നാടെങ്ങും ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി; സൗജന്യ വിത്തുകളും തൈകളും എങ്ങനെ ലഭിക്കും? നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

നാടെങ്ങും ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി; വിത്തുകൾ എവിടെ നിന്ന് ലഭിക്കും? നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? മഴക്കാല പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാനാണ് “ഓണത്തിന് ഒരു മുറം പച്ചക്കറി” കാര്‍ഷിക കര്‍ഷകക്ഷേമ വകുപ്പ് അവതരിപ്പിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും കൃഷി ചെയ്യാനുളള പച്ചക്കറി വിത്ത് പച്ചക്കറിവികസന പദ്ധതി പ്രകാരം വിതരണം ചെയ്യുന്നു. വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വെണ്ട,പയര്‍,പച്ചമുളക്,പാവല്‍,വഴുതിന,ചീര തുടങ്ങിയ ആറിനം പച്ചക്കറി വിത്തുകളാണ് പാക്കറ്റിലാക്കി കൃഷിഭവനിലൂടെ കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കുന്നത്.

അത്യുത്പാദനശേഷിയുളള പച്ചക്കറി തൈകളും കൃഷിഭവനിലൂടെ സൗജന്യമായി വിതരണം ചെയ്യും. ഗ്രോബാഗ് കൃഷിയില്‍ താല്‍പര്യമുളള കര്‍ഷകര്‍ക്കായി പോട്ടിംഗ് മിശ്രിതം നിറച്ച 25 ഗ്രോബാഗും തൈകളും അടങ്ങിയ യൂണിറ്റ് 75 ശതമാനം സബ്‌സിഡി നിരക്കില്‍ കര്‍ഷകരില്‍ നിന്നും 500 രൂപ മാത്രം സ്വീകരിച്ചുകൊണ്ടാണ് വിതരണം ചെയ്യുന്നത്.
പച്ചക്കറികൃഷിക്കുളള ആനുകൂല്യത്തിനും സൗജന്യ വിത്തുകൾക്കുമായി തൊട്ടടുത്ത കൃഷിഭവനെ സമീപിക്കുക.

നടീല്‍ സമയവും തൈകൾ തമ്മിലുള്ള നടീല്‍ അകലവുമായി വിത്തുകൾ ലഭിച്ചാൽ ശ്രദ്ധിക്കേണ്ട അടുത്ത കാര്യങ്ങൾ. രണ്ട് വരികള്‍ തമ്മില്‍ രണ്ടടിയും ചെടികള്‍ തമ്മില്‍ ഒന്നരയടിയും അകലം വഴുതന പോലുള്ള ചെടികള്‍ക്ക് ആവശ്യമാണ്. രണ്ട് തടങ്ങള്‍ തമ്മില്‍ 2 മീറ്റര്‍ ഇടയകലമാണ് വെള്ളരി പോലുള്ള ചെടികൾക്ക് വേണ്ടത്.
മണ്ണിലെ പുളിരസം കളയാൻ മണ്ണൊരുക്കുമ്പോള്‍ തന്നെ സെന്റൊന്നിന് രണ്ടര കിലോഗ്രാം കുമ്മായം ചേർത്ത് മണ്ണ് നന്നായി ഇളക്കിയിടണം.

ഉണങ്ങിപൊടിഞ്ഞ കോഴി കാഷ്ഠമോ കമ്പോസ്റ്റോ ജൈവവളമായി ഉപയോഗിക്കാം. ശീമക്കൊന്നയില രണ്ടാഴ്ചയിൽ ഒരിക്കല്‍ ചേര്‍ത്തുകൊടുക്കണം. ട്രൈക്കോഡര്‍മ സമ്പുഷ്ടീകരിച്ച ജൈവവളം ആഴ്ചയിലൊരിക്കല്‍ രണ്ട് പിടിയെങ്കിലും ചെടിയൊന്നിന് നൽകാം. ഒരു കിലോ പച്ചചാണകം 10 ലിറ്റര്‍ വെളളത്തില്‍ കലക്കി ആഴ്ചയിലൊരിക്കല്‍ ഒഴിച്ചുകൊടുക്കുന്നതും നല്ലതാണ്. കമ്മ്യൂണിസ്റ്റ് പച്ചയോ വേപ്പിലയോ ഉപയോഗിച്ച് പുതയിടുന്നതും ഗോമൂത്രം 8 ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് തളിക്കുന്നതും കീടനാശിനിയുടെ ഫലം ചെയ്യും.

കൂടുതൽ തയ്യാറെടുപ്പുകളോടെ വലിയ തോതിലാണ് കൃഷിയെങ്കിൽ മണ്ണ് പരിശോധന നടത്തുന്നതും നന്നായിരിക്കും. ഈ പരിശോധനയുടെ അടിസ്ഥാനത്തില്‍ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ്, മഗ്നീഷ്യം, സിങ്ക്, ബോറോൺ എന്നിവ ആവശ്യാനുസരണം നൽകാം. രാസവളം ചേര്‍ക്കുന്നെങ്കില്‍ സെന്റൊന്നിന് 200 ഗ്രാം വീതം യൂറിയയും പൊട്ടാഷും 400 ഗ്രാം ഫാക്ടംഫോസും അടിവളമായി നല്‍കണം.

വിത്തുകൾ നട്ട് ഒരുമാസം കഴിഞ്ഞ് 200 ഗ്രാം വീതം പ്രാഥമിക വളങ്ങളും, മഗ്നീഷ്യം സള്‍ഫേറ്റും നല്‍കണം. രണ്ടാം മാസത്തില്‍ 200 ഗ്രാം വീതം യൂറിയയും പൊട്ടാഷും മഗ്നീഷ്യം സള്‍ഫേറ്റും കൊടുക്കുകയും വേണം. നട്ട് ഒന്നാം മാസത്തിലും രണ്ടാം മാസത്തിലും 5ഗ്രാം സിങ്ക് സള്‍ഫേറ്റ് ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി ഇലകളില്‍ തളിക്കണം. ബോറോണിന്റെ അഭാവം ഒഴിവാക്കുന്നതിനായി 2 ഗ്രാം ബോറിക്ക് പൗഡര്‍ ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി രണ്ടാഴ്ചയിൽ ഒരിക്കല്‍ തളിച്ചു കൊടുക്കാനും ശ്രദ്ധിക്കേണ്ടതാണ്.

Also Read: പശുപരിപാലനത്തിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കുന്ന പ്രിസിഷൻ കൃഷി രീതി; ചെലവ് കുറച്ച് പാലുൽപ്പാദനം വർധിപ്പിക്കാം

Image: pixabay.com