മുയലിനെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട ഭക്ഷണക്കാര്യങ്ങൾ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുയലുകളെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാം
മുയലിനെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട ഭക്ഷണക്കാര്യങ്ങൾ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുയലുകളെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാം. കൃത്യനിഷ്ഠയോടെ ഭക്ഷണം നൽകുകയെന്നതാണ് മുയൽ വളർത്തലിൽ ശ്രദ്ധിക്കേണ്ട കാര്യം. ഭക്ഷണം താളംതെറ്റുന്നത് മുയലുകളിൽ ദഹനക്കേടിനും വളർച്ച മുരടിക്കാനും കാരണമാകും. എപ്പോഴും എന്തെങ്കിലും തിന്നുകൊണ്ടിരിക്കുന്ന സ്വഭാവക്കാരാണ് മുയലുകൾ.
ചോളം, അരി, ഗോതമ്പ്, അരിത്തവിട്, ഗോതമ്പുതവിട്, ഉണക്കമരച്ചീനി, പുല്ല്, പ്രോട്ടീൻ ലഭ്യതയ്ക്കായി പയർവർഗങ്ങൾ, കപ്പലണ്ടി പിണ്ണാക്ക്, തേങ്ങാപ്പിണ്ണാക്ക്, പരിപ്പുകൾ, കടല, ജന്തുജന്യ പ്രോട്ടീനായ പാൽപ്പൊടി, ഇറച്ചി, എല്ലുപൊടി, മീൻപൊടി എന്നിവയാണ് മുയലുകൾക്ക് നൽകാവുന്ന തീറ്റയിൽ പ്രധാനം. സ്വാദ് കൂട്ടാനും കുഴുമ്പു രൂപത്തിലാക്കാനും മൊളാസസ് ചേർക്കാം.
ഇവ കൂടാതെ ധാതുലവണങ്ങളും വൈറ്റമിനുകളും കൂടി ചേർക്കാൻ ശ്രദ്ധിക്കണം. ചോറ്, പച്ചക്കറി അവശിഷ്ടങ്ങൾ, റൊട്ടിക്കഷണങ്ങൾ, വിവിധതരം ഇലകൾ എന്നിവയും നൽകുക പതിവുണ്ട്. ആഹാരം തരികളായോ പെല്ലറ്റ് രൂപത്തിലോ നൽകാം. പൂർണ വളർച്ചയെത്തിയ ഒരു മുയൽ ദിവസേന ശരാശരി 125 ഗ്രാം ഖരാഹാരം തിന്നാറുണ്ട്. ഇതുകൂടാതെ 150 മുതൽ 200 ഗ്രാം വരെ പച്ചിലയും 40 മുതൽ 60 ഗ്രാം വരെ കാരറ്റും 20 ഗ്രാം കുതിർത്ത കടലയും ഒരു മുയൽ ഭക്ഷണമാക്കുന്നു.
തീറ്റയുടെ അളവിലുണ്ടാക്കുന്ന വർധന പ്രത്യുൽപാദനം, പാലുൽപാദനം എന്നിവയും വർധിപ്പിക്കുന്നു. പ്രസവിച്ച് 3–5 ദിവസമായ തള്ളമുയലുകൾക്കു നൽകുന്ന തീറ്റയിലും വർധന വരുത്തണം. പ്രസവശേഷം ആറ് ആഴ്ച മുതൽ 12 ആഴ്ച വരെ ആഴ്ചതോറും 10 ഗ്രാം വീതം ഖരാഹാരത്തിൽ വർധന വരുത്തിയാൽ മാത്രമേ കുഞ്ഞുങ്ങൾക്കും ആവശ്യമുള്ള തീറ്റ ലഭിക്കൂ. മുയലുകളുടെ പ്രായം, ശരീരസ്ഥിതി, കാലാവസ്ഥ, ഭക്ഷണത്തിന്റെ ഘടന എന്നിവയനുസരിച്ച് കുടിവെള്ളത്തിന്റെ അളവ് കൂട്ടുകയും കുറയ്ക്കുകയും വേണം. കുടിവെള്ളം വൃത്തിയുള്ള മൺചട്ടികളില്‍ നല്‍കുന്നതാണ് നല്ലത്. വെള്ളം ഇടയ്ക്കിടെ മാറ്റാൻ പ്രത്യേകം ശ്രദ്ധിക്കണം.
Image: pixabay.com