Thursday, April 3, 2025
കാര്‍ഷിക വാര്‍ത്തകള്‍

തോട്ടം മേഖലയ്ക്കായി സമഗ്രപദ്ധതിയുമായി കേരളം; പ്ലാന്റേഷൻ ടാക്സും കാര്‍ഷികാദായ നികുതിയും ഒഴിവാക്കും; തൊഴിലാളി ലയങ്ങൾ ഇനിയില്ല

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.

തോട്ടം മേഖലയ്ക്കായി സമഗ്രപദ്ധതിയുമായി കേരളം; പ്ലാന്റേഷൻ ടാക്സും കാര്‍ഷികാദായ നികുതിയും ഒഴിവാക്കും; തൊഴിലാളി ലയങ്ങൾ ഇനിയില്ല. തോട്ടം മേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കുന്നതിനായി നിയോഗിച്ച ജസ്‌റ്റീസ്‌ കൃഷ്‌ണൻ നായർ കമ്മീഷന്റെ ശുപാർശപ്രകാരമുള്ള കാര്യങ്ങൾ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.

തോട്ടം മേഖലയിൽ പ്ലാന്റേഷൻ ടാക്‌സ്‌ പുർണമായും ഒഴിവാക്കാൻ തീരുമാനിച്ച മന്ത്രിസഭാ യോഗം കേരളത്തിൽ മാത്രമാണ്‌ ഈ ടാക്സ് നിലവിലുള്ളതെന്നും വിലയിരുത്തി. കൂടാതെ തോട്ടം മേഖലയില്‍നിന്നും കാര്‍ഷികാദായ നികുതി ഈടാക്കുന്നത് മരവിപ്പിക്കാനും തീരുമാനിച്ചു. ജീർണാവസ്ഥയിലായ എസ്‌റ്റേറ്റ്‌ തൊഴിലാളിളെുടെ ലയങ്ങൾക്ക് പകരം സർക്കാരിന്റെ ലൈഫ്‌ പദ്ധതിയിൽ ഉൾപ്പെടുത്തി വീട്‌ നിർമ്മിച്ചു നൽകും.

ഇതിന്റെ ചെലവിന്റെ 50 ശതമാനം സർക്കാരും 50 ശതമാനം തോട്ടം ഉടമകളും വഹിക്കണം. തോട്ടം ഉടമകളുടെ വിഹിതം 7 വർഷത്തിനുള്ളിൽ ഗഡുക്കളായി അടച്ചുതീർക്കാം. വീടുകൾ നിർമ്മിക്കാനുള്ള ഭൂമി തോട്ടം ഉടമകൾ സൗജന്യമായി സർക്കാരിന്‌ നൽകണം. നിലവിലുള്ള ലയങ്ങളുടെ കെട്ടിട നികുതിയും ഒഴിവാക്കി. റബർ മരങ്ങൾ മുറിക്കുമ്പോൾ ഈടാക്കിയിരുന്ന സീനിയറേജ്‌ തുകയായ 2500 രൂപയും നിർത്തലാക്കി.

ഉപേക്ഷിക്കപ്പെട്ടതോ, പ്രവര്‍ത്തനരഹിതമായി കിടക്കുന്നതോ ആയ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തുകയോ അല്ലെങ്കില്‍ തൊഴിലാളികളുടെ സഹകരണ സംഘങ്ങള്‍ രൂപീകരിച്ച് സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിപ്പിക്കുകയോ ചെയ്യും. തൊഴിലാളികളുടെ വേതനം പരിഷ്‌ക്കരിക്കുന്നതിനും ഇഎസ്‌ഐ പരിധിയിൽ ഉൾപ്പെടുത്തുന്നതിനും നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

Also Read: വാഴക്കൃഷിയുടെ പ്രധാനശത്രുവായ നിമ വിരകളുടെ ആക്രമണം വ്യാപകമാകുന്നു; നിയന്ത്രണ മാർഗങ്ങൾ

Image: pixabay.com

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.