാധാരണ വിളവെടുപ്പിനു ശേഷം ഇലപൊഴിച്ച ചെടികൾ പുതുമഴ കിട്ടിയാൽ തളിർത്തു തിരിയിടേണ്ടതാണ്. കാലംതെറ്റി പെയത മഴ മൂലം ചിലയിടങ്ങളിൽ വിളവെടുപ്പിനു മുൻപു ചെടികൾ തളിർത്തതും കൃഷിക്കാർക്ക് തിരിച്ചടിയായി. കഴിഞ്ഞ വർഷം കിലോയ്ക്ക് 500 രൂപ വിലയുണ്ടായിരുന്ന കുരുമുളകിന്റെ ഇപ്പോഴത്തെ വില 350 രൂപ മാത്രമാണ്
അതിനുപുറമേ കര്‍ഷകര്‍ നേരത്തെ പിടിച്ചുവച്ച കുരുമുളകും ഇടനിലക്കാര്‍ കര്‍ഷകരില്‍നിന്നു വാങ്ങിയ കുരുമുളകും ഒരുമിച്ച് വിപണിയിലെത്തിയതും വിലയിടിയാൻ കാരണമായതായി വ്യാപാരികൾ പറയുന്നു. വിയറ്റ്നാമിൽ നിന്ന് എത്തുന്ന കുരുമുളക് ഇന്ത്യൻ വിപണികളിൽ എത്തിയതും വിലയെ ബാധിച്ചു.
കുരുമുളകു വിലയിടിവു തടയാനുള്ള കേന്ദ്ര സർക്കാരിന്റെ തറവില പ്രഖ്യാപനം നടപ്പിലായില്ല. കിലോഗ്രാമിന് 500 രൂപയാണു കേന്ദ്ര സർക്കാർ നിശ്ചയിച്ചിരുന്ന മിനിമം തുക. കുറഞ്ഞ വിലയ്ക്ക് ഇന്തൊനീഷ്യയിൽനിന്നും വിയറ്റ്നാമിൽനിന്നും വൻതോതിൽ കുരുമുളക് ഇറക്കുമതി ചെയ്യുന്നതാണു വില കുറയാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.
രാജ്യാന്തര വിപണിയില്‍ ഇന്ത്യയുടെ നിരക്ക് ഒരു ടണ്‍ കുരുമുളകിന് 5900 ഡോളറാണ്. എന്നാൽ ശ്രീലങ്ക (4500), വിയറ്റ്‌നാം (3000), ഇന്തോനേഷ്യ (3500-3800) എന്നിങ്ങനെയാണ് ഇന്ത്യൻ കുരുമുളകിന്റെ എതിരാളികളുടെ വിലനിലവാരം.
Also Read: ഫ്ലാറ്റിന്റെ ഏഴാം നിലയിൽ മട്ടുപ്പാവ് കൃഷി; ദീപാലി വിളയിച്ചെടുക്കുന്നത് പതിനഞ്ചോളം ഇനം പച്ചക്കറികൾ
Image: pixabay.com
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|